കോഴിക്കോട്- ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയില്‍ 203 സംരംഭങ്ങള്‍ക്കായി 18.22 കോടി രൂപയുടെ വായ്പാ അനുമതി നല്‍കി. സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേരള ബാങ്ക് ശാഖകള്‍ വായ്പ അനുവദിക്കും. 251 അപേക്ഷകരാണ് വായ്പാ മേളയില്‍ പങ്കെടുത്തത്.
കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന വായ്പാമേള കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ വാക്കയില്‍ നോര്‍ക്ക റൂട്ട്‌സ് പദ്ധതികളും കേരള ബാങ്ക് വായ്പാ വിഭാഗം മാനേജര്‍ ടി കെ ജീഷ്മ കേരള ബാങ്ക് വായ്പാ പദ്ധതികളും വിശദീകരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ ദിനേശന്‍, ഐ കെ വിജയന്‍, നോര്‍ക്ക റൂട്ട്‌സ് പ്രൊജക്ട് അസിസ്റ്റന്റ് എം ജയകുമാര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എം പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ബാലഗോപാലന്‍ സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ എം റീന നന്ദിയും പറഞ്ഞു.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം ) പ്രകാരം കേരള ബാങ്കിന്റെ പ്രവാസികിരണ്‍ പദ്ധതിയില്‍ 50 അപേക്ഷകര്‍ക്കായി 11.32 കോടി രൂപയുടെ വായ്പയ്ക്കാണ് അനുമതി നല്‍കിയത്.
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. കേരള ബാങ്കിന്റെ പ്രവാസി ഭദ്രത പദ്ധതിയില്‍ 153 പേര്‍ക്കായി 6.90 കോടി രൂപയുടെയും വായ്പാ അനുമതി നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)