Sorry, you need to enable JavaScript to visit this website.

സൗദിയിൽ കടകൾ വൈകിട്ട് ആറിന് അടക്കേണ്ടി വരുമോ

റിയാദ്- സൗദിയിലെ കടകൾ വൈകിട്ട് ആറിന് തന്നെ അടക്കണമെന്ന ആവശ്യവുമായി ശൂറ കൗൺസിൽ അംഗം രംഗത്തെത്തിയത് ചർച്ചയാകുന്നു. നേരത്തെ രാത്രി ഒൻപതിന് കട അടക്കണമെന്ന ആവശ്യം ശൂറ കൗൺസിലിന്റെ പരിഗണനയിലുണ്ടായിരുന്നു. അക്കാര്യത്തിൽ ചർച്ച നടന്നുവരുന്നതിനിടെയാണ് വൈകിട്ട് ആറിന് തന്നെ കടകൾ അടക്കണമെന്ന നിർദ്ദേശം ശൂറ അംഗം മുന്നോട്ടുവെച്ചത്. രാത്രി ഒമ്പത് മണിക്ക് കടകളും സ്ഥാപനങ്ങളും അടക്കുന്ന വിഷയം ശൂറ ചർച്ച ചെയ്ത് മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടതാണ്. ഇതിനിടെയാണ് ഫാർമസികളും പെട്രോൾ ബങ്കുകളുമൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ വൈകുന്നേരം ആറ് മണിയോടെ തന്നെ അടക്കണമെന്ന വിഷയം ശൂറയിൽ ചർച്ചക്കെത്തിയത്. 

ഷോപ്പുകൾ നേരത്തെ അടക്കണമെന്ന വിഷയത്തിൽ നിയമനിർമാണം നടത്തേണ്ട ആവശ്യം മുമ്പെന്നത്തെക്കാളും ശക്തമാണെന്ന് നിർദേശം മുന്നോട്ടുവെച്ച ശൂറാ കൗൺസിൽ അംഗം സഈദ് ഖാസിം അൽഖാലിദി പറഞ്ഞു. സൂപ്പർമാർക്കറ്റുകളും ബഖാലകളും ഇലക്‌ട്രോണിക് ഷോപ്പുകളും മാളുകളും നേരത്തെ അടക്കേണ്ടത് അനിവാര്യമാണ്. ഇത് ഒരിക്കലും ദേശീയ സമ്പത്‌വ്യവസ്ഥിതിക്ക് ദോഷം വരുത്തുകയില്ലെന്ന് വ്യക്തമാണെന്നും സഈദ് അൽഖാലിദി വിശദീകരിച്ചു. ഉപയോക്താക്കൾ പുതിയ സമയക്രമത്തിന് അനുസൃതമായി തങ്ങൾക്ക് ആവശ്യമായ വസ്തുക്കളും സാധനസാമഗ്രികളും വാങ്ങുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി വിശ്രമിക്കുന്നതിനും പകൽ ജീവിതവ്യവഹാരം നടത്തുന്നതിനുമാണ് ദൈവം നിശ്ചയിച്ചതെന്നും സഈദ് അൽഖാലിദി വിശദീകരിച്ചു. എത്രയോ യുവാക്കൾ വിദേശത്തുനിന്ന് വെറും കയ്യോടെ രാജ്യത്ത് വന്ന് സമ്പന്നരായി മാറിയിട്ടുണ്ടെന്നത് മറക്കരുത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ആളുകൾ മാറുമെന്നത് പ്രകൃതി നിയമമാണ്. സൗദി യുവാക്കളും ഇതിൽനിന്ന് വിഭിന്നരല്ലെന്നും അദ്ദേഹം പറഞ്ഞു. നേരം പുലരുവോളം വ്യാപാരം നടത്തുന്നത് സത്യത്തിൽ സ്വദേശികളെയല്ല ബാധിക്കുക. വീടോ കുടുംബമോ സാമൂഹിക ജീവിതമോ ഇല്ലാതെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെയാണ് വ്യാപാര സ്ഥാപനങ്ങളുടെ സമയം ചുരുക്കുന്നത് ബാധിക്കുകയെന്നും ശൂറാ കൗൺസിൽ അംഗം വിശദമാക്കി. ബിനാമി ബിസിനസിന് തടയിടുക, സ്വദേശികളിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുക, വിദേശികളെ മികച്ച താമസ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുക, വിദേശങ്ങളിലേക്കുള്ള ബില്യൺ കണക്കിന് റിയാലിന്റെ ഒഴുക്ക് തടയുക, സർക്കാർ ജോലിക്കുള്ള യുവാക്കളുടെ സമ്മർദം കുറക്കുക എന്നീ അഞ്ച് നേട്ടങ്ങൾ കടകൾ നേരത്തെ അടക്കുന്നത് വഴി സാധ്യമാകുമെന്നും സഈദ് അൽഖാലിദി പറയുന്നു. 

 


 

Latest News