Sorry, you need to enable JavaScript to visit this website.

ചെങ്ങന്നൂരിലെ കോട്ടിട്ട ജഡ്ജിമാർ 

ദൃശ്യ മാധ്യമങ്ങളും ഇന്റർനെറ്റും ഏറെ പ്രചാരത്തിൽ വരാത്ത കാലത്ത് അച്ചടി മാധ്യമങ്ങൾ കാര്യമായി മത്സരിച്ചു. മൂന്ന് കോടി മലയാളികൾ. ആറും നാലും ലക്ഷം കോപ്പികൾ പ്രചാരവുമായി ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ രണ്ട് പത്രങ്ങൾ നിലയുറപ്പിച്ചപ്പോഴും പിന്നിലുള്ള പത്രങ്ങളും പ്രതീക്ഷയോടെ പ്രവർത്തിച്ചു -മൊത്തം മലയാളികളുടെ എണ്ണമെടുത്താൽ ധാരാളം സാധ്യതകളുണ്ടെന്ന തിരിച്ചറിവോടെ. കാലിക്കറ്റ് സർവകലാശാലയുടെ  പരീക്ഷയിൽ റാങ്ക് ലഭിച്ച ഏതെങ്കിലും വിദ്യാർഥിനി ഗുജറാത്തിലെ ബന്ധു വീട്ടിലാണെന്നിരിക്കട്ടെ. മറ്റാർക്കും ഫോട്ടോ ലഭിക്കാതിരിക്കാൻ ആ വീട്ടിലെ ആൽബത്തിലുള്ള എല്ലാ പടങ്ങളുമായി മുങ്ങിയ വിരുതന്മാരും വിലസി. ആയിടക്കാണ് വടക്കൻ കേരളത്തിലെ പ്രധാന നഗരത്തിലെ ഒരു പോലീസ് ഓഫീസർ കാമുകിയുമൊത്ത് ഗുരുവായൂരിൽ മുറിയെടുത്ത് താമസിച്ച് ഇരുവരും ആത്മഹത്യ ചെയ്തത്. ആസ്ഥാന നഗരത്തിലെ ഇടത്തരം പത്രത്തിലെ  പ്രാദേശിക ലേഖകൻ മരണ വീട്ടിൽ ചെന്ന് മരിച്ച എസ്.ഐയുടെ ഫോട്ടോ സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യയെ നേരിൽ കണ്ട് ഭർത്താവ് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടുവെന്ന് നുണ പറഞ്ഞാണ് ഫോട്ടോ വാങ്ങിയത്. തൃശൂരിൽ ഔദ്യോഗിക ആവശ്യത്തിന് തിരിച്ച ഓഫീസറുടെ പിറന്നാൾ ദിനത്തിൽ ഇത് കേട്ട പാവം ഭാര്യയുടെ സന്തോഷത്തിന് ഒരു രാവിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും നീചമായ മാർഗത്തിലൂടെ ഫോട്ടോ സംഘടിപ്പിച്ച പത്രക്കാരനെ മുതിർന്ന ലേഖകന്മാർ നന്നായി ശകാരിച്ചു. പ്രാദേശികൻ  ചെയ്തത് ശരിയായില്ലെന്ന കാര്യത്തിൽ എല്ലാവരും യോജിച്ചു. കഴിഞ്ഞ വാരത്തിൽ കോട്ടയത്തെ ഒരു പ്രണയ വിവാഹവും ദുരഭിമാനക്കൊലയും ദൃശ്യ മാധ്യമങ്ങളിലും പ്രിന്റിലും നിറഞ്ഞു നിന്നു. കോട്ടയം ഗാന്ധി നഗർ മുതൽ കൊല്ലം തെന്മല വരെ എം.സി റോഡിന്റെ ഹൃദയത്തിലൂടെ അക്രമി സംഘം പറന്നു. കേരളത്തിന്റെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കിയ ദുരഭിമാന കൊലയുടെ വാർത്തയാണ് പിന്നീട് കേട്ടത്. കാൽ നൂറ്റാണ്ട് മുമ്പ് മതം നോക്കാതെ വിവാഹിതായ അമ്മയുടെ മകൾ പ്രേമിച്ച് വിവാഹം കഴിച്ചപ്പോഴാണ് ഇത്രയും ക്രൂരമായ സംഭവങ്ങൾ. വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ഉടൻ ഭർത്താവ് നഷ്ടപ്പെട്ട യുവതിയുടെ മാനസിക നില ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. മൃതദേഹത്തിന് മുമ്പിൽ വെച്ച് കാര്യങ്ങൾ ചോദിച്ചറിയേണ്ടിയിരുന്നില്ല. ഏത് ചാനലിന്റെ റേറ്റിംഗ് കൂട്ടാനാണെങ്കിലും ഇതൊന്നും അഭിലഷണീയമല്ല. യുവതലമുറ മാധ്യമ പ്രവർത്തകരിൽ പ്രാഗത്ഭ്യം തെളിയിച്ചവരിൽ നിന്ന് ഇതൊന്നുമല്ല കേരളം പ്രതീക്ഷിക്കുന്നത്. സെൻസേഷണലായി വാർത്ത ചെയ്യാനുള്ള മനോരമ ചാനലിന്റെ വ്യഗ്രതയാണ് വിനയായത്. മനോരമയുടെ റിപ്പോർട്ടിംഗ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിന് കാരണമായി.
 
***    ***    ***

ചെങ്ങന്നൂർ വോട്ടെടുപ്പ് നാളുകളിൽ ഏറ്റവും ആവേശത്തോടെ പ്രവർത്തിച്ചത് മൂന്ന് ന്യൂസ് ചാനലുകൾ. സന്ധ്യാ സംവാദങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി. മുഖ്യമന്ത്രി ഉടൻ ആഭ്യന്തരം ഒഴിയണമെന്ന വിധി കൽപിച്ചവർ വരെയുണ്ട്. 
ചെങ്ങന്നൂരിലെ ജനം ബൂത്തുകളിലേക്ക് മാർച്ച് ചെയ്തപ്പോൾ കോട്ടയം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തറിയരുതെന്ന് കരുതി കേബിൾ വയറുകൾ മുറിച്ചുവെന്നായി കാമ്പയിൻ. വൈകുന്നേരം ആറു മണിയോടെ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകളിൽ സംഭവത്തിലെ ബന്ധുക്കളുടെ പങ്കിനായി പ്രാധാന്യം. പതിനഞ്ച് വർഷത്തിലേറെയായി മാധ്യമങ്ങളുടെ വേട്ടയാടലുകൾക്ക് വിധേയനായ മുഖ്യമന്ത്രി ഇതൊന്നും കേട്ട് കുലുങ്ങിയില്ല. കേരളത്തിന്റെ നായകൻ പരിഷ്‌കാരി ആകുമെന്ന് കരുതി ഇടതിനെ സപ്പോർട്ട് ചെയ്തവരുടെ രോദനങ്ങളാണ് സംപ്രേഷണങ്ങളിൽ നിറഞ്ഞത്. ചേനലുകളിലിരിക്കുന്ന കോട്ടിട്ട ജഡ്ജിമാരല്ല, എല്ലാം കാണുന്ന ജനങ്ങളാണ് വിധി എഴുതുകയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവർ ഓർക്കണമായിരുന്നു. ജാതിയും മതവും ആണ് കൊലപാതകത്തിന്റെ പ്രധാന കാരണം. ചാനലുകൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല താൻ. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ്  ചാനലുകളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
***    ***    ***

മനോരമ ന്യൂസിലെ ചർച്ചയിൽ ബി.ജെ.പി പ്രതിനിധിയുടെ ഹിന്ദി ക്ലാസിന് ശേഷവും തമാശകൾ അവസാനിക്കുന്നില്ല. രാഷ്ട്രീയ നേതാക്കളും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരും ബുദ്ധിജീവികളും ചേർന്ന് വൈകുന്നേരങ്ങളെ കോമഡി ടൈം ആക്കി മാറ്റുന്ന അവസ്ഥയിലാണ് പല ചാനൽ ചർച്ചകളും നടക്കുന്നത്. പുതിയ ആളുകളെ ചർച്ചയ്ക്ക് ക്ഷണിച്ച് ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കാൻ ചില ചാനലുകൾ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ചിലരെ വിളിക്കുന്ന പതിവ് ചാനലുകൾ തുടരുകയും ചെയ്യുന്നു. ബിജെപി മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഒരു മാതൃകയായിരിക്കുകയാണ്. ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം റിപ്പോർട്ടർ ചാനലിൽ ശോഭ പറഞ്ഞു. ശ്രീ: നികേഷ് താങ്കൾ ഇത് എഴുതി വെച്ചോളൂ... എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും. ട്രോളർമാർക്ക് മരുന്നിട്ട് കൊടുത്തേ തീരൂവെന്ന് വെച്ചാൽ എന്ത് ചെയ്യാനാണ്? മണ്ടത്തരങ്ങൾ കൂടുന്നുവെന്ന് പറഞ്ഞാണ് പത്മകുമാറിനെ ബിജെപി ചാനൽ ചർച്ചകളിൽ നിന്ന് മുമ്പ് വിലക്കിയത്. ചാനൽ ചർച്ചകളിൽ പലപ്പോഴും നിലവാരം കുറഞ്ഞ വാദങ്ങളും പദപ്രയോഗങ്ങളും നടത്തി ട്രോളർമാർക്ക് വിരുന്നൊരുക്കുന്നതാണ് ശോഭയുടെ രീതിയെന്ന് ചർച്ച  ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവർക്ക് അറിയാം. കോൺഗ്രസ് നേതാക്കളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ, ടി സിദ്ദീഖ്, പിസി വിഷ്ണുനാഥ് തുടങ്ങിയവരും ഗൃഹപാഠം ചെയ്യാതെ ചാനൽ ചർച്ചകൾ തമാശ പരിപാടിയാക്കാറുണ്ട്. 
 
***    ***    ***

അടുത്തിടെ ഇന്ത്യക്കാർക്കിടയിൽ പ്രമുഖ മാധ്യമ സ്ഥാപനം സർവേ നടത്തി. ഇതിൽ കണ്ടെത്തിയത് 71 ശതമാനം പേരും നരേന്ദ്ര മോഡി വീണ്ടും പ്രധാന മന്ത്രിയാവുന്നതിനെ അനുകൂലിക്കുന്നുവെന്നാണ്. ഇന്ദിരയെ പോലെ 2019 ൽ ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സർവേകളെല്ലാം മോഡിക്ക് എതിരാളികളില്ലെന്ന് പ്രവചിക്കുന്നു. ഇതോടെ അവരുടെ ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ് ഇതിന് നേരെ വിപരീതമായ കാര്യങ്ങളാണ് ഓരോ ഉപ തെരഞ്ഞെടുപ്പുകളിലും സംഭവിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂർ നഷ്ടപ്പെട്ടതിന് പിറകെ ദുരന്തങ്ങൾ തുടരുകയാണ്. ഏറ്റവും ഒടുവിൽ മോഡിജിയുടെ മൂക്കിന് നേരെ താഴെയുള്ള യു.പിയിലെ കൈരാന സീറ്റും പ്രതിപക്ഷം അടിച്ചു മാറ്റി. ലോക്‌സഭയിൽ ബി.ജെ.പിക്ക് സ്വന്തം നിലയ്ക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥിതിയായി. പ്രതിപക്ഷ ഐക്യം കർണാടക-കൈരാന മോഡലിൽ വരികയാണെങ്കിൽ പ്രതിഛായ മെച്ചപ്പെടുത്താൻ കോടികൾ വാരിയെറിഞ്ഞിട്ടൊന്നും ഫലമില്ലെന്ന് ചുരുക്കം. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടേതിന് സമാനമായ അവസ്ഥ. പ്രതിപക്ഷ ഐക്യത്തെ മറികടക്കുക എന്ന് പറയുന്നത് തൽക്കാലം വെല്ലുവിളിയാണ്. ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധി 1977 ൽ തോറ്റോടിയിരുന്നു. അടിയന്തരാവസ്ഥയുടെ കഠിന കാലങ്ങളിലൂടെ കടന്നുപോയ ഇന്ത്യൻ ജനത ഇന്ദിരയ്ക്ക് നൽകിയ ശിക്ഷ കൂടിയായിരുന്നു ഇത്. അന്ന് ജനതാപാർട്ടി രൂപീകരിക്കപ്പെട്ടതും ഇത്തരമൊരു പ്രതിപക്ഷ ഐക്യത്തോടെയായിരുന്നു. അന്ന് ജനസംഘം ജനതാപാർട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ബിജെപിയാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാന എതിരാളി. ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏകാധിപതിക്ക് തുല്യമായി വളരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിരുന്നത്. ഇന്ദിരയെ അധികാരത്തിൽ നിന്ന് അകറ്റാനായി പല പാർട്ടികൾ ചേർന്ന് ജനതാ പാർട്ടിയെന്ന പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അധികാരത്തിൽ എത്തുകയും ചെയ്തു. ഇന്ദിര പ്രതിപക്ഷത്തിന്റെ ശക്തി കുറച്ച് കണ്ടതും അടിയന്തരാവസ്ഥയുടെ ദുരന്തങ്ങളുമായിരുന്നു അവരെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. മോഡിയെ അധികാരത്തിൽ നിന്ന് അകറ്റാനാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. മോഡി സർക്കാരിന്റെ നാലു വർഷ ഭരണം കൊണ്ട് ബിജെപി വിരുദ്ധ വോട്ടുകളൊക്കെ ഒന്നായിരിക്കുകയാണ്. അടിയന്തരാവസ്ഥയില്ലെങ്കിലും കർഷകരും ന്യൂനപക്ഷങ്ങളും സർക്കാരിന്റെ ജനദ്രോഹനയത്തിൽ ദുരിതത്തിലാണ്. ഇവർ ഇപ്പോഴേ സർക്കാരിനെ കൈയ്യൊഴിഞ്ഞ അവസ്ഥയാണ്. നിത്യേന ഇന്ധന വില കൂടുന്നത് ഇന്ത്യയിലെ ഏതെങ്കിലും സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയവുമല്ലല്ലോ. 
 
***    ***    ***

കോബ്രപോസ്റ്റ് പുറത്ത് വിട്ട ഓപറേഷൻ 136 എന്ന അന്വേഷണാത്മക സ്റ്റിങ് വീഡിയോകളുടെ രണ്ടാം ഭാഗത്തിലൂടെ കണ്ടത് മാധ്യമങ്ങളുടെ പണക്കൊതിയുടെ മുഖമാണ്. കോടിക്കിലുക്കവുമായി വന്നവരോട് അത്യന്തം അപകടകരമായ അവരുടെ സ്ഥാപിത താൽപര്യങ്ങൾ, അവർ പറയുന്ന രീതിയിൽ നേർപ്പിച്ചെഴുതാമെന്ന് മാധ്യമങ്ങൾ തല കുലുക്കി സമ്മതിച്ചു. രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോയിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറെ സ്വാധീനമുള്ള സുവർണ ന്യൂസ് ചാനലിന്റെയും സഹോദര സ്ഥാപനമായ കന്നട പ്രഭ പത്രത്തിന്റെയും മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധി, കേന്ദ സർക്കാരിൽ ഏറെ സ്വാധീനമുള്ള അവരുടെ ഉടമയും ബിജെപിയുടെ രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖറിനെ വിശേഷിപ്പിക്കുന്നത് 'ഹിന്ദുത്വയുടെ ആൾ' എന്ന നിലയ്ക്കാണ്. സുവർണയുടെ പരസ്യ വിഭാഗത്തിലെ സീനിയർ മാനേജർ പ്രദീപ് ഗൗഡ സിഎസ് പറഞ്ഞത് ഏഷ്യാനെറ്റ് ഗ്രൂപ്പ് തലവനായ തങ്ങളുടെ ചെയർമാനും ഹിന്ദുത്വയുടെ ആളാണെന്നും മോഡിയുടെ വലിയ ആരാധകനാണെന്നുമാണ്. കുതിരവട്ടം പപ്പു താമരശ്ശേരി ചുരമിറങ്ങുമ്പോൾ പറഞ്ഞത് പോലെ പടച്ചോനേ ഇങ്ങള് കാത്തോളീൻ എന്ന് പറയുകയല്ലാതെന്ത് ചെയ്യാൻ? 
 
***    ***    ***

ഇക്കുറി നോമ്പുകാലത്ത് ആശ്വാസമായത് ചാനലുകളിൽ ഗൾഫിൽ നിന്ന് തയാറാക്കിയ പ്രത്യേക പരിപാടികൾ കൂടുതൽ കാണാനായില്ലെന്നതാണ്. യു.എ.ഇയിൽ റേഡിയോ പ്രക്ഷേപണ രംഗത്ത് സുപരിചിതനായ മൊയ്തീൻ കോയ നിർമിച്ച കൈരളിയിൽ സംപ്രേഷണം ചെയ്തു വരുന്ന പ്രോഗ്രാം നിലവാരം പുലർത്തുന്നുണ്ട്. കൊല്ലം, കോഴിക്കോട്, ഭട്കൽ എന്നീ പ്രദേശങ്ങളുടെ ചരിത്ര പശ്ചാത്തലം കൂടി ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. ജയ്ഹിന്ദ് ചാനലിൽ അർധ രാത്രിയിൽ സംപ്രേഷണം ചെയ്യുന്ന നൂറുൽ ഇസ്‌ലാം കോളേജ്, തമിഴ്‌നാട് സ്‌പോൺസർ ചെയ്യുന്ന പുണ്യമാസ പരിപാടി ഈ വർഷവുമുണ്ട്. മതപ്രഭാഷണത്തിനിടയ്ക്ക് വന്ന ഒരു പരസ്യത്തിൽ കൃഷ്ണതുളസി ചുമ മരുന്ന് ശുപാർശ ചെയ്യുന്നത് അന്തരിച്ച പ്രശസ്ത നടൻ തിലകനാണ്. കേരളക്കരയിൽ പനി പടർന്നു പിടിക്കുന്നത് കണ്ട് സങ്കടം സഹിക്കാനാവാതെ വന്നതാവും. മീഡിയ വൺ ചാനലിൽ നിസ്‌കാര മുണ്ട് പരസ്യം തകർക്കുന്നുണ്ട്. ഏഷ്യാനെറ്റിൽ പണ്ട് വരാറുള്ള കോയാസ് മായാസ് ശബരിമല സ്‌പെഷ്യൽ അഗർബത്തി പോലെ.   

 

Latest News