Sorry, you need to enable JavaScript to visit this website.

തന്നെ തട്ടിക്കൊണ്ടുപോയത് പെണ്‍സുഹൃത്ത്, മൊഴിമാറ്റിയത് ഭയം കൊണ്ടെന്ന് പ്രവാസി യുവാവ്

തിരുവനന്തപുരം:  ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവര്‍ന്ന കേസില്‍ യുവാവ് വീണ്ടും മൊഴി മാറ്റി. തന്റെ പെണ്‍സുഹൃത്തിന് ഈ സംഭവത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞിരുന്ന അക്രമത്തിന് ഇരയായ മുഹൈദിന്‍ അബ്ദുള്‍ ഖാദര്‍ ഇപ്പോള്‍ പറയുന്നത് പെണ്‍സുഹൃത്താണ് കേസിലെ മുഖ്യ പ്രതിയെന്നാണ്. ഒരു ടെലിവിഷന്‍ ചാനലിനോടാണ് ഇയാളുടെ പ്രതികരണം.
പെണ്‍ സുഹൃത്തായ ഇന്‍ഷ നിരപരാധിയാണെന്നും ഡ്രൈവര്‍ രതീഷ് ആണ് പ്രധാന പ്രതിയെന്നുമാണ് മുഹൈദിന്‍ അബ്ദുള്‍ ഖാദര്‍ നേരത്തെ പറഞ്ഞിരുന്നത്.  എന്നാല്‍ അങ്ങനെ പറഞ്ഞത് ഭയം കൊണ്ടാണെന്നാണ് ഇപ്പോള്‍ പറയുന്നത്. തന്നെ കെട്ടിയിട്ട് ഉപദ്രവിച്ച രണ്ട് ദിവസവും ഇന്‍ഷ റിസോര്‍ട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇന്‍ഷ തന്റെ കാമുകിയല്ലെന്നും സുഹൃത്ത് മാത്രമെന്നും മുഹൈദിന്‍ വ്യക്തമാക്കി.

മുഹൈദിന്റെ പരാതിയില്‍ കാമുകി ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് കാമുകിയ്ക്ക് കേസില്‍ പങ്കില്ലെന്ന് ഇയാള്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണ് ഇപ്പോള്‍ മാറ്റിയത്.  തക്കല സ്വദേശിയാണ് കവര്‍ച്ചയ്ക്കിരയായ മുഹൈദിന്‍ അബ്ദുള്‍ ഖാദര്‍. സംഭവത്തില്‍ കാമുകി ഇന്‍ഷയും സഹോദരനും ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 22ന് വിമാനത്താവളത്തിലെത്തിയ മുഹൈദിനെ ചിറയിന്‍കീഴിലെ റിസോര്‍ട്ടിലേക്ക് കാറില്‍ തട്ടിക്കൊണ്ടുപോയി റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ടായിരുന്നു കവര്‍ച്ച. യുവാവിന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോണ്‍, സ്വര്‍ണം എന്നിവയാണ് തട്ടിയെടുത്തത്. രണ്ടു ദിവസത്തിനു ശേഷം പ്രതികള്‍ ചേര്‍ന്ന് മുഹൈദിനെ വിമാനത്താവളത്തിനു മുന്നില്‍ ഉപേക്ഷിച്ചു. പിന്നാലെ ഇയാള്‍ വലിയതുറ പോലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്‍മാറിയ മുഹൈദിനോട് വിട്ടുപോകണമെങ്കില്‍ ഒരു കോടി നല്‍കണമെന്ന് ഇന്‍ഷയും സഹോദരനും ആവശ്യപ്പെടുകയായിരുന്നു. ഇതു നല്‍കില്ലെന്ന് മുഹൈദിന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പരാതി. 15,70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്. ഒപ്പം മുദ്ര പത്രങ്ങളും നിര്‍ബന്ധിച്ച് ഒപ്പിട്ടു വാങ്ങിയതായി പരാതിയിലുണ്ട്. ശംഖുമുഖം അസി. കമ്മിഷണറുടെ നേത്യത്വത്തിലുള്ള പോലീസാണ് കേസ് അന്വേഷിക്കുന്നത്.

 

Latest News