റിയാദ് - ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളുടെ ഫൈനൽ റൗണ്ടിലേക്ക് 50 പേർ യോഗ്യത നേടി. നാലു ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ ഫൈനലിലെത്തിയിട്ടുണ്ട്. ജനുവരി നാലിനാണ് ആദ്യ റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായത്. ആദ്യ റൗണ്ടിൽ ഖുർആൻ പാരായണത്തിന്റെയും ബാങ്ക് വിളിയുടെയും വോയ്‌സ് ക്ലിപ്പിംഗുകൾ ഓൺലൈൻ വഴി സമർപ്പിക്കുകയാണ് വേണ്ടിയിരുന്നത്. ആദ്യ റൗണ്ടിലെ വിജയികൾ രണ്ടാം റൗണ്ടിൽ പുതിയ ക്ലിപ്പിംഗുകൾ സമർപ്പിച്ചു. മൂന്നു ഓൺലൈൻ റൗണ്ടുകൾ പൂർത്തിയാക്കിയാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയവരെ തെരഞ്ഞെടുത്തത്.
രണ്ടു മാസം മുമ്പാണ് മത്സരങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇത്തവണ 165 രാജ്യങ്ങളിൽനിന്നുള്ള 50,000 ലേറെ പേർ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു.
ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് 'ഉത്‌റുൽകലാം' എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തിൽപെട്ട ഏറ്റവും വലിയ മത്സരവുമാണിത്.
നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുന്നത്. അടുത്ത റമദാനിൽ റിയാദിലാണ് ഫൈനൽ നടക്കുക. ഫൈനൽ മത്സരം എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേഷണം ചെയ്യും.
കഴിഞ്ഞ വർഷം നടത്തിയ ആദ്യ അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളിൽ പങ്കെടുക്കാൻ 80 രാജ്യങ്ങളിൽനിന്നുള്ള 40,000 ലേറെ പേർ രജിസ്റ്റർ ചെയ്തതിൽ 36 പേരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ (32 ലക്ഷം ഡോളർ) സമ്മാനമായി വിതരണം ചെയ്യും. ഖുർആൻ പാരായണ മത്സരത്തിൽ അമ്പതു ലക്ഷം റിയാൽ, ഇരുപതു ലക്ഷം റിയാൽ, പത്തു ലക്ഷം റിയാൽ, അഞ്ചു ലക്ഷം റിയാൽ എന്നിങ്ങനെയും ബാങ്ക് വിളി മത്സരത്തിൽ ഇരുപതു ലക്ഷം റിയാൽ, പത്തു ലക്ഷം റിയാൽ, അഞ്ചു ലക്ഷം റിയാൽ, രണ്ടര ലക്ഷം റിയാൽ എന്നിങ്ങനെയും ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് കാഷ് പ്രൈസുകൾ ലഭിക്കും. ലോകത്ത് ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന മത്സരങ്ങളാണ് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്നത്.