തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഈവനിംഗ് ക്ലാസില്‍ പഠിക്കുന്നവരും കണ്‍സഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥി കണ്‍സഷന് പ്രായപരിധി കൊണ്ടുവന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കവേണ്ട. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കണ്‍സഷന്‍ കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
25 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ആദായ നികുതി കൊടുക്കുന്ന മാതാപിതാക്കളുടെ കോളേജില്‍ പഠിക്കുന്ന മക്കള്‍ക്കും ഇനി മുതല്‍ യാത്രാ ഇളവ് നല്‍കില്ലെന്നാണ് കെ.എസ്. ആര്‍. ടി.സി മാനേജ്‌മെന്റിന്റെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര ഇളവില്‍ മാറ്റങ്ങള്‍ വരുത്തിയ കെ എസ് ആര്‍ ടി സി മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തയ്യാറെടുക്കുകയാണ്. തീരുമാനം അംഗീകരിക്കില്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ പറഞ്ഞു. ഇളവ് കെ എസ് ആര്‍ ടിയുടെ ഔദാര്യമല്ല. വിദ്യാര്‍ത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും തീരുമാനത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. 2016 മുതല്‍ 2020 വരെ കണ്‍സഷന്‍ വകയില്‍ കെ എസ് ആര്‍ ടി സിക്ക് 966.31 കോടി രൂപയാണു ബാധ്യതയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥി കണ്‍സഷന്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകളും ആവശ്യപ്പെട്ടു. കണ്‍സഷന്‍ ഭാരം സ്വകാര്യ ബസ്സുകള്‍ക്ക് മേല്‍ മാത്രം വെയ്ക്കുന്നത് ശരിയല്ല. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിന് സ്വകാര്യ ബസ്സുടമകള്‍ എതിരല്ല. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കുക തന്നെ വേണമെന്ന് കേരളാ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)