കോഴിക്കോട്- നിപ്പ വൈറസിനെതിരേ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്ത് നിപ്പ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സര്‍ക്കാര്‍ തള്ളി. മരുന്നുള്ളകാര്യം സര്‍ക്കാരിനെ അവര്‍ അറിയിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ഹോമിയോ ആശുപത്രികള്‍ നിലവില്‍ വിവിധതരം പനികള്‍ക്കെതിരേ പ്രതിരോധമരുന്ന് വിതരണം ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഹോമിയോ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്. എന്നാല്‍ നിപ്പ വൈറസിനെതിരേ ഹോമിയോയില്‍ ചികിത്സയും മരുന്നുമുണ്ടെന്ന ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ വാദം അംഗീകരിക്കപ്പെടുന്നില്ല.
നിപ്പക്ക് ഹോമിയോ മരുന്നുണ്ടെന്ന് ഇതുവരെ അറിയില്ലെന്നും ഉണ്ടെങ്കില്‍ അത് പരിശോധിച്ചു നോക്കിയ ശേഷമെ നല്‍കാന്‍ കഴിയൂവെന്നും ആരോഗ്യവകുപ്പ് പറയുന്നു.
നിപ്പ രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.