തിരുവനന്തപുരം: ' പഴയ വിജയനാണെങ്കില്‍ ഞാന്‍ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടിയല്ല ഇപ്പോള്‍ പറയേണ്ടത് ' മുഖ്യമന്ത്രിക്ക് നല്കുന്ന സുരക്ഷ സംബന്ധിച്ച് നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനത്തിനിടെ മുഖ്യമന്ത്രി വീട്ടിലിരിക്കേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേട്ട് പ്രതിപക്ഷം പോലും ഒന്ന് അമ്പരന്നു.
'പഴയ വിജയനാണെങ്കില്‍ ഞാന്‍ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടിയല്ല ഇപ്പോള്‍ പറയേണ്ടത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ആള്‍ക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ പറയേണ്ടി വരും. മുഖ്യമന്ത്രി കസേരയില്‍ അല്ലെങ്കില്‍ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി'- മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു. ' ഇതെല്ലാം ഇല്ലാത്ത കാലത്ത്, നിങ്ങളെല്ലാം സര്‍വസജ്ജമായ കാലത്ത് ഞാനീ ഒറ്റത്തടിയായി നടന്നിരുന്നു. എല്ലാതരത്തിലും. വീട്ടീന്ന് പുറത്തിറക്കൂലാ എന്നൊക്കെ ആലോചിച്ച കാലത്തും ഞാന്‍ പുറത്തിറങ്ങി നടക്കുന്നുണ്ട് ' മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് സുരക്ഷയൊരുക്കുന്നതെന്നും സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ് സുരക്ഷ തീരുമാനിക്കുന്നതും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇസെഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്കും വയനാട് എം പി രാഹുല്‍ ഗാന്ധിക്കും ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.