തിരുവനന്തപുരം : കേരളത്തില്‍ നിന്ന് എ ഐ സി സിയിലേക്ക് തെരഞ്ഞെടുക്കാനായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമര്‍പ്പിച്ച പട്ടിക കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുന:പരിശോധിച്ചേക്കും. പട്ടികയ്ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായി രംഗത്തു വരികയും പരസ്യ പ്രതികരണം നടത്തുകയും നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പുന:പരിശോധനയ്ക്ക് കളമൊരുങ്ങുന്നത്. സമവായത്തിലൂടെ സമിതി അംഗങ്ങളെ നിശ്ചയിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ 60 അംഗ പട്ടികയാണ് ദേശീയ നേതൃത്വത്തിന് അയച്ചിരിക്കുന്നത്. എന്നാല്‍ എണ്ണം 41ല്‍ കൂടുതലാവാന്‍ പാടില്ലെന്നാണ് ദേശീയ നേതൃത്വമെടുത്ത നിലപാട്. കെ.സുധാകരനും, വി ഡി സതീശനും ഇഷ്ടമുള്ളവരെ പട്ടികയില്‍ തിരുകിക്കയറ്റുകയാണ് ചെയ്തതെന്നാണ് വിവിധ ഗ്രൂപ്പ് നേതാക്കളുടെ പരാതി. പട്ടിക തയ്യാറാക്കുന്നതിന് മുന്‍പ് കൂടിയാലോചന നടത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും എം.എം ഹസ്സനും ഉള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് പരാതി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് സമവായത്തിലെത്താന്‍ പട്ടിക പുന:പരിശോധിക്കാനാണ് നീക്കം നടത്തുന്നത്. പ്രശ്നപരിഹാരത്തിന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരള നേതാക്കളെ ചര്‍ച്ചയക്ക് വിളിച്ചിട്ടുണ്ട്.