Sorry, you need to enable JavaScript to visit this website.

പി.ജി ഡോക്ടര്‍മാരുടെ സേവനം മാര്‍ച്ച് മുതല്‍ ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം- മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പി.ജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പി.ജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പി.ജി വിദ്യാര്‍ഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ കോളേജുകളിലെ സ്‌പെഷ്യലിറ്റി വിഭാഗങ്ങളിലെ പി.ജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതോടെ  ആശുപത്രികള്‍ക്ക് സഹായകരമാകും. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും റഫറല്‍, ബാക്ക് റഫറല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
ജില്ലാ റെസിഡന്‍സി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിസംബര്‍ രണ്ടിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനതല നോഡല്‍ ഓഫീസറായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ആരോഗ്യ വകുപ്പ് ഡയറക്ടറേയും ചുമതലപ്പെടുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഡി.എം.ഇ. കോ-ഓര്‍ഡിനേററ്ററായി ഡോ. സി. രവീന്ദ്രനെ നിയമിച്ചു. ജില്ലാ റെസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാ റെസിഡന്‍സി പ്രോഗ്രാം നടപ്പിലാക്കുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.

 

Latest News