മാനന്തവാടി- മലയാള സിനിമയിലെ നായികമാരുടെ നിരയിലേക്ക് ഉയരുകയാണ് മാനന്തവാടി സ്വദേശിനി ശിവകാമി അനന്തനാരായണൻ. പ്രദർശനം തുടരുന്ന 'അങ്ങനെ ഞാനും പ്രേമിച്ചു' എന്ന സിനിമയിലെ നായിക വേഷം ഭംഗിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ഈ യുവതാരം.
ജീവ, ജീവൻ, സൂര്യ, വിഷ്ണു എന്നീ പുതുമുഖങ്ങളെ നായകരാക്കി നവാഗത സംവിധായകനായ രാജീവ് വർഗീസ് ഒരുക്കിയ സിനിമ ആസ്വാദക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയവും സൗഹൃദവുമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. സിനിമയെ കുറിച്ച് നല്ല അഭിപ്രായം ഉയർന്നതിന്റെ ആഹഌദത്തിലാണ് ശിവകാമി.
സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിലെ മികച്ച പ്രകടനമാണ് ശിവകാമിക്കു സിനിമയിൽ അവസരമൊരുക്കിയത്. വിഷ്ണു ഗോവിന്ദൻ സംവിധാനം ചെയ്ത 'ഹിസ്റ്ററി ഓഫ് ജോയി' എന്ന ചിത്രത്തിലൂടെയാണ് ശിവകാമി സിനിമാ രംഗത്ത് സജീവമാകുന്നത്. നിത്യഹരിത നായകൻ എന്ന സിനിമയാണ് റിലീസ് ചെയ്യാനുളളത്. ധർമജൻ ബോൾഗാട്ടി നിർമാണവും വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിലെ നായിക വേഷത്തെ ഏറെ പ്രതീക്ഷയോടെയാണ് ശിവകാമി കാണുന്നത്.
ഡോക്യുമെന്ററി സംവിധായകനും മാനന്തവാടിയിൽ കോടതി ജീവനക്കാരനുമായ വിനോദിന്റെയും അധ്യാപിക ഷീബയുടെയും മകളാണ് ശിവകാമി. പ്ലസ് ടു പൂർത്തിയാക്കിയ യുവതാരം കൊച്ചിയിൽ ഡിഗ്രി കോഴ്‌സിനു ചേരാനുള്ള ഒരുക്കത്തിലാണ്.
പിതാവിന്റെ സിനിമാക്കമ്പമാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് ശിവകാമി പറയുന്നു. വിനോദ് നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്റ്‌റികളും ഒരുക്കിയ വിനോദ് ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. അമ്മ ഷീബ ജോലി രാജിവെച്ചാണ് ചലച്ചിത്രരംഗത്ത് മകൾക്ക് താങ്ങും തണലുമായി നിൽക്കുന്നത്.