നൂറ്റാണ്ടിന്റെ ചരിത്രം വേരുകളാഴ്ത്തി അൽബാഹയിലെ ഐൻഗ്രാമത്തിൽ കാറ്റേറ്റു നിൽക്കുന്ന കൂറ്റൻ മാർബിൾ കെട്ടിടത്തിന്റെ ഇടനാഴിയിലാണ് യൊഹാന്നസിനെയും ഭാര്യ മിഖേലയെയും കണ്ടത്. പ്രത്യേക തരം മാർബിൾ ഉപയോഗിച്ച് പടുത്തുയർത്തി കെട്ടിടത്തിന്റെ ചിത്രങ്ങളെടുക്കുന്ന തിരക്കിലായിരുന്നു യൊഹാന്നസ്. ചുവരുകളിൽ തലോടിയും മണ്ണിൽ കാലമർത്തിയും മിഖേല അത്ഭുതം കൂറിയ കണ്ണുമായി തൊട്ടടുത്തുണ്ട്. മൂന്നു വയസ്സുള്ള കുഞ്ഞു ലിയോയുടെ കലപില കെട്ടിടത്തിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുന്നു. ചരിത്രത്തിന്റെ അവശേഷിപ്പുകൾ കാണാൻ എത്തിയവരുടെ കാതുകളിൽ ലിയോയുടെ ശബ്ദം മധുരമായൊരു ഓളം തീർത്തു. തൊട്ടടുത്തെ കുഞ്ഞരുവിയിൽനിന്നുള്ള ശബ്ദം കെട്ടിടത്തെ ചുറ്റി കടന്നുപോകുന്ന കാറ്റുമായി സംഗമിച്ച് കേട്ടുപതിഞ്ഞൊരു പാട്ടായി ഒഴുകുന്നു.
മുഖത്തേക്ക് പാറിവീഴുന്ന മുടി കോതിയൊതുക്കി മിഖേല യാത്രയുടെ കഥ പറയുന്നു. ഓസ്ട്രിയയിൽനിന്ന് സൗദിയിലെത്തി നിൽക്കുന്ന സഞ്ചാരത്തിന്റെ കഥ. കാറ്റിലും മഴയിലും നനയാതെ, വെയിലിൽ വാടാതെയുള്ള ഈ യാത്രക്ക് ഏകദേശം ഒരു വർഷത്തെ പ്രായമായി. കുഞ്ഞു ലിയോയുടെ പ്രായത്തിന്റെ മൂന്നിലൊന്ന്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് ഓസ്ട്രിയയിലെ സാങ്ക്ത് കൊൺറാഡ് ഗ്രാമത്തിലെ വീട്ടുമുറ്റത്തുനിന്ന് ആരംഭിച്ച യാത്രയാണിത്. ഒന്നര വർഷത്തോളമെടുത്ത് യൊഹാന്നസ് തന്റെ ലാൻസ് ക്രൂയിസർ വാനിന് മുകളിൽ തീർത്ത കാബിൻ അപ്പോഴേക്ക് സജ്ജമായിരുന്നു. ചെറിയ ടോയ്‌ലറ്റ്, കിച്ചൻ, ബാറ്ററി അടക്കമുള്ള സജ്ജീകരണങ്ങൾ, പിറകിൽ ചെറിയ ജലസംഭരണി, മുകളിൽ മൂന്നു പേർക്ക് കിടന്നുറങ്ങാനുള്ള സൗകര്യം. മുന്നിൽ ലിയോക്ക് അടക്കം മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റുകൾ.
ഓസ്ട്രിയയിൽനിന്ന് ലാൻസ് ക്രൂയിസർ ഉരുണ്ടു തുടങ്ങി. ഇറ്റലിയിൽനിന്ന് ഗ്രീസിലേക്ക് കപ്പൽ വഴി യാത്ര. അവിടെനിന്ന് തുർക്കിയിലേക്ക്. അർമീനിയ, ജോർജിയ എന്നീ രാജ്യങ്ങളിൽ കൂടി പര്യടനം നടത്തിയ ശേഷം വീണ്ടും തുർക്കിയിലേക്ക്. തുർക്കിയിൽനിന്ന് ഇറാനിലൂടെ വീണ്ടും ലാൻസ് ക്രൂയിസർ യാത്ര തുടങ്ങി. ഇറാനിൽനിന്ന് കപ്പൽ വഴി ദുബായിൽ. ഒമാനിലൂടെ മൂവരും ഏറ്റവും ദൈർഘ്യമേറിയ മരുഭൂ റോഡ് (റുബൂഉൽ ഖാലി) മുറിച്ചുകടന്ന് സൗദി അറേബ്യയിൽ.
അൽഹസയിലെ ഗ്രാമത്തിൽ രണ്ടു ദിവസം കഴിഞ്ഞതിന്റെ അനുഭവം വിവരിക്കുമ്പോൾ ജൊഹാന്നസും മിഷേലും ആഹ്ലാദത്തിന്റെ വൻകരകളാകും. അറേബ്യൻ പാരമ്പര്യ വേഷവും ഭക്ഷണവുമെല്ലാം സമ്മാനിച്ചാണ് ഗ്രാമീണർ സ്വീകരിച്ചത്. രണ്ടു ദിവസം അവരുടെ കൂടെ താമസിപ്പിക്കുകയും ചെയ്തു.
എന്താണ് യാത്രയുടെ ലക്ഷ്യമെന്ന് മിഖേലിനോട് ചോദിച്ചു. ഒറ്റവാക്കിൽ അതിന് ഉത്തരമില്ല എന്നായിരുന്നു മറുപടി. എങ്കിലും ടോക്കോലോഹോയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു. സ്വാതന്ത്ര്യം എന്നാണ് ടോക്കോലോഹോയുടെ അർത്ഥം. നമ്മുടെ ചിന്തയിലും മനസ്സിലുമുള്ള മുഴുവൻ അസ്വാതന്ത്ര്യങ്ങളെയും പിടിച്ചു പുറത്താക്കുക. പ്രകൃതിയോട് കൂടുതൽ അടുക്കാനും മറ്റു കെട്ടുപാടുകൾ ഒന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനും സാധിക്കുക. ഒരു വർഷമെങ്കിലും തീർത്തും സ്വതന്ത്രമായി ജീവിക്കാൻ സാധിക്കുക. സ്വാതന്ത്ര്യത്തിന്റെ നിർവചനമാണിത്.
മറ്റു രാജ്യങ്ങളെയും സംസ്‌കാരത്തെയും അവിടെ താമസിക്കുന്ന ആളുകളെയും കുറിച്ച് കഴിയുന്നത്ര പഠിക്കാൻ ഞങ്ങൾ ശ്രമിച്ചു. മുൻവിധികൾ എല്ലാം മാറ്റിവെച്ചാണ് യാത്ര തുടങ്ങിയത്. കേട്ടറിഞ്ഞതല്ല അനുഭവങ്ങൾ സമ്മാനിച്ചതെന്ന് ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾക്ക് മനസ്സിലാകുന്നു.
യാത്രയിൽ എന്തെങ്കിലും അവിസ്മരണീയ നിമിഷങ്ങളുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ അങ്ങനെ ഒന്നില്ല. അല്ലെങ്കിൽ അത്തരം ഒരു നിമിഷത്തെ പ്രത്യേകമായി എടുത്തു പറയാൻ കഴിയില്ല. എല്ലാത്തിലും ഞങ്ങൾ വളരെ ഭാഗ്യവാന്മാരായിരുന്നു. ഞങ്ങൾ വരുന്ന ഓരോ സ്ഥലത്തും ഞങ്ങൾക്ക് ജനങ്ങൾ സമ്മാനിക്കുന്ന ആതിഥ്യ മര്യാദയും ദയയുമാണ് ഏറ്റവും ഹൃദയസ്പർശിയായ കാര്യം.
ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ നീണ്ട യാത്രയാണിത്. ഞങ്ങൾ മുമ്പ് റൂഫ്‌ടോപ് ടെന്റുള്ള കാറിൽ സാധാരണ അവധിക്കാല യാത്രകൾ നടത്തിയിരുന്നു. യൊഹാനസ് തന്റെ പിതാവിനൊപ്പം ഓസ്ട്രിയയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും തിരിച്ചും 2015-16 വർഷങ്ങളിൽ നീണ്ട യാത്ര നടത്തിയിരുന്നു. യൂറോപ്പിൽ, തെക്ക് കിഴക്കൻ ഏഷ്യയിലേക്കും പാറ്റഗോണിയയിലേക്കും മിഖേല കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചില ബാക്ക്പാക്കിംഗ് യാത്രകളും നടത്തിയിരുന്നു.
അറേബ്യൻ ഭൂഖണ്ഡത്തിലേക്കും സൗദി അറേബ്യയിലേക്കുമുള്ള ഞങ്ങളുടെ ആദ്യ യാത്രയാണിത്. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ആളുകളെ ഞങ്ങൾ ദിവസവും കണ്ടുമുട്ടുന്നു. അവർ ചായ, കാപ്പി, ഈത്തപ്പഴം എന്നിവ സമ്മാനിക്കുന്നു. ഇവിടെയുള്ള ആളുകൾ ഞങ്ങളോടൊപ്പമിരിക്കാൻ ആഗ്രഹിക്കുന്നു. ഇവരുടെ മഹത്തായ ആതിഥ്യ മര്യാദ ഒരിക്കലും മറക്കാനാകില്ല. ഞങ്ങളുടെ വീട്ടിൽ കിട്ടുന്ന അതേ സ്വാതന്ത്ര്യവും പരിഗണനയുമാണ് യാത്രയിലുടനീളം ലഭിക്കുന്നത്. വീടു വിട്ടിറങ്ങിയതിന്റെ ഒരാകുലതയുമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്.
യൊഹാന്നസുണ്ടാക്കിയ വാഹനത്തിലാണ് കഴിഞ്ഞ ഒരു വർഷമായി മൂവരും അന്തിയുറങ്ങുന്നത്. ഒരിക്കലും രാത്രി പാർക്കാൻ നഗരം തെരഞ്ഞെടുക്കാറില്ല. ഗ്രാമങ്ങളിലോ മരുഭൂമിയുടെ നടുവിലോ കടൽക്കരയിലോ ആയി രാത്രിയുറങ്ങുന്നു. ഓസ്ട്രിയയിലെ ഒരു കമ്പനിയിൽ അക്കൗണ്ടന്റാണ് മിഖേല. അടുക്കളയിലേക്കുള്ള സാധന സാമഗ്രികൾ നിർമിക്കുന്നയാളാണ് യൊഹാന്നസ്. വരുമാനം യാത്രക്കായി മാറ്റിവെച്ചാണ് ദമ്പതികൾ ലോകം കാണാനിറങ്ങുന്നത്. പുതിയ ലോകത്തേക്കാണ് കുഞ്ഞു ലിയോ കണ്ണു തുറക്കുന്നത്. പ്രകൃതിയിലെ കാഴ്ചകൾ എമ്പാടും മൂന്നു വയസ്സിനിടെ ലിയോ സ്വന്തമാക്കിയിരിക്കുന്നു. ലോകമെന്ന വലിയ കാൻവാസിലേക്കാണ് അവന്റെ വളർച്ച.
അൽബാഹയിൽനിന്ന് ജിദ്ദയിലെത്തിയ സംഘം കഴിഞ്ഞ ദിവസം മലയാളം ന്യൂസ് ഓഫീസും സന്ദർശിച്ചു. അറബ് സംസ്‌കാരത്തിന്റെ വേരുകൾ തേടിയുള്ള യാത്ര ഇനിയും തുടരുമെന്നും വൈകാതെ ഇന്ത്യയിലേക്ക് എത്തുമെന്നും ഇരുവരും പറയുന്നു. രണ്ടാഴ്ച കൂടി സൗദിയിൽ ചെലവിട്ട ശേഷം ജോർദാൻ വഴി ഇറാഖിലൂടെ യാത്രാസംഘം ഓസ്ട്രിയയിലേക്ക് തിരിച്ചുപോകും. അതോടെ ഒരു വർഷത്തെ യാത്രക്ക് അവസാനമാകും. അടുത്ത യാത്രക്ക് വേണ്ടി യൊഹാന്നസ് പുതിയ വാഹനമൊരുക്കും. ഉപാധികളേതുമില്ലാതെ ഹൃദയം തേടിയുള്ള യാത്രകളിലേക്ക് മിഖേൽ ഒരിക്കൽ കൂടി കൈ പിടിക്കും. ലിയോ അവർക്ക് പിന്നിൽ കലപിലയുമുണ്ടാകും. ലോകത്തിന്റെ കാട്ടാറുകൾ അന്വേഷിച്ചുള്ള സഞ്ചാരം തുടരും.