Sorry, you need to enable JavaScript to visit this website.

ഈ മില്ലിൽ അരച്ചെടുക്കുന്നത് അലിയുടെ ജീവിത സ്വപ്‌നങ്ങൾ

സൗദി ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിക്കൂട്ട് നൽകുന്നതിന് ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നുമുള്ള സുഗന്ധദ്രവ്യങ്ങൾ കൂട്ടിക്കലർത്തിയാണ് മസാല തയാറാക്കുന്നതെന്ന് അലി വെളിപ്പെടുത്തുന്നു. താൻ സന്ദർശിച്ച ചില വിദേശ രാജ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയ പ്രത്യേക മസാലക്കൂട്ടുകളിലൂടെ ആ രാജ്യങ്ങളുടെ സംസ്‌കാരങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നതിലും അലി അൽസമാഹ് പങ്കുവഹിക്കുന്നു. ഈ മസാലക്കൂട്ടുകളുടെ രഹസ്യം അലി വെളിപ്പെടുത്തില്ല.


കിഴക്കൻ സൗദി അറേബ്യയിലെ ഖത്തീഫിലെ മയാസ് സൂഖിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ സ്വന്തം മില്ലിൽ എഴുപത്തിയേഴുകാരനായ അലി അൽസമാഹ് തിരക്കിലാണ്. അറുപതു വർഷമായി താൻ ഇഷ്ടപ്പെടുന്ന മിൽ കൈയൊഴിയുന്നതിനെ കുറിച്ച് അലി അൽസമാഹിന് ആലോചിക്കാനേ കഴിയുന്നില്ല. പിതാവിൽ നിന്ന് അനന്തരാവകാശമായി ലഭിച്ചതാണ് അലിക്ക് ഈ മിൽ. 
ഖത്തീഫിലെ ഏറ്റവും പുരാതന മില്ലാണ് അലി അൽസമാഹിന്റെത്. ദശകങ്ങളായി മുടങ്ങാതെ ഖത്തീഫിലെയും സമീപ ഗ്രാമങ്ങളിലെയും നിവാസികൾക്ക് സേവനം നൽകുന്ന മില്ലാണ് തന്റെതെന്ന് അലി പറയുന്നു. 


അലി അൽസമാഹിന്റെ മില്ലിൽ പ്രവേശിക്കുന്നവരെ ഗോതമ്പിന്റെയും കാപ്പിയുടെയും മസാലകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും കൂടിക്കലർന്ന ഗന്ധവും പഴയ പൊടിയന്ത്രങ്ങളുടെ ശബ്ദങ്ങളുമാണ് സ്വീകരിക്കുക. അലിയുടെ വല്യുപ്പയിൽ നിന്നാണ് ഈ മിൽ അലിയുടെ പിതാവിന് ലഭിച്ചത്. ദശകങ്ങൾക്കു മുമ്പ് പിതാവ് ഈ മില്ലിൽ ധാന്യങ്ങളും മസാലകളും പൊടിക്കുകയും മസാല കച്ചവടം നടത്തുകയും ചെയ്തിരുന്നു. പിതാവിനെ സഹായിക്കുന്നതിന് ഒപ്പംകൂടി കുട്ടിക്കാലത്ത് പിതാവിൽ നിന്നാണ് മിൽ പ്രവർത്തിപ്പിക്കുന്നത് അലി വശമാക്കിയത്. പുതിയ സാങ്കേതികവിദ്യകൾ രംഗം കീഴടക്കിയിട്ടുണ്ടെങ്കിലും പഴയ മിൽ താൻ ഇപ്പോഴും നിലനിർത്തിക്കൊണ്ടുപോവുകയാണെന്ന് അലി പറയുന്നു. 


ഗോതമ്പും ധാന്യങ്ങളും പരിപ്പുകളും പൊടിക്കുന്നതിനുള്ള വ്യത്യസ്ത യന്ത്രങ്ങൾ മില്ലിലുണ്ട്. വ്യത്യസ്ത മസാലകൾ നിശ്ചിത അനുപാതത്തിൽ കൂട്ടിക്കലർത്തി തയാറാക്കുന്നതിനാൽ തന്റെ മില്ലിൽ നിന്ന് മസാലകൾ വാങ്ങുന്നതിന് ആളുകൾ പ്രത്യേകം താൽപര്യം കാണിക്കുന്നുണ്ട്. ഭക്ഷണങ്ങൾക്ക് വിശിഷ്ടമായ രുചിയും സ്വാദും നൽകുന്നതിന് ചില പ്രത്യേക മസാല കൂട്ടുകൾ താൻ ഉണ്ടാക്കുന്നുണ്ട്. ഓരോ മസാലക്കൂട്ടുകൾക്കും പിന്നിൽ ദീർഘകാലത്തെ പരിചയസമ്പത്തുണ്ട്. മസാലക്കൂട്ടുകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും രഹസ്യങ്ങൾ തേടി ഇന്ത്യയിലും ഏഷ്യൻ രാജ്യങ്ങളിലും താൻ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഈ യാത്രകളിലൂടെ ഉർദുവും ഇംഗ്ലീഷും വശമാക്കി. 


സൗദി ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിക്കൂട്ട് നൽകുന്നതിന് ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നുമുള്ള സുഗന്ധദ്രവ്യങ്ങൾ കൂട്ടിക്കലർത്തിയാണ് മസാല തയാറാക്കുന്നതെന്ന് അലി വെളിപ്പെടുത്തുന്നു. താൻ സന്ദർശിച്ച ചില വിദേശ രാജ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയ പ്രത്യേക മസാലക്കൂട്ടുകളിലൂടെ ആ രാജ്യങ്ങളുടെ സംസ്‌കാരങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നതിലും അലി അൽസമാഹ് പങ്കുവഹിക്കുന്നു. ഈ മസാലക്കൂട്ടുകളുടെ രഹസ്യം അലി വെളിപ്പെടുത്തില്ല. എന്നാൽ തന്റെ മില്ലിൽ എത്തുന്നവർക്ക് ഈ മസാലക്കൂട്ടുകൾ അലി വിൽക്കുന്നു. 
ഭക്ഷണങ്ങൾക്ക് വിശിഷ്ടമായ രുചിവൈവിധ്യങ്ങളും സ്വാദുകളും നൽകുന്നതിന് ആവശ്യമായ മസാലകൾക്കും സുഗന്ധദ്രവ്യങ്ങൾക്കും ധാരാളം സ്ത്രീകൾ അലി അൽസമാഹിന്റെ മില്ലിൽ എത്തുന്നു. അലിയുടെ ഉപയോക്താക്കളിൽ കൂടുതലും വനിതകളാണ്. മിതമായ നിരക്കിൽ ഗുണമേന്മയുള്ള എല്ലാവിധ ധാന്യങ്ങളും മസാലകളും സുഗന്ധദ്രവ്യങ്ങളും ലഭിക്കുമെന്നതിനാൽ നിരവധി പേർ അലി അൽസമാഹിന്റെ സ്ഥാപനത്തിൽ പതിവു സന്ദർശകരാണ്. ആളുകളിൽനിന്ന് നിലക്കാത്ത ആവശ്യമുള്ളതിനാൽ മിൽ അടച്ചുപൂട്ടുന്നതിനെ കുറിച്ച് ഈ സായംകാലത്തും താൻ ആലോചിക്കുന്നേയില്ല. വലിയ മില്ലുകൾ വ്യാപകമായിട്ടുണ്ടെങ്കിലും ധാന്യങ്ങൾ പൊടിക്കുന്നതിന് നിരവധി പേർ ഇപ്പോഴും തന്റെ മില്ലിൽ എത്തുന്നുണ്ടെന്ന് അലി അൽസമാഹ് പറയുന്നു. 
 

Latest News