കോഴിക്കോട് - മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. നിലവിലെ ജനറൽസെക്രട്ടറിയും സി.എച്ച് സെന്ററിന്റെ മുഖ്യ കാര്യദർശിയുമായ എം.എ റസാഖ് മാസ്റ്റർ ആണ് പുതിയ പ്രസിഡന്റ്. എം.എസ്.എഫ്, യൂത്ത് ലീഗ് നേതൃത്വത്തിലൂടെ സംഘടനാരംഗത്ത് പാടവം തെളിയിച്ച മുൻ പി.എസ്.സി അംഗം കൂടിയായ ടി.ടി ഇസ്മായിലിനെ ജനറൽ സെക്രട്ടറിയായും നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലൂടെ ശ്രദ്ധേയനായ സൂപ്പി നരിക്കാട്ടേരിയെ ട്രഷററായും ജില്ലാ കൗൺസിൽ യോഗം തെരഞ്ഞെടുത്തു.
കെ.എ ഖാദർ മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, എൻ.സി അബൂബക്കർ, പി അമ്മദ് മാസ്റ്റർ, എസ്.പി കുഞ്ഞഹമ്മദ്, പി ഇസ്മായിൽ, വി.കെ.സി ഉമ്മർ മൗലവി (വൈസ് പ്രസിഡന്റുമാർ), സി.പി.എ അസീസ് മാസ്റ്റർ, വി.കെ ഹുസൈൻ കുട്ടി, ഒ.പി നസീർ, അഡ്വ. എ.വി അൻവർ, എ.പി അബ്ദുൽമജീദ് മാസ്റ്റർ, എം. കുഞ്ഞാമുട്ടി, കെ.കെ നവാസ് (സെക്രട്ടറിമാർ) എന്നിവരെ സഹഭാരവാഹികളായും തെരഞ്ഞെടുത്തു.
ഈമാസം 18ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ച സമ്മേളനം നാളെ സമാപിക്കും. സെമിനാർ, വനിതാ സംഗമം, പ്രതിനിധി സമ്മേളനം, കാംപസ് പാർലമെന്റ് എന്നിങ്ങനെ വിവിധ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടന്നത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. 'ഏഴര പതിറ്റാണ്ടിന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിലാണ് സമ്മേളനം നടക്കുന്നത്.