Sorry, you need to enable JavaScript to visit this website.

പണവും പോയി, ഇപ്പോള്‍ ഗുണ്ടകളുടെ ഭീഷണിയും; ഈ വീട്ടമ്മമാരുടെ പ്രയാസം ആരറിയും?

തലശ്ശേരി - തലശ്ശേരി ഉക്കണ്ടന്‍ പീടിക പരിസരത്ത് താമസിക്കുന്ന ഇന്‍ഷുറന്‍സ് തട്ടിപ്പുകാരിയുടെ കെണിയില്‍പെട്ട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് ആത്മഹത്യാ മുനമ്പിലെത്തി നില്‍ക്കുന്ന ഒരു കൂട്ടം വീട്ടമ്മമാര്‍ക്ക് ഇപ്പോള്‍ ഗുണ്ടകളുടെ വധ ഭീഷണിയും. അടച്ച പണം തിരിച്ചു ചോദിച്ചാല്‍ ഭര്‍ത്താക്കന്മാരുടെ കൈയും കാലും വെട്ടി കൊല്ലുമെന്നാണത്രെ മുന്നറിയിപ്പ്. വീടാക്രമിച്ച് പണി തരുമെന്നും തട്ടിപ്പുകാരിയും ഭര്‍ത്താവും ഇടക്കിടെ തെറി വിളിക്കുന്നുമുണ്ട്.
പണം നഷ്ടപ്പെട്ട് ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന വീട്ടമ്മമാര്‍ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും തട്ടിപ്പ് നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കാന്‍ പോലീസ് തയാറാവുന്നില്ലെന്ന് വീട്ടമ്മമാര്‍  പരാതിപ്പെട്ടു.
മുഴപ്പിലങ്ങാട്ടെ രാജശ്രീ, സുമ, ഷമീമ, സുധ, നന്ദന, കണ്ണൂരിലെ ആയിഷ, നസീമ, അഴീക്കോട്ടെ പ്രജിന, തിരുവങ്ങാട്ടെ വിമി, ധര്‍മ്മടം സ്വദേശിനികളായ നീതു, ഷമിമ, പ്രിയ, കാവുംഭാഗത്തെ ഉഷ, സജീവന്‍ തുടങ്ങി ഒട്ടേറെ പേരാണ് വഞ്ചിക്കപ്പെട്ടത്. ഇവരില്‍ കണ്ണൂര്‍ സിറ്റിയിലെ നസീമയും തിരുവങ്ങാട്ടെ വിമിയും സ്വന്തം പണം നല്‍കിയതിന് പുറമെ ഗ്രൂപ്പ് ഏജന്റുമാരായും പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ പുതിയതെരുവിലുണ്ടെന്ന് പറയുന്ന സാന്ത്വനം ഫിനാന്‍സ്, തൃശൂരിലെ കൊടാക്ക് ഇസ്സാഫ് ബാങ്ക് എന്നിവയെ മുന്‍നിര്‍ത്തിയായിരുന്നു കെണി ഒരുക്കിയത്. മക്കളുടെ പഠനം, സ്വയംതൊഴില്‍ വായ്പ തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങള്‍. ലേലക്കുറിയിലൂടെയും ചില വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തി.
5,000 രൂപയുടെ ഇന്‍ഷുറന്‍സ് ഗഡു  അടച്ചാല്‍ ഒരു ലക്ഷം കിട്ടുമെന്നായിരുന്നു പ്രചാരണം. അയ്യായിരം മുതല്‍ 50,000 വരെയും അതില്‍ കൂടുതലും നിക്ഷേപിച്ചവരാണിപ്പോള്‍ പെരുവഴിയിലായത്. ഏതാനും മാസം മുമ്പ് വിഷയത്തില്‍ ഇടപെട്ട കണ്ണൂര്‍ സി.ഐ തട്ടിപ്പുകാരിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി കബളിപ്പിക്കപ്പെട്ടവര്‍ക്ക് പണം എത്രയും പെട്ടെന്ന് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള സാവകാശം തേടി പോയ തട്ടിപ്പുകാരി പിന്നെ കണ്ണൂര്‍ ഭാഗത്തേക്ക് വന്നിട്ടില്ല. നിര്‍ദ്ദേശം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥല മാറി പോയതോടെ തട്ടിപ്പിനിരയായവര്‍ പെരുവഴിയിലായി.

 

Latest News