റിയാദ്- നിപ്പാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വിലക്കി. നിപ്പ വൈറസ് ഭീഷണിക്ക് തടയിടുന്നതിനുള്ള മുന്‍കരുതല്‍ നടപടിയെന്നോണമാണ് തീരുമാനമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈവ്‌സ്റ്റോക്ക് റിസ്‌ക് അസസ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. സനദ് അല്‍ഹര്‍ബി പറഞ്ഞു. വിലക്ക് തീരുമാനം ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് ദിവസങ്ങള്‍ക്കു മുമ്പ് യു.എ.ഇ വിലക്കിയിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കുന്നതിനെതിരെ സൗദി പൗരന്മാര്‍ക്ക് ന്യൂദല്‍ഹി സൗദി എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. നിപ്പാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള യാത്ര ഒഴിവാക്കുന്നതിന് തങ്ങളുടെ പൗരന്മാരോട് മറ്റു ഗള്‍ഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.