Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആത്മാവിന്റെ  കാണാപഥങ്ങൾ

വായന


മരണം ആരെയും അദ്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്. മരണത്തിന് ശേഷം മനുഷ്യന്റെ ആത്മാവിന് എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് അതിനേക്കാൾ ഉൽക്കണ്ഠകളുമുണ്ട്. മരിച്ചവർക്ക് ഒരിക്കലും ഭൂമിയിൽ തിരിച്ചെത്തി മരണത്തിന് ശേഷം തനിക്ക് സംഭവിച്ചതെന്താണെന്ന് വിവരിക്കാനാകാത്തിടത്തോളം കാലം ആ ഉൽക്കണ്ഠകൾ നിലനിൽക്കുകയും ചെയ്യും. മരണാനന്തരം ആത്മാവ് അഭിമുഖീകരിക്കുന്ന സ്വർഗ, നരകങ്ങളിൽ യഥാർഥത്തിൽ സംഭവിക്കുന്നതെന്താണ്? മരണ ശേഷം ഓരോ ആത്മാവും കാണുന്ന കാഴ്ചകളെന്തൊക്കെയാണ്; നേരിടുന്ന പരീക്ഷണങ്ങളെന്തെല്ലാമാണ്?
പരമമായ സ്രഷ്ടാവിന്റെ ശക്തിയിൽ നിയന്ത്രിതമായ ഈ വിഷയങ്ങളെ കേവലമായ മനഷ്യ ബുദ്ധിയുടെ പരിമിതമായ ലോകത്തിരുന്ന് കാണാൻ ഇതുവരെ മനുഷ്യനായിട്ടില്ല. മാനുഷികമായ ഈ പരിമിതികളുടെ ലോകത്തു നിന്ന് യുവ എഴുത്തുകാരനായ ശംസുദ്ദീൻ മുബാറക് നടത്തുന്ന അപൂർവ്വമായ ഒരു സാഹിത്യ യാത്രയാണ് 'മരണപര്യന്തം: റൂഹിന്റെ നാൾമൊഴികൾ' എന്ന മലയാള നോവൽ.
ലോക സാഹിത്യത്തിൽ തന്നെ ഏറെയൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു പ്രമേയവുമായാണ് പത്രപ്രവർത്തകനായ ശംസുദ്ദീൻ മുബാറക് തന്റെ ആദ്യ നോവൽ വായനക്കാരന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. മരണത്തെ കുറിച്ച് നോവൽ എഴുതാൻ ശ്രമിച്ച് പിൻമാറിയ അനുഭവം മുമ്പ് ലോകപ്രശസ്ത കഥാകാരൻ ഗബ്രിയേൽ ഗാർസ്വിയ മാർക്കേസ് വിവരിച്ചിട്ടുണ്ട്. മരണത്തിന് ശേഷം എന്ത് സംഭവിക്കുന്നുവെന്ന് ആർക്കുമറിയാത്തിടത്തോളം കാലം, ഭാവനക്കപ്പുറം ഒരു രചനക്ക് ആവശ്യമായ വസ്തുതകളോ സങ്കൽപങ്ങളോ അനുഭവങ്ങളോ എഴുത്തുകാരന് മുന്നിലെത്തുന്നില്ല. ഈ വെല്ലുവിളിയെ ഏറ്റെടുക്കുകയാണ് ശംസുദ്ദീൻ ചെയ്തത്. മരണത്തെ കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാടുകളെയാണ് ഈ രചനക്ക് നോവലിസ്റ്റ് ആധാരമാക്കിയിട്ടുള്ളത്. മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും വ്യക്തമായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് ഇസ്‌ലാമാണെന്നതാണ് എഴുത്തുകാരനെ ഈ മാർഗം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.  
ഒരാളുടെ മരണത്തിന് ശേഷം അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്നതാണ് ഈ നോവലിലൂടെ ശംസുദ്ദീൻ മുബാറക് മുഖ്യമായും പറയുന്നത്. മരണ ശേഷം റൂഹിന്റെ സഞ്ചാരം ഏതെല്ലാം വഴികളിലൂടെയാണ്, സ്വർഗത്തിലും നരകത്തിലും എന്തെല്ലാമാണ് നടക്കുന്നത്, ലോകമെന്നത് അവസാനിക്കുന്ന പ്രതിഭാസമാണോ, എങ്കിൽ ആ അവസാനത്തിന് ശേഷം ഭൂമിയിൽ എന്തെല്ലാം സംഭവിക്കും തുടങ്ങി വായനക്കാരന്റെ കാഴ്ചക്കപ്പുറത്തുള്ളതും എന്നാൽ എന്നും അവന്റെ മനസ്സിൽ സംശയങ്ങളുയർത്തിയിട്ടുള്ളതുമായ ഒട്ടേറെ കാര്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവൽ.
തയ്യിലപ്പറമ്പിൽ അബൂബക്കറിന്റെ മകൻ ബഷീർ എന്നു പേരുള്ള പ്രധാന കഥാപാത്രം മരിക്കുന്നിടത്താണ് നോവൽ ആരംഭിക്കുന്നത്. ബഷീറിന്റെ റൂഹിന്റെ സഞ്ചാര പഥങ്ങളിലൂടെ എഴുത്തുകാരൻ മരണം, ഖബർ, കാത്തിരിപ്പ്, വിചാരണ, ശിക്ഷ, സ്വർഗം, നരകം തുടങ്ങിയ മനുഷ്യന് അനുഭവവേദ്യമായിട്ടില്ലാത്ത ഒട്ടേറെ പരലോകക്കാഴ്ചകളെ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നു. മരണത്തെ കുറിച്ചുള്ള ഇസ്‌ലാമികമായ വസ്തുതകളെ വളച്ചൊടിക്കാതെ നോവലിന്റെ അടിസ്ഥാന ശിലയാക്കി നിർത്തി, ഭാവനയുടെ നാടകീയ മൂഹൂർത്തങ്ങൾ സൃഷ്ടിച്ചാണ് ഈ രചന വാനയയുടെ ഉദ്വേഗപൂർണവും വിസ്മയകരവുമായ അനുഭവങ്ങൾ പകരുന്നത്. നോവലുകളുടെ സ്ഥിരം ഘടനയിൽ നിന്ന് വ്യത്യസ്തമായി ഒരു ഡയറിക്കുറിപ്പിന്റെ രൂപത്തിലാണ് ഇത് മുന്നോട്ടു പോകുന്നത്. വർഷങ്ങൾക്കപ്പുറത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. കഥാനായകനായ ബഷീറിന്റെ ജീവിതത്തിലെ പല മുഹൂർത്തങ്ങളും നോവലിൽ വിടർന്നു വരുന്നുണ്ട്. പ്രവാസ കാലത്ത് ചെയ്ത തെറ്റുകൾക്ക് മരണത്തിന് ശേഷം ലഭിക്കുന്ന ശിക്ഷയെ കുറിച്ചും ബഷീറിന്റെ ജീവിതവുമായി ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചകളുമെല്ലാം വായനക്കാരനെ ഭൂമിക്കപ്പുറത്തുള്ള ഒരു ലോകത്തേക്ക് ആനയിക്കുന്നു. 
നോവലുകൾ ഏറെ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തിൽ വേറിട്ട പ്രമേയവും അവതരണ ശൈലിയും കൊണ്ടു മാത്രമേ പുതിയൊരു എഴുത്തുകാരന് ശ്രദ്ധേയമായ രംഗപ്രവേശം സാധ്യമാകൂ എന്ന തിരിച്ചറിവിൽ നിന്നാണ് മരണത്തെ പ്രമേയമാക്കി നോവൽ രചിച്ചതെന്ന് ഷംസുദ്ദീൻ പറയുന്നു. ഇതിനായി വിവിധ മതങ്ങളുടെ മരണത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ശാസ്ത്രത്തിന്റെ നിലപാടുകളും പഠിച്ചു. മരണാനന്തര ജീവിതത്തെ ഏറ്റവും വ്യക്തമായി രേഖപ്പെടുത്തിയത് ഇസ്‌ലാമിക ഗ്രന്ഥങ്ങളാണെന്നതിനാലാണ് ആ പാത തെരഞ്ഞെടുത്തത്. എഴുതാനിരിക്കുമ്പോൾ വെല്ലുവിളികൾ എറെയുണ്ടായിരുന്നു. മതപരമായ കാഴ്ചപ്പാടുകളെയും സങ്കൽപങ്ങളെയും തെറ്റു കൂടാതെയും ദുർവ്യാഖ്യാനിക്കാതെയും പിന്തുടരേണ്ടതുണ്ടെന്നതായിരുന്നു പ്രധാന ദൗത്യം. അതേ സമയം, ഒരു നോവൽ എന്ന നിലയിൽ മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയും നാടകീയതയുമെല്ലാം അതിൽ ഉൾക്കൊള്ളേണ്ടതുമുണ്ട്. വർഷങ്ങൾക്കപ്പുറത്തേക്ക് നീളുന്ന ഒരു ഡയറിക്കുറിപ്പിന്റെ രൂപത്തിൽ ഈ ഘടകങ്ങളെയെല്ലാം കോർത്തിണക്കി നോവൽ പൂർത്തിയാക്കുകയായിരുന്നെന്ന് ശംസുദ്ദീൻ മുബാറക് പറഞ്ഞു.
മലപ്പുറം സ്വദേശിയായ ശംസുദ്ദീൻ മുബാറക് മലയാള മനോരമ മലപ്പുറം യൂനിറ്റിൽ സീനിയർ സബ് എഡിറ്ററാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന്റെ ആദ്യ പതിപ്പ് അതിവേഗം വിൽപന പൂർത്തിയായി, രണ്ടാം പതിപ്പ് പുറത്തിറങ്ങി. പ്രമേയത്തിന്റെ വ്യതിരിക്തത കൊണ്ടും ആഖ്യാന ശൈലിയുടെ പുതുമ കൊണ്ടും ഈ നോവൽ ഇതിനകം തന്നെ വായനക്കാർ ഏറ്റുവാങ്ങിക്കഴിഞ്ഞു. തന്റെ ആദ്യ നോവൽ തന്നെ വേറിട്ട രീതിയിൽ അവതരിപ്പിച്ച ശംസുദ്ദീൻ മുബാറക്കിന്റെ സാന്നിധ്യം മലയാള സാഹിത്യ ലോകത്ത് പുതിയ പ്രതീക്ഷയായി മാറുകയാണ്. 

 

മരണപര്യന്തം-റൂഹിന്റെ നാൾവഴികൾ (നോവൽ)
രചന- ശംസുദ്ദീൻ മുബാറക്
പ്രസാധകർ-ഡി.സി ബുക്‌സ്
വില-150 രൂപ

Latest News