കൊച്ചി- ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്ക് പരാജയം. ഹോം ഗ്രൗണ്ടിൽ ഹൈദരാബാദിനോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോൽവി. 29-ാമത്തെ മിനിറ്റിൽ ബോർഹ നേടിയ ഗോളാണ് ഹൈദരാബാദ് എഫ്.സിക്ക് വിജയം നൽകിയത്. തോൽവിയോടെ കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിന് പ്ലേ ഓഫ് കളിക്കൽ നിർബന്ധമായി. മാർച്ച് മൂന്നിന് ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്.സിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരിക്കും. കേരള ബ്ലാസ്‌റ്റേഴ്‌സ് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഹൈദരാബാദിനോട് മൂന്നു ഗോൾ വ്യത്യാസത്തിൽ വിജയിച്ചിരുന്നെങ്കിൽ ബംഗളൂരുവിനെ മറികടന്ന് ബ്ലാസ്‌റ്റേഴ്‌സിന് ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാമായിരുന്നു. അങ്ങിനെ എങ്കിൽ ഹോം ഗ്രൗണ്ടിൽ ബംഗളൂരു എഫ്.സിയുമായി പ്ലേ ഓഫ് സാധ്യത കളിക്കാനുള്ള അവസരം ലഭ്യമാകുമായിരുന്നു.