കോഴിക്കോട്- സമസ്തയിലെ ചില നേതാക്കൾക്ക് തന്നോടും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസുമായും തെറ്റിദ്ധാരണയാണെന്ന് അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി. സമസ്തയിലെ പണ്ഡിതരെ ബഹുമാനിക്കുന്നില്ല എന്നത് തെറ്റായ വാദമാണെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഹക്കീം ഫൈസി പറഞ്ഞു. നബിദിനത്തിലെ അനാവശ്യചെലവുകൾ ധൂർത്താണ് എന്ന് പറയുന്നത് ആദർശവ്യതിയാനമല്ല. സാത്വികരായ പണ്ഡിതരൻമാരുടെ ചിന്തകളുടെ ചട്ടക്കൂട്ടിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത. മികച്ച തീരുമാനമാണ് സമസ്തയിൽനിന്ന് ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ അങ്ങിനെയുള്ള അവസ്ഥയില്ല. ഇത് പക്ഷെ സമസ്തയുടെ മാത്രം പ്രശ്‌നമല്ല. എല്ലാ സംഘടനകളിലെയും ചില നേതാക്കൾക്ക് ശോഷണം സംഭവിച്ചിട്ടുണ്ട്. അത് സമസ്തക്കും സംഭവിച്ചു. തന്റെ പേരിലുള്ള ആരോപണത്തെ പറ്റി എന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. തെറ്റു ചെയ്യുന്നവർ വളരെ കുറച്ചാണ് സമസ്തയിൽ ഉള്ളത്. അവരെ തിരുത്താൻ തയ്യാറാകണം. പലരും വ്യക്തിപരമായ എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. പ്രതി അല്ലെങ്കിൽ ഇര എന്ന നിലയിൽ സമസ്തയിലെ നേതാക്കൾ തിരുത്തണം എന്ന് ആവശ്യപ്പെടാനുള്ള അവകാശം എനിക്കുണ്ട്. എല്ലാ സംഭവവികാസങ്ങളുടെയും പിന്നിൽ രാഷ്ട്രീയമുണ്ട്. സമസ്തയിലെ പ്രതിസന്ധിക്ക് പിന്നിലും രാഷ്ട്രീയമുണ്ട് എന്നാണ് വിശ്വസിക്കുന്നത്. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എം ശ്രമിക്കുന്നുണ്ട് എന്ന് മാധ്യമങ്ങൾ പറയുന്നു. ഇത്തരം കാര്യങ്ങളിൽ എനിക്ക് വിവരം കിട്ടുന്നത് മീഡിയയിൽ നിന്നാണ്. സഹചര്യം വിലയിരുത്തുമ്പോൾ മീഡിയയുടെ വാദം ശരിയാണെന്ന് ഞാനും വിചാരിക്കുന്നു. ബഹുജന അടിത്തറയുള്ള മുഖ്യധാര പ്രസ്ഥാനത്തെ സ്വന്തം പാളയത്തിലേക്ക് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നുണ്ടാകും. ഞാൻ മുസ്ലിം ലീഗ് പ്രവർത്തകനാണ്. കേരളീയ മുസ്ലിംകൾ മുഖ്യധാര മുസ്ലിംകൾ വിദ്യാഭ്യാസത്തിന് വേണ്ടി എന്നെ സമീപിക്കുമ്പോൾ ഞാൻ ലീഗിനെ പിന്തുണക്കാനാണ് പറയാറുള്ളത്. മുസ്ലിം വോട്ട് ഭിന്നിച്ചുപോകാൻ പാടില്ലെന്നാണ് വിശ്വാസം. സാദിഖലി തങ്ങൾ രാജി ആവശ്യപ്പെട്ടത് കൊണ്ടാണ് രാജി നൽകിയത്. പുതിയ കാലത്തെ മികച്ച നേതാവാണ് സാദിഖലി തങ്ങൾ. കാൽ നൂറ്റാണ്ട് പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തെ തകർക്കാൻ അദ്ദേഹം കൂട്ടുനിൽക്കില്ല. അതേസമയം, അദ്ദേഹത്തിന് സമർദ്ദമുണ്ട് എന്ന് സഹചര്യതെളിവുകളുണ്ട്. രാജി ആവശ്യപ്പെടാൻ ആവശ്യമായ സഹചര്യം നിലവിലില്ല. തങ്ങളെ സമർദ്ദത്തിലാക്കിയിട്ടാണ് രാജി വാങ്ങിയത്. എന്റെ നേതാവാണ് തങ്ങൾ. തങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ചു. പാരമ്പര്യങ്ങളെ സംരക്ഷിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. രണ്ടു വിദ്യാഭ്യാസ രീതികളെയും സമന്വയിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. സമസ്തയിലെ മറ്റു സ്ഥാപനങ്ങളിലും നിയന്ത്രണം വന്നേക്കും. വലിയ മഹാൻമാരായ പണ്ഡിതൻമാരുടെ കീഴിലുള്ള സ്ഥാപനങ്ങളെയും പിടികൂടാനാണ് നോക്കുന്നതെന്നും ഹക്കീം ഫൈസി പറഞ്ഞു.