- ആദൃശ്ശേരി ഉസ്താദിനെ മാറ്റരുതെന്ന് സി.ഐ.സി വിദ്യാർത്ഥികൾ
(പാണക്കാട്) മലപ്പുറം - സി.ഐ.സി പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടതില്ലെന്നും സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സി.ഐ.സി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പാണക്കാട് സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.
ഇപ്പോൾ നടക്കുന്ന പരീക്ഷയും ഫൈനൽ പരിക്ഷയുമെല്ലാം കൃത്യസമയത്ത് നടക്കും. ഒരു ആശങ്കയിലും കാര്യമില്ല. എല്ലാം അതിന്റെ സ്റ്റാറ്റസ് അനുസരിച്ച് നടക്കുമെന്നും വാഫി, വഫിയ്യ ഫൈനൽ പരീക്ഷ് റമദാനിന് മുമ്പ് തന്നെ നടക്കുമെന്നും തങ്ങൾ പറഞ്ഞു. ഒരു വിഷമവും കൂടാതെ കാര്യങ്ങൾ നടക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ അക്കാദമിക് കാര്യങ്ങളിലോ അഡ്മിനിസ്‌ട്രേഷൻ കാര്യങ്ങളിലോ വീഴ്ചയില്ല. വിദ്യാർത്ഥികൾ പഠിച്ചാൽ മതി. അതിനുള്ള സൗകര്യം സ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയെ മാറ്റനിർത്തരുതെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്ന് പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങളെ കണ്ട് തങ്ങളുടെ ആശങ്കകൾ അറിയിച്ചിരുന്നു. സ്വാഭാവികമായും വിദ്യാർത്ഥികൾക്കുണ്ടാവുന്ന ആശങ്ക അവർ അറിയിച്ചെന്നും എല്ലാം പരിഹരിക്കുമെന്നും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ക്യാമ്പസിൽ തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞുവെന്നും എല്ലാറ്റിന്റെയും പരിഹാര പാഠശാലയായ പാണക്കാട് തറവാട്ടിൽനിന്ന് പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥികളും പ്രതികരിച്ചു. സി.ഐ.സിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.