അബഹ- കാൽ നൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം തന്റെ പഴയ വിദ്യാർഥികളെ സന്ദർശിച്ച് സുഡാനി അധ്യാപകൻ. അസീർ പ്രവിശ്യക്ക് പടിഞ്ഞാറ് രിജാൽ അൽമഇൽ നിന്ന് 24 വർഷം മുമ്പ് സ്വദേശത്തേക്ക് മടങ്ങിയ സുഡാനി അധ്യാപകൻ അവദ് അൽകരീം ബിൻ അഹ്മദ് ഹുസൈൻ ആണ് കഴിഞ്ഞ ദിവസം രിജാൽ അൽമഇൽ എത്തി തന്റെ പഴയ വിദ്യാർഥികളെ വീണ്ടും കണ്ടത്.
39 വർഷം മുമ്പാണ് അവദ് അൽകരീം അധ്യാപകനായി രിജാൽ അൽമഇലെ സ്‌കൂളിലെത്തിയത്. 15 വർഷം നീണ്ട സേവനം മതിയാക്കി ഇദ്ദേഹം പിന്നീട് സ്വദേശത്തേക്ക് മടങ്ങി. 24 വർഷത്തെ ഇടവേളക്കു ശേഷം ഉംറ നിർവഹിക്കാൻ വീണ്ടും സൗദിയിലെത്തിയപ്പോഴാണ് തന്റെ പഴയ വിദ്യാർഥികളെ കാണാൻ അവദ് അൽകരീം രിജാൽ അൽമഇലെത്തിയത്. ഉംറ വിസയിലെത്തുന്നവർക്ക് സൗദിയിലെ ഏതു സ്ഥലങ്ങളും സ്വതന്ത്രമായി സന്ദർശിക്കാമെന്ന പുതിയ ആനുകൂല്യമാണ് രിജാൽ അൽമഇലെത്തി പഴയ വിദ്യാർഥികളെ വീണ്ടും കാണാൻ തനിക്ക് അവസരമൊരുക്കിയതെന്ന് സുഡാനി അധ്യാപകൻ പറഞ്ഞു. താൻ പഠിപ്പിച്ചിരുന്ന വിദ്യാർഥികൾ ഇപ്പോൾ എൻജിനീയർമാരും ഡോക്ടർമാരും അധ്യാപകരുമായി മാറിയിരിക്കുന്നു. ഇത് തനിക്ക് അഭിമാനവും സന്തോഷവും നൽകുന്നു. 24 വർഷത്തിനിടെ രിജാൽ അൽമഅ് ആകെ മാറിയിരിക്കുന്നു. സൗദിയിലെ പ്രധാന നഗരങ്ങളെ പോലെ രിജാൽ അൽമഅ് വളർന്നിരിക്കുന്നു. സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ശ്രദ്ധേയമായ പുരോഗതിയുണ്ട്. ആളുകൾ നിയമങ്ങളും പൊതുശുചിത്വവും കൂടുതലായി പാലിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ വികസനവും പുരോഗതിയും തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവദ് അൽകരീം ബിൻ അഹ്മദ് ഹുസൈൻ പറഞ്ഞു.