Sorry, you need to enable JavaScript to visit this website.

മഴവില്ലഴകോടെ ഹിലാൽ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫൈനലിൽ

*ദുഹൈലിനെ 7-0ന് തകർത്ത് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
*നാല് ഗോളടിച്ച് ഇഗാലോ

ദോഹ - നാല് ഗോളടിച്ച ഒഡിയോൺ ഇഗാലോ ഒരിക്കൽ കൂടി അൽ ഹിലാലിനെ ഏഴാനാകാശത്തെത്തിച്ചു. ഖത്തറിന്റെ അൽ ദുഹൈലിനെ എതിരില്ലാത്ത ഏഴ് ഗോളിന് തകർത്ത് സൗദി ടീം ഹിലാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. 
നിലവിലെ ചാമ്പ്യന്മാരായ ഹിലാൽ ഫൈനലിൽ ജപ്പാനിലെ ഉർവ റെഡ്‌സിനെ നേരിടും. ഫൈനലിന്റെ ആദ്യ പാദം ഏപ്രിൽ 29ന് റിയാദിലാണ്. മെയ് ആറിന് ജപ്പാനിലെ സായിതാമ സ്റ്റേഡിയത്തിൽ രണ്ടാം പാദം.
നാല് തവണ ചാമ്പ്യന്മാരായ ഹിലാൽ നിർദാക്ഷിണ്യമായ മുന്നേറ്റമാണ് ഇന്നലെ ദോഹയിലെ അൽ തുമാമ സ്‌റ്റേഡിയത്തിൽ കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ 5-0ന് മുന്നിലെത്തിയ ഹിലാലിനുവേണ്ടി മൂസ മരേഗ രണ്ട് ഗോൾ നേടി. രണ്ടാം പകുതിയിൽ മൂസ പരിക്കേറ്റ് കളം വിട്ടത് മാത്രമാണ് ഹിലാലിന്റെ ആഹ്ലാദം കുറച്ചത്.
രണ്ടാം മിനിറ്റിൽ തന്നെ ഇഗാലോ ഹിലാലിനെ മുന്നിലെത്തിച്ചു. മുഹമ്മദ് കന്നു നൽകിയ പാസിൽനിന്നായിരുന്നു മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം സ്‌കോർ ചെയ്തത്. പത്താം മിനിറ്റിൽ ഇഗാലോയുടെ രണ്ടാം ഗോൾ. പതിനാലാം മിനിറ്റിലും 27ാം മിനിറ്റിലും മൂസ മരേഗയുടെ ഗോളുകൾ. ലോകകപ്പിൽ അർജന്റീനക്കെതിരെ സൗദിയുടെ ഗോളടിച്ച സാലിം അൽ ദോസരി 38ാം മിനിറ്റിൽ സ്‌കോർ ചെയ്തു. രണ്ടാം പകുതിയിൽ 38ാം മിനിറ്റിലാണ് ഇഗാലോ ഹാട്രിക് തികക്കുന്നത്. 62ാം മിനിറ്റിൽ തന്റെ നാലാമത്തെയും, ടീമിന്റെ ഏഴാമത്തെയും ഗോൾ.

Latest News