Sorry, you need to enable JavaScript to visit this website.

ബിജു ഇസ്രായലില്‍ മുങ്ങിയത് പുണ്യസ്ഥലങ്ങള്‍  കാണാന്‍, നാളെ കേരളത്തില്‍ തിരിച്ചെത്തും 

കൊച്ചി- കാര്‍ഷിക പഠനത്തിനായി കേരളത്തില്‍ നിന്ന് ഇസ്രായലിലെത്തി മുങ്ങിയ ബിജു കുര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ബിജു കുര്യന്‍ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബിജു കേരളത്തിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍നിന്ന് ഇസ്രായിലിലെത്തിയ സംഘത്തില്‍നിന്ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് കാണാതായത്. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ നഗരത്തില്‍ നിന്നാണ് ഇയാളെ കാണാതായത്. ഇസ്രായലിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇദ്ദേഹം സംഘം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസം ജറുസലേം സന്ദര്‍ശിക്കുകയും അടുത്ത ദിവസം അവിടെനിന്ന് ബെത്ലഹേമിലേക്ക് പോകുകയും ചെയ്തു. ബെത്ലഹേമില്‍ ഒരു ദിവസം തങ്ങിയതിന് ശേഷം കര്‍ഷകസംഘത്തിനൊപ്പം ചേര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ബിജു മടങ്ങിയെത്തുന്നതിന് മുമ്പ് സംഘാംഗങ്ങള്‍ കേരളത്തിലേക്ക് മടങ്ങിയിരുന്നു.
ബിജുവിനെക്കുറിച്ച് സര്‍ക്കാരിന് നിര്‍ണായക സൂചന ലഭിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. ബിജുവിനെ ഉടന്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രത്തില്‍ നിന്ന സര്‍ക്കാരിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ഇപ്പോള്‍ ഇത് കൃഷിവകുപ്പിന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത പരിശീലന പരിപാടിക്കിടെയാണ് ഇയാളെ കാണാതായത്. അതുകൊണ്ട് എങ്ങനെയെങ്കിലും ബിജുവിനെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിക്കേണ്ട ബാധ്യതയുണ്ട്. ബിജുവിനെതിരെ ഞങ്ങള്‍ ഒരു നടപടിയും എടുക്കില്ല, പക്ഷെ പോലീസ് അന്വേഷണത്തിന്റെ ഫലം എന്തായിരിക്കുമെന്നറിയില്ല'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രശ്‌നങ്ങളില്‍ ബിജു അസ്വസ്ഥനാണെന്നാണ് വിവരം. പ്രയാസമുണ്ടായതില്‍ സംസ്ഥാന കൃഷിമന്ത്രി ഉള്‍പ്പെടെയുള്ളവരോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 
 

Latest News