ജിദ്ദ - ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശങ്ങളിൽ പരിശീലനം നൽകുന്ന പദ്ധതിക്ക് ഹജ്, ഉംറ മന്ത്രാലയം തുടക്കം കുറിച്ചു. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി ഹജ് ഗ്രൂപ്പ് ലീഡർമാർക്ക് പരിശീലനം നൽകുന്ന പദ്ധതി മലേഷ്യയിലാണ് ആദ്യമായി നടപ്പാക്കിയത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശങ്ങളിൽ പരിശീലനം നൽകുന്നത്.
ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഹാജിമാരുടെ യാത്ര സുഗമമാക്കാനും മതപരവും ആത്മീയവുമായ അനുഭവം സമ്പന്നമാക്കാനും ലക്ഷ്യമിട്ടാണ് ഹജ് ഗ്രൂപ്പ് ലീഡർമാർക്ക് വിദേശങ്ങളിൽ മന്ത്രാലയം പരിശീലനം നൽകുന്നത്. ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ മലേഷ്യൻ സന്ദർശനത്തോടനുബന്ധിച്ചാണ് ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലന പദ്ധതി നടപ്പാക്കിയത്. വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖല പ്രതിനിധികളും ഹജ്, ഉംറ മന്ത്രിയുടെ സംഘത്തിൽ ഉൾപ്പെടുന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഹാജിമാർക്ക് സേവനം നൽകുന്ന കമ്പനിയുമായി (മശാരിഖ്) സഹകരിച്ച് ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ലൈസൻസ്, പേഴ്‌സണൽ ട്രെയിനിംഗ് സെന്ററാണ് മലേഷ്യയിൽ പരിശീലന പദ്ധതി നടപ്പാക്കിയത്. ഈ വർഷത്തെ ഹജ് സീസൺ ആരംഭിക്കുന്നതിനു മുമ്പായി മറ്റേതാനും രാജ്യങ്ങളിലും സമാനമായി പരിശീലന പദ്ധതികൾ നടപ്പാക്കും.
ഹജ് തീർഥാടകരുടെ യാത്രയെയും യാത്ര ഘട്ടങ്ങളെയും കുറിച്ച വിശദാംശങ്ങൾ, ഹജുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളെയും കുറിച്ച സമഗ്ര ബോധവൽക്കരണം, പ്രത്യേക സമയക്രമം നിശ്ചയിച്ച് തീർഥാടകരെ കല്ലേറ്, ത്വവാഫ് കർമങ്ങൾ നിർവഹിക്കാൻ സംഘങ്ങളായി ആനയിക്കൽ, ആൾക്കൂട്ട നിയന്ത്രണം, മറ്റുള്ളവരുമായുള്ള ഇടപഴകലുകൾ, നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച ബോധവൽക്കരണം എന്നിവ ഹജ് ഗ്രൂപ്പ് ലീഡർമാർക്ക് നൽകുന്ന പരിശീലനങ്ങളിൽ ഉൾപ്പെടുന്നു. കുലാലംപൂരിലെ ഹജ് ഹൗസിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ 30 ലേറെ ഹജ് ഗ്രൂപ്പ് ലീഡർമാർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയവർക്ക് ഹജ്, ഉംറ മന്ത്രാലയം സർട്ടിഫിക്കറ്റുകൾ കൈമാറുകയും അംഗീകാരം നൽകുകയും ചെയ്തു.