Sorry, you need to enable JavaScript to visit this website.

കുടകൾക്ക് പറയാനും കഥകൾ

മരുഭൂമിയിലെ ചൂടിൽ ഉരുകുന്ന പ്രവാസികളേ, ഇതാ ഇവിടെ നാട്ടിൽ മഴക്കാലമായി... മഴയോടൊപ്പം നിങ്ങളുടെയൊക്കെ സ്വപ്‌നങ്ങളിലേക്കും ഓർമകളിലേക്കും ഗൃഹാതുരത്വം ചൂടി വരുന്ന കുടകളുടെ സുവർണ കാലവുമിതാ, എത്തിക്കഴിഞ്ഞു. കുടയുടെ കഥ പറയുമ്പോൾ ഓരോ പ്രവാസിക്കും എന്തെങ്കിലുമൊക്കെയൊരു ബാല്യകാല സ്മരണ മനസ്സിൽ കുടപോലെ നിവർന്നു വരുന്നുണ്ടാകുമെന്നുറപ്പ്. 


പല രൂപത്തിലും വലുപ്പത്തിലും വർണങ്ങളിലുമുള്ള കുടകളുടെ ബഹളമാണിനി. അവ നാടും നഗരവും കീഴടക്കി ജൈത്രയാത്ര നടത്തുന്ന സീസൺ ആരംഭിക്കുകയായി.
ചുട്ടുപൊള്ളുന്ന വേനലിൽ ഇത്തിരി തണൽ നൽകി നമുക്ക് സാന്ത്വനം നൽകുന്ന കുട, മഴക്കാലത്ത് നമ്മേ നനയാതെ കാത്തു സംരക്ഷിച്ചു പോരുകയും ചെയ്യുന്നു. അങ്ങനെ ഇരട്ട ഉത്തരവാദിത്തമാണ് കുടകൾ സദാ നിർവഹിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കുടയെ ആശ്രയിക്കാത്തവർ നമുക്കിടയിൽ ഉണ്ടാകുമോ? സംശയമാണ്. കാണുമ്പോൾ പരമ സാധുവിനെ പോലെയിരിക്കുന്ന ഈ ചങ്ങാതിക്ക് പറയാൻ എന്തെന്ത് കഥകളുണ്ടെന്ന് ചി ന്തിച്ചിട്ടുണ്ടോ? 
കുട്ടിക്കാലത്ത് മിക്കവരുടെയും വലിയ ആഗ്രഹങ്ങളിലൊന്ന് ഒരു കുട സ്വന്തമാക്കുക എന്നതല്ലേ? സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പുസ്തകവും ബാ ഗും പൗച്ചും കളർ ബോക്‌സും വാട്ടർ ബോട്ടിലും ചോറ്റു പാത്രവും യൂണിഫോമിന്റെ തുണിയും വാങ്ങുമ്പോൾ തന്നെ മക്കൾ കയറു പൊട്ടിച്ച് വിളിച്ചു കൂവും-അച്ഛാ...ഒരു നല്ല കുട കൂടി മേടിക്കണേ...
നിറമുള്ള സ്വപ്‌നങ്ങളുടെ ലോകത്ത് കഴിയുന്നത് കൊണ്ടാവും കുട്ടികൾക്ക് പ്രിയം വർണക്കുടകളോടാണ്. സ്വന്തം പേരെഴുതിയ പുത്തൻ വർണക്കുട പത്ത് കൂട്ടുകാർക്കു മുമ്പിൽ ഞെക്കിത്തുറന്ന് ഞെളിഞ്ഞു നടക്കുമ്പോ ൾ എന്തെന്തു നിർവൃതിയായിരിക്കും ആ കുഞ്ഞുമനസ്സുകളിൽ?


കുട നമ്മുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന ചില സന്ദർഭങ്ങൾ ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകും. ഇതാ ഒരു ഉദാഹരണം. നിങ്ങൾ എവിടെയെങ്കിലും പോയി മടങ്ങി കവലയിൽ ബസിറങ്ങുമ്പോൾ അവിടെ മഴ തകർ ത്ത് പെയ്യുകയാണ്. കുടയില്ലാതെ ഒരു പാടു പേർ പീടികവരാന്തയിലും ബസ് ഷെൽട്ടറിലും അവിടെയുമിവിടെയും നിൽക്കുന്നുണ്ടാകും. ആ സമയത്ത് നിങ്ങളുടെ കൈയിൽ ഒരു കുടയുണ്ട്. നിങ്ങളെന്തു ചെയ്യും? കുട അസ്സലായി അങ്ങ് തുറക്കും. പിന്നെ തല ഉയർത്തിപ്പിടിച്ച്, അഭിമാനത്തോടെ (അതോ അഹങ്കാരത്തോടെയോ?) ഒരു നടത്തം അങ്ങു വെച്ചു കൊടുക്കും. അല്ല, പിന്നെ! തീർച്ചയായും മറ്റുള്ളവരപ്പോൾ നമ്മളെ അസൂയയോടെ നോക്കും. കുറഞ്ഞ ത് ആ നേരത്തേക്കെങ്കിലും കുട നമുക്ക് അഭിമാനത്തിന്റെ പ്രതീകമായി മാറുകയാണ്.
ഇങ്ങനെ അഭിമാനിക്കാൻ സന്ദർഭം തരുന്ന കുട ചിലപ്പൊഴെങ്കിലും നമ്മെ അപമാനപ്പെടുത്തുകയും ചെയ്യാറുണ്ട്. അതൊരു വല്ലാത്തത നാണം കെടുത്തലാണ്. മേൽപ്പറഞ്ഞ അതേ കവലയിലൂടെ നിങ്ങൾ കുടയും തുറന്ന് തലയുയർത്തിപ്പിടിച്ച്, കുടയില്ലാത്തവരെ അസൂയപ്പെടുത്തി, അങ്ങനെ നടന്നു പോവുകയാണ്. ആ സമയത്താണ് കാറ്റു വീശാൻ തുടങ്ങുന്നത്. കുട  കാറ്റിൽ പാറിപ്പോകുമോ എന്നുവരെ നിങ്ങൾ ഭയക്കും വിധം അതി ശക്തമാ യ കാറ്റായി അത് രൂപാന്തരപ്പെടുന്നു. പെട്ടെന്നാണ് നിങ്ങളുടെ കുട കാറ്റിൽ മലർന്നു പോകുന്നത്. എത്ര ശ്രമിച്ചാലും അത് നേരയാവുകയുമില്ല. കവലയി ൽ പല ഭാഗത്തു നിന്നും അപ്പോൾ നിങ്ങൾക്കു നേരെ പരിഹാസത്തിന്റെ കൂ ക്കു വിളികൾ ഉയരും. അതു കേട്ട് നാണിച്ചും പരിഭ്രമിച്ചും നിങ്ങളപ്പോൾ വിയർത്തു കുളിക്കും. എന്നാൽ മഴയിൽ നനഞ്ഞതു കൊണ്ട് അതാരും കാണി ല്ല എന്നു മാത്രം.
കുട നമുക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നുണ്ട് എന്നാലോചിച്ചി ട്ടുണ്ടോ? ഇതാ ചില ഉദാഹരണങ്ങൾ അറിഞ്ഞോളൂ. കടം മേടിച്ചയാളെ അ വിചാരിതമായി വഴിയിലെങ്ങാനും കണ്ടാൽ കുട തുറന്ന് മുഖം അതിലൊളിപ്പിച്ച് രക്ഷപ്പെടാം. നഗരത്തിലൂടെ നടക്കുമ്പോൾ കൂടെയുള്ള മക്കളോ കൊ ച്ചുമക്കളോ സിനിമാ പോസ്റ്ററിലെ അശ്ലീല ചിത്രങ്ങൾ കാണാതിരിക്കാൻ കുട തുറന്നു പിടിക്കാം. രാഷ്ട്രീയക്കാർ മതിലിൽ എഴുതിവെക്കുന്ന കാലണയ്ക്ക് വിലയില്ലാത്ത പ്രഖ്യാപനഘോഷങ്ങൾ കാണാതിരിക്കാനും തുറന്ന കുട സ ഹായകമാണ്. കുരച്ചു ചാടി നമ്മുടെ നേർക്കു പാഞ്ഞു വരുന്ന പട്ടിയെ മട ക്കിപ്പിടിച്ച കുടകൊണ്ട് വീശി പേടിപ്പിച്ചു നിർത്താം. വെള്ളക്കെട്ടിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ തെറിപ്പിക്കുന്ന ചെളിവെള്ളം ദേഹത്ത് കൊള്ളാതിരിക്കാനും കുട തന്നെ ശരണം. പിന്നെ, വയസുകാലത്ത് നടക്കുമ്പോൾ ഊ ന്നുവടിയായും കുടയെ ഉപയോഗിക്കാം.


ഇങ്ങനെ പലതരത്തിലും ഉപകാരിയായ കുടയോട് നമുക്കുള്ള മനോഭാ വം എന്താണ്? പുച്ഛം, പരമ പുച്ഛം! സംശയമുണ്ടോ? എങ്കിൽ ഒന്നാലോചിച്ചു നോക്കൂ...കുടയെടുക്കാൻ പലപ്പോഴും നമുക്ക് മടിയല്ലേ? നാണക്കേടല്ലേ? നി സ്സാര വെയിറ്റുള്ള ഇവനെ തൂക്കി നടന്ന് നമ്മുടെ വെയിറ്റ് കളയണോ എ ന്നൊരു ചിന്തയില്ലേ നമ്മളിൽ പലർക്കും? ചെറുപ്പക്കാരാണെങ്കിൽ പിന്നെ പ റയുകയേ വേണ്ട. കുടയെടുക്കുന്ന പ്രശ്‌നമേയില്ല. വേനൽക്കാലത്ത് സൂര്യ താപമേറ്റ് പൊള്ളി ശരീരത്തിലെ തൊലി പൊളിഞ്ഞാലും കുടയെടുക്കില്ല. മ ഴക്കാലത്തോ? യാത്ര പുറപ്പെടുന്നതിന് മുമ്പ് അമ്മയോ ഭാര്യയോ, പലവട്ടം ഓർമിപ്പിക്കുന്നുണ്ടാകും, കുടയെടുക്കാൻ. അത് കേൾക്കാത്തപോലെ മുറ്റത്തിറങ്ങി നിന്ന് ആകാശത്തേക്ക് നോക്കും. എന്നിട്ട് വലിയ കാലാവസ്ഥാ പ്രവചനക്കാരനെ പോലെ പറയും-ഓ, ഇന്നിനി മഴയൊന്നും പെയ്യില്ല. ഇറ ങ്ങി നടന്ന് പാതിവഴിയെത്തുമ്പോൾ തുള്ളിക്കൊരു കുടം മഴ വീഴുകയായി. നനഞ്ഞ് കുതിർന്ന് ഓടി വല്ല കടത്തിണ്ണയിലോ പരിചയക്കാരുടെ വീടിന്റെ ഉമ്മറത്തോ തണുത്ത് വിറച്ച്, ആരോടെന്നില്ലാതെ മനസിൽ കനക്കുന്ന ദേ ഷ്യ വുമായി മഴ തോരുന്നതു വരെ പിന്നെ കാത്തുനിൽക്കും. 
കുടയോടുള്ള നമ്മുടെ പുച്ഛ മനോഭാവത്തിന് ഒരു ഉദാഹരണം കൂടി പ റയാം. ഏറ്റവും അലക്ഷ്യമായി നാമുപയോഗിക്കുന്ന സാധനവും കുടയാണ്. അല്ലെന്നുണ്ടോ? മഴയിൽ നമ്മെ നനയാതെ സൂക്ഷിച്ച്, ലക്ഷ്യസ്ഥാനത്ത് എ ത്തിക്കുന്നു ഈ സാധുവിനെ അവിടെ എത്തിയാൽ ഏറ്റവും അശ്രദ്ധയോടെയല്ലേ നാം വെക്കുക? അതു കൊണ്ടാണ് നമ്മുടെ കുടകൾ പലപ്പോഴും കള വ് പോകുന്നത് എന്നും അനുഭവം കൊണ്ട് പഠിച്ചിട്ടുണ്ടാകുമല്ലോ! എന്നിട്ട് മടങ്ങുമ്പോൾ മഴയില്ലെങ്കിൽ മിക്കവാറും നാമിവനെ അവിടെ മറന്നു വെക്കുകയും ചെയ്യും. ഓർത്തു നോക്കൂ, ജീവിതത്തിൽ നമ്മളിൽ എത്ര പേർ എവിടയൊക്കെ എത്ര കുടകൾ കളഞ്ഞിട്ടുണ്ടാകും എന്ന്! അല്ലെങ്കിൽ ജീവിതത്തി ൽ ഒരിക്കലെങ്കിലും ഒരു കുട കളഞ്ഞു പോകാത്തവർ നമ്മുടെ കൂട്ടത്തിലു ണ്ടോ എന്ന്!
ഇന്ന് നമ്മൾ കാണുന്ന തരത്തിലുള്ള ശീലക്കുടകൾ ആദ്യമുപയോഗിച്ചത് ഇറ്റലിക്കാരായിരുന്നു എന്ന് ചരിത്രം പറയുന്നു. അവിടെ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കും പിന്നെ ഇന്ത്യയിലേക്കും കുട വ്യാപിച്ചു എ ന്നാണ് കരുതുന്നത്. ആധുനിക ശീലക്കുടകളുടെ ആദ്യ നിർമാതാക്കൾ ചൈ നാക്കാരാണെന്ന വാദവും ഉയർന്നു വന്നിട്ടുണ്ട്. അതെന്തായാലും കുട ആ ദ്യം ഉപയോഗിച്ചു തുടങ്ങിയത് വെയിലിൽ നിന്നു രക്ഷപ്പെടാനായിരുന്നു എ ന്നതാണ് സത്യം. പിന്നീട് മഴയിലും അത് രക്ഷകനായി എന്നു മാത്രം.


പരിഷ്‌കാരം പ്രേതബാധപോലെ സർവതിനേയും ആവേശിച്ച പുതിയ കാലത്ത് കുടകൾക്കും അതിൽ നിന്നും മാറി നിൽക്കാൻ കഴിഞ്ഞിട്ടില്ല. വലി യ കുടകളും നീളൻ കുടകളും അപ്രത്യക്ഷമായി തുടങ്ങി. ചെറിയ കുടകളോടാണ് ഇന്ന് ഏവർക്കും പ്രിയം. പറ്റുമെങ്കിൽ പോക്കറ്റിൽ കൊണ്ടു നടക്കുന്ന കുട കിട്ടിയാലും കൊള്ളാം എന്നാണ് ഇന്നുള്ളവർ ആലോചിക്കുന്നത്. ഈ നാനോ യുഗത്തിൽ നാലും അഞ്ചും പ്രാവശ്യം മടക്കി ഒടിച്ചു കൊണ്ടു നടക്കാവുന്ന ഏറ്റവും വലിയ ചെറിയ കുടകൾ വരെയായി. അതും പോരാഞ്ഞ് അതിലും ചെറിയ കുടകൾ ഇപ്പോൾ ചൈനയിൽ പരീക്ഷണത്തിലാണ്. മട ക്കിയാൽ വെറും മൂന്നു സെന്റീ മീറ്റർ നീളം മാത്രമുള്ള കുഞ്ഞൻ കുട. പേര് ക്യാപ്‌സൂൾ കുട!
ഇന്നുള്ളതുപോലുള്ള മൊഞ്ചൻ കുടകൾ പ്രചാരത്തിലില്ലാതിരുന്ന കാ ലത്ത് ആളുകൾ എങ്ങനെയാണ് കഴിഞ്ഞിരുന്നത്? അന്നും മഴയുണ്ടായിരു ന്നു എന്നുറപ്പ്. അവർ മഴ നനഞ്ഞാണോ യാത്ര ചെയ്തത്? അല്ലേയല്ല. പ്ര കൃതി കനിഞ്ഞു നൽകിയ കുടകളായിരുന്നു അന്നവർക്ക് തുണ. കടയിൽ പോകുകയോ തിരയുകയോ വലിയ വിലകൊടുത്ത് വാങ്ങുകയോ ഒന്നും ചെ യ്യണ്ട. നേരെ പറമ്പിലിറങ്ങി അവിടെ സുലഭമായുള്ള വാഴയുടെയോ ചേമ്പി ന്റെയോ ഇല മുറിച്ചെടുത്ത് തലയ്ക്കു മുകളിൽ പിടിച്ചാൽ മതി. പിന്നെ സു ഖം. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാവുന്ന ഡിസ്‌പോസിബിൾ കുടകളായിരുന്നു അവ.


പാളക്കുട എന്നു കേട്ടിട്ടുണ്ടോ? പണ്ടു കാലത്ത് പുരുഷൻമാരാണ് പൊ തുവെ ഈ കുട ഉപയോഗിക്കുക. കവുങ്ങിന്റെ പാള മുറിച്ചെടുത്ത് മുൻവശം തുന്നിക്കെട്ടി തലയിലങ്ങോട്ട് ഫിറ്റു ചെയ്താൽ പിന്നെ കാറ്റല്ല, കൊടുങ്കാറ്റടിച്ചാലും അവൻ തലയിൽ നിന്നിളകില്ല. തൊപ്പിക്കുട എന്നും ഇതിന് പേരുണ്ട്. പാടത്തും പറമ്പത്തും പണിയെടുക്കുന്ന പുരുഷൻമാർ ഉപയോഗിച്ചിരുന്ന   ഈ കുടയ്ക്കുള്ള ഒരു പ്രധാന ന്യൂനത മഴപെയ്താൽ തലയൊഴിച്ചുള്ള മ റ്റെല്ലാ ശരീര ഭാഗങ്ങളും നനയുമെന്നതാണ്. സ്ത്രീകൾ ഈ കുട ഉപയോഗിക്കാത്തതിന്റെ രഹസ്യവും വ്യക്തമായല്ലോ!
മഴക്കാലമായാൽ വടക്കൻ മലബാറിന്റെ വിവിധ ഭാഗങ്ങളിലെ വയലുകളിൽ ചലിക്കുന്ന നീളൻ ഓലക്കുടകൾ കാണാം. പനയോല കൊണ്ട് തീർക്കു ന്ന ഇവയെ വിരിയോലക്കുട എന്നാണ് വിളിക്കുക. നിരനിരയായി കുനിഞ്ഞു നിന്ന് ഞാറു നടുന്ന പെണ്ണുങ്ങളാണ് ഈ കുടകൾക്ക് കീഴെയുണ്ടാവുക. പ ണിയുടെ വിരസതയകറ്റാൻ അവർ നല്ല ഈണത്തിൽ വടക്കൻ പാട്ടുകൾ അ ങ്ങനെ പാടുന്നുണ്ടാവും.
ക്ഷേത്രങ്ങളിലും മറ്റും ദേവീ ദേവൻമാരുടെ എഴുന്നള്ളത്തിന്റെ ഭാഗമാ യി ഉപയോഗിക്കുന്ന കുരുത്തോല കൊണ്ട് അലങ്കരിച്ച വൃത്താകൃതിയിലുള്ള കുടകൾ കണ്ടിട്ടില്ലേ? ശീവേലിക്കുട എന്നാണതിന്റെ പേര്. ആരാധനാലയങ്ങളിൽ ആചാരത്തിനായി കൊണ്ടു നടക്കുന്ന മറ്റൊരിനം കുടകളുണ്ട്-മുത്തുക്കുട, വെൺകൊറ്റക്കുട എന്നൊക്കെയാണ് അവയുടെ പേര്. ആനപ്പുറത്തിരു ന്ന് കുടകൾക്കൊണ്ട് ആകാശത്ത് അനേകം വർണവൈവിധ്യങ്ങൾ തീർക്കുക വഴി ആളുകളെ ആവേശഭരിതരാക്കി ആഹ്ലാദത്തോടെ ആർപ്പുവിളിപ്പിക്കുന്ന കുടമാറ്റം ചടങ്ങ് തൃശൂർ പൂരത്തിലെ പ്രസിദ്ധമായ ഒരിനമാണല്ലൊ! 

 


നീണ്ടുകൂർത്ത മരക്കാലും വളഞ്ഞ പിടിയും പരുപരുത്ത കറുത്ത തു ണിയുമുള്ള വലിയ കുടകൾ പണ്ട് തറവാടുകളിൽ കാരണവൻമാർ ഉപയോഗിച്ചിരുന്നു. അത് തറവാട്ടിൽ അവർക്കുള്ള സർവാധികാരത്തിന്റെ മുഴുത്ത ചിഹ്നമായിരുന്നു. മറ്റാർക്കും അത് എടുക്കാനോ തൊടാനോ പോലുമുള്ള  അവകാശം ഉണ്ടായിരുന്നില്ല. കുടുംബത്തുള്ളവർ കാലനെ പോലെ കാരണവരെ അക്കാലത്ത് ഭയപ്പെട്ടിരുന്നു. അതുകൊണ്ട് അവരെടുക്കുന്ന ആ കുടയ് ക്ക് കാലൻ കുട എന്നൊരു ഓമനപ്പേര് കിട്ടി. പണ്ട് നമ്മുടെ തപാൽ വകുപ്പ് അഞ്ചലോട്ടക്കാർക്ക്(ശിപായി അഥവാ തപാൽക്കാരൻ) സർവീസിലിരിക്കുമ്പോൾ നൽകിയിരുന്നതും ഇതേ കുടകളായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സ് കൂൾ വാധ്യാർമാർ, അവരിൽ തന്നെ മലയാളം പണ്ഡിറ്റുമാർ മിക്കവരും(എ ന്തു കാരണം കൊണ്ടാണോ എന്തോ) ഇത്തരം കുടകളാണ് ഉപയോഗിച്ചിരുന്നത്. ആ കുടയുമായി അവർ നടന്നു വരുമ്പോൾ ചില വികൃതി കുട്ടികളെങ്കിലും ഇങ്ങനെ പിറുപിറുക്കും:-
ഓ...കാലൻ, കുടയുമായി വരുന്നുണ്ട്...
മുൻകാലങ്ങളിൽ കുട ചിലർക്ക് അടിമത്തത്തിന്റെയും അപമാനത്തിന്റെയും പ്രതീകമായിട്ടാണ് അനുഭവപ്പെട്ടത്. അന്ന് ബ്രാഹ്മണ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ പുരുഷദർശനം ഒഴിവാക്കാൻ നിർബന്ധമായും കുടകൾ കരുതണമായിരുന്നു. മറക്കുട എന്നാണ് ഈ കുടകൾക്ക് പറയുക. മറക്കുടക്കുള്ളിലെ മഹാദുഃഖങ്ങൾ മലയാളത്തിൽ എത്രയെത്ര കവികൾക്കും കഥാകാരൻമാർക്കും രചനകൾക്കുള്ള ഇതിവൃത്തമായിരിക്കുന്നു!


അന്നു കാലത്ത് ബ്രാഹ്മണരുടെ ഇടയിൽ അന്തർജനങ്ങളുടെ ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നിയാൽ സ്മാർത്തവിചാരം എന്നൊരു ഏർപ്പാടുണ്ടായിരുന്നു. കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ അവരെ കുടുംബത്തിൽ നി ന്നും പുറത്താക്കി പടിയടച്ച് പിണ്ഡം വെക്കും. ഭ്രഷ്ട് കൽപ്പിക്കുക എന്നാണിതിന് പറയുക. ഒപ്പം അവരുപയോഗിച്ച മറക്കുട തല്ലിപ്പൊട്ടിക്കുകയും ചെ യ്യും. കാലാന്തരത്തിൽ മറക്കുട തല്ലിപ്പൊളിച്ചു എന്നത് ഭ്രഷ്ട് കൽപ്പിക്കുന്ന തിന്റെ പര്യായമായി മാറി.


പ്രാചീന ഭാരതത്തിലെ പല രാജാക്കൻമാരുടെയും അധികാരത്തിന്റെയും അഭിമാനത്തിന്റെയും ചിഹ്നമായിരിക്കാനുള്ള ഭാഗ്യവും കൂടി കുടകൾക്ക് കിട്ടിയിരുന്നു എന്നുമോർക്കുക. ചേര-ചോള-പാണ്ഡ്യ രാജാക്കൻമാരിൽ ചി ലരുടെ കുലചിഹ്നം തന്നെ കുടയായിരുന്നു. രാജാവ് ഉപയോഗിക്കുന്ന രഥ ത്തിന് മുകളിലായിരിക്കും ഈ കുട ഉറപ്പിക്കുക. രാജാവ് യുദ്ധത്തിൽ പങ്കെടുക്കുന്ന സമയത്ത് ഈ കുട സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തി ന്റെ സൈന്യത്തിനാണ്. ശത്രുസൈന്യം അമ്പെയ്‌തോ വെടിവെച്ചോ ഈ കു ട വീഴ്ത്തിയാൽ അല്ലെങ്കിൽ തകർത്താൽ രാജാവ് പരാജയപ്പെട്ടെന്നും രാ ജ്യം കീഴടങ്ങി എന്നുമാണർഥം. ചുരുക്കത്തിൽ രഥത്തിലെ കുടവീണാൽ രാ ജാവ് വീണു എന്ന് ധരിക്കണം. നോക്കണേ...കുടയുടെ ഒരു പ്രാധാന്യം!


കുട ചൂടുക എന്നാണ് നാം പൊതുവെ പറയുക. ആ പ്രയോഗം തെറ്റാണ്. പൂവാണ് ചൂടുന്നത്. അത് തിരിച്ചറിഞ്ഞാണ് കുഞ്ഞുണ്ണി മാഷ് അർഥവത്തായ ഈ വരികൾ കുറിച്ചത്:-
കുട, ചൂടാനുള്ളതല്ല
കുട, കൂടാനുള്ളതാണ്...
കുട പിടിക്കുന്നവൻ എന്ന് നാം ചിലരെ പരിഹസിക്കാറില്ലേ? എന്താണ് അതിനർഥം? കാര്യം കാണാൻ ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവർക്ക് വേണ്ടി സേവ പിടിക്കുന്നവരെ ഉദ്ദേശിച്ചാണിത് പറയുക.
വലിയ വയറുള്ളവരെ കുടവയറൻ എന്ന് കളിയാക്കാറില്ലേ? സംശയിക്കണ്ട, തുറന്ന കുടയോടുള്ള അവരുടെ വയറിന്റെ സാമ്യം തന്നെയാണ് ആ ക ളിയാക്കി വിളിയുടെ പിന്നിലെ രഹസ്യം.
കടം കൊടുത്താലും കുട കൊടുക്കരുത് എന്ന് പഴമക്കാർ പറഞ്ഞു കേൾക്കാറുണ്ട്. കുട മേടിച്ചു കൊണ്ടു പോയ ആൾ പിന്നെ അത് തിരിച്ചു തരില്ല എന്നാണ് അവർ അർഥമാക്കുന്നത്. മഴ ചതിച്ചാലും കുട ചതിക്കില്ല എന്നും അവർ പറയാറുണ്ട്.
പിന്നെ പഴകിപ്പതിഞ്ഞ ഒരു ചൊല്ലു കൂടിയുണ്ട്, കുടയെ കുറിച്ചു തന്നെ-അൽപ്പന് അർഥം കിട്ടിയാൽ അർധരാത്രിയും...…!!

Latest News