നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെ ഇടപെടലുകള്‍ നടന്നു വരുന്നതിനിടെ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണാജനകമായി ചാനലുകളില്‍ നടക്കുന്ന രാത്രി ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിന്റെ മറുപടി. മനോരമ ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് നിപ്പാ വൈറസ് കേരളത്തില്‍ ആദ്യമായി കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോക്ടറുടെ വാദത്തെ അടക്കം തള്ളിക്കളയുന്ന തരത്തില്‍ ചാനല്‍ അവതാരകയുടെ പ്രകടനം. നിപ്പാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടങ്ങിയ ആരോഗ്യ ജാഗ്രത ഫേസ്ബുക്ക് പേജില്‍ സര്‍ക്കാര്‍ ഇതിനു വിശദമായ മറുപടി നല്‍കിയിരിക്കുന്നു. ആരോഗ്യ ജാഗ്രതയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൂര്‍ണ രൂപം:
മാധ്യമ ധാര്‍മികതയെ വെല്ലുവിളിക്കുന്ന കൗണ്ടര്‍ പോയിന്റുകള്‍
“If everything is amplified, we hear nothing.” Jon Stewart
നിപ്പ പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട് ജൂണ്‍ രണ്ടാം തീയതി മലയാള മനോരമ ചാനലിലെ കൗണ്ടര്‍ പോയിന്റ് പരിപാടി കണ്ട ഒരാള്‍ക്ക് മുകളിലെഴുതിയ വരികള്‍ ശരിയാണെന്നു തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല. കേരള സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ നിപ്പാ പനി നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ജനങ്ങളിലേയ്‌ക്കെത്തിച്ച് അവരെ സമാധാനിപ്പിക്കാന്‍ ആരോഗ്യസംവിധാനങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്ന സമയത്താണ് കേരളത്തിലെ ആരോഗ്യമേഖല ആഫ്രിക്കയിലേതിനു(?) തുല്യമോ എന്നു ബഹളം വച്ചുകൊണ്ട് മനോരമ ചാനല്‍ അവതാരിക ചര്‍ച്ച നയിക്കുന്നത്.
ചര്‍ച്ചയില്‍ പങ്കെടുത്ത ഡോക്ടര്‍മാരും ജനപ്രതിനിധികളും സത്യാവസ്ഥ എന്താണെന്നും, ഈ അവസരത്തില്‍ ഒരു മാധ്യമം എങ്ങനെയായിരിക്കണം ഇടപെടേണ്ടതെന്നും നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും അതവഗണിച്ചുകൊണ്ട് ആദ്യത്തെ ചോദ്യം അവതാരിക ഉടനീളം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ വിഷയത്തില്‍ വിദഗ്ധരായിരുന്നിട്ടും അതു മനസ്സിലാക്കാന്‍ താല്പര്യം കാണിക്കാതെ ആരോഗ്യ മേഖലയെ താറടിക്കാനുള്ള വ്യഗ്രതയാണവര്‍ കാണിച്ചത്. ഇതുപോലെ വളരെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തില്‍ ഒരു മാധ്യമത്തില്‍ നിന്നുണ്ടാകാവുന്ന തീര്‍ത്തും അനുചിതമായ ഒരു ഇടപെടല്‍ രീതിയാണത് എന്നു പറയാതെ വയ്യ.
ഒരു പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് എങ്ങനെയായിരിക്കണം ഇടപെടേണ്ടതെന്ന് ആരോഗ്യസംവിധാനങ്ങള്‍ മാത്രം പഠിച്ചാല്‍ പോരാ. ജനങ്ങളിലേയ്ക്ക് ഈ വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്ന മാധ്യമ സ്ഥാപനങ്ങളും അവിടത്തെ തൊഴിലാളികളും കൂടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. പക്ഷേ, വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് അവതാരിക ചര്‍ച്ച നയിച്ചത്. ചര്‍ച്ചയില്‍ ഒരിടത്ത് 'എനിയ്ക്ക് അറിവു കുറവുണ്ടെങ്കില്‍ ക്ഷമിക്കുക' എന്ന് അവതാരിക തന്നെ സമ്മതിക്കുന്നത് കാണാം. എന്നിട്ടും ഇത്ര ഗൗരവമുള്ളൊരു പ്രശ്‌നം അവതരിപ്പിക്കാന്‍ വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമുള്ള ഒരാളെ ചുമതലപ്പെടുത്താന്‍ മനോരമ തയ്യാറായില്ല എന്നത് ഖേദകരമാണ്. ഇവിടെ ആരെങ്കിലും ക്ഷമിക്കുമോ ഇല്ലയോ എന്നതല്ല, പക്ഷേ, അത്തരം ശ്രദ്ധക്കുറവു വഴി സമൂഹത്തില്‍ പടരാനിടയുള്ള തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ജാഗ്രത ഉത്തരവാദിത്വമുള്ള ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്നും ഈ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
നിപ്പാ എവിടെ നിന്നു വന്നു എന്നതാണ് ഈ സമൂഹത്തെ അലട്ടുന്ന ഏറ്റവും വലിയ ഭീതി എന്നതാണ് അവതാരിക ആവര്‍ത്തിച്ചാവര്‍ത്തിച്ചു അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എങ്ങനെ അവര്‍ എത്തി എന്നു മനസ്സിലാകുന്നില്ല. ഏതെങ്കിലും സര്‍വേയുടെ അടിസ്ഥാനത്തിലാണോ? അങ്ങനെ പ്രത്യേകിച്ചൊരു അറിവിന്റേയും അടിസ്ഥാനമില്ലാതെ എങ്ങനെയാണ് ജനങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നു എന്നു പറയുന്നത്? എന്നാല്‍ ഈ പ്രശ്‌നത്തില്‍ ജനങ്ങളുമായി സമ്പര്‍ക്കത്തിലിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നത്, നിപ്പ പടര്‍ന്നു പിടിക്കാതെ എങ്ങനെ തടുക്കാം എന്നുള്ളതാണ് ജനങ്ങളുടെ പ്രധാന ആശങ്ക എന്നാണ്. ആരോഗ്യജാഗ്രത പേജില്‍ വന്നു കൊണ്ടിരിക്കുന്ന നൂറു കണക്കിനു മെസേജുകളിലും ഈ ഉത്കണ്ഠയാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഗവണ്മെന്റിനേയും ആരോഗ്യസംവിധാനത്തേയും സംബന്ധിച്ചിടത്തോളം ഇനിയൊരാള്‍ കൂടി നിപ്പ ബാധിച്ചു മരിക്കാതെ ഇരിക്കുക എന്നതാണ് അടിയന്തിര ആവശ്യം. അതിനു പകരം, ജനങ്ങളുടെ ആശങ്ക മറ്റെന്തോ ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഈ സമയത്തെ ഏറ്റവും അടിയന്തിര പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ അകറ്റാനെ ഉപകരിക്കുകയുള്ളൂ.
നിപ്പാ വൈറസ് ഇതിനു മുന്‍പ് ലോകത്ത് അപൂര്‍വം സ്ഥലങ്ങളില്‍ മാത്രം ഏതാനും ചില സമയങ്ങളില്‍ മാത്രം സംഭവിച്ച ഒരു അസുഖമാണ്. ഈ അസുഖത്തിനു വാക്‌സിനേഷനോ 100 ശതമാനം രോഗ ശമനം ഉറപ്പു പറയാവുന്ന ആന്റി വൈറല്‍ മെഡിസിനോ ഇല്ല. ഇത്തരമൊരു രോഗം പൊട്ടിപ്പുറപ്പെടുന്നത് തീര്‍ത്തും അപ്രവചനീയമായാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അതു കൂടുതല്‍ ആളുകളിലേയ്ക്ക് പകരാതെ തടഞ്ഞു നിര്‍ത്തുക എന്നതാണ് ചെയ്യാന്‍ സാധിക്കുന്നത്. അതുപോലെ രോഗം ബാധിച്ചവര്‍ക്ക് ഏറ്റവും മികച്ച പരിപാലനം നല്‍കി അവരെ രക്ഷിക്കാന്‍ ശ്രമിക്കുക എന്നതും. എന്നിട്ടും മറ്റെവിടെയൊക്കെ ഇതു പൊട്ടിപ്പുറപ്പെട്ടോ, അവിടങ്ങളിലൊക്കെ ഉള്ളതിനേക്കാള്‍ കാര്യക്ഷമമായ രീതിയില്‍ ഇതു തടഞ്ഞു നിര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് ഇവിടത്തെ ആരോഗ്യസംവിധാനത്തിന്റെ നേട്ടമാണ്.
199899ല്‍ല്‍ മലേഷ്യയിലും സിംഗപ്പൂരിലുമായി മരണപ്പെട്ടത് 106 ആളുകളാണ്. 2001ല്‍ സിലിഗുരിയില്‍ മരണമടഞ്ഞത് 45 ആളുകളും. കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ചത് 18 പേര്‍ക്കാണ്. മരണമടഞ്ഞത് 16 ആളുകള്‍. രണ്ടു പേര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു കയറുന്നു എന്ന പ്രതീക്ഷയിലാണ് നമ്മള്‍. ആ ചര്‍ച്ചയില്‍ ഡോ അനൂപ് പറഞ്ഞതു പോലെ, ആദ്യത്തെ രോഗിയില്‍ നിന്നും 18 പേരിലേയ്‌ക്കെത്തിയ ഈ അസുഖം 200300 ആളുകളിലേയ്ക്ക് എത്താമെന്ന എല്ലാ സാധ്യത ഉണ്ടായിരുന്നിട്ടും അതു നടക്കാതെ പോയത് ഇവിടത്തെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. അതു വളരെ വ്യക്തമായി കണക്കുകള്‍ നിരത്തി വിശദീകരിക്കുമ്പോളും, മനസ്സിലാക്കാനാകാതെ, ആരോഗ്യ കേരളം ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് തുല്യമാണ് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തിയാണ്. വസ്തുതകളെ മുന്‍നിര്‍ത്തി യാഥാര്‍ഥ്യം ജനങ്ങളിലേക്കെത്തിക്കുക എന്ന മാധ്യമ ധര്‍മമാണ് അവതാരികയും അവരുടെ മാധ്യമ സ്ഥാപനവും വിസ്മരിച്ചത്.
പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്ന അവസരങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി നിറയുന്നത് സ്വാഭാവികമാണ്. അതു നിയന്ത്രണ വിധേയമാണെന്നറിഞ്ഞാല്‍ പോലും ആ ഭീതി കുറച്ചു കാലം കൂടെ തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കേസ് സ്റ്റഡികളില്‍ പറയുന്നുണ്ട്. സമാനമായൊരു സാഹചര്യത്തിലാണ് കേരള സമൂഹം. പ്രത്യേകിച്ചും ഉത്തര മലബാറിലെ ജനങ്ങള്‍. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് ആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള തെറ്റായ സന്ദേശങ്ങള്‍ നല്‍കിയാല്‍ സമൂഹത്തിന്റെ സമാധാനപൂര്‍ണ്ണമായ ജീവിതത്തെ കൂടുതല്‍ മോശം അവസ്ഥയിലേക്കെത്തിക്കും. അത്തരത്തിലുള്ള കുറ്റകരമായ ഒരാനസ്ഥയാണ് കൗണ്ടര്‍ പോയിന്റ് എന്ന പ്രോഗ്രാമിലൂടെ ടിവി ചാനലും അവതാരികയും കാണിച്ചത്. നിപ്പാ പ്രശ്‌നത്തില്‍ ക്രിയാതമകമായി ഇടപെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കു കൂടെ കളങ്കമായിത്തീര്‍ന്നു ആ പരിപാടി. അതുപോലെ നിപ്പാ ആണെന്നു തിരിച്ചറിഞ്ഞതു മുതല്‍ സ്വന്തം ജീവന്‍ വകവയ്ക്കാതെ അപരനു വേണ്ടി സമര്‍പ്പിച്ചു കൊണ്ടു കര്‍മ്മ നിരതരായിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോടും ഇവിടത്തെ ആരോഗ്യ സംവിധാനത്തോടുമുള്ള അവഹേളനമാണിത്. മാധ്യമങ്ങളുടെ കയ്യടിയേക്കാള്‍ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം. അതുകൊണ്ട് അപമാനമെന്നതിനേക്കാളുപരി ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നത് നിപ്പ ഭീതിയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന ആശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ളത്.
ഒരു ജനാധിപത്യ സമൂഹത്തിനകത്ത് മാധ്യമ ധാര്‍മികതയെക്കുറിച്ച് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സങ്കല്പങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഇത്തരം പ്രവണതകള്‍ വെളിപ്പെടുത്തുന്നത്. ഏതു വിഷയവും സെന്‍സേഷണലൈസ് ചെയ്ത് റേറ്റിംഗ് കൂട്ടുക എന്നതാകരുത് മാധ്യമ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കേണ്ട കാര്യം. അതുകൊണ്ട് ഇത്തരം തെറ്റുകള്‍ തിരുത്തണമെന്നും വസ്തുതകള്‍ വസ്തുതകളായി ജനങ്ങളുടെ മുന്‍പില്‍ എത്തിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. അല്ലെങ്കില്‍, ഈ അവസരത്തില്‍ മാത്രമല്ല, ഇനിയങ്ങോട്ടും ഇത്തരം മാധ്യമ ഇടപെടലുകള്‍ മനുഷ്യനന്മയ്ക്കു മുന്നില്‍ വലിയ വെല്ലുവിളികളായി നിലനില്‍ക്കും എന്നതില്‍ സംശയമില്ല.