തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാം ശനിയാഴ്ചയ്ക്ക് പുറമെ നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. സാധാരണ പ്രവര്‍ത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധിയാക്കാം എന്നായിരുന്നു ഭരണ പരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ വെച്ച നിര്‍ദ്ദേശം. പ്രതി വര്‍ഷം 20 കാഷ്വല്‍ ലീവ് ഉള്ളത് 18 ആയി കുറയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എന്‍ ജി ഒ യൂണിയനും സെക്രട്ടറിയേറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഇടതു സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയതെന്നാണ് സൂചന.
പ്രതിദിന പ്രവര്‍ത്തി സമയം കൂട്ടുന്നതിനൊപ്പം അഞ്ച് കാഷ്വല്‍ ലീവ് കുറയ്ക്കുകയെന്ന ആദ്യതീരുമാനത്തെ സര്‍വീസ് സംഘടനകള്‍ അനുകൂലിച്ചില്ല. തുടര്‍ന്ന് കുറയ്ക്കുന്ന കാഷ്വല്‍ ലീവുകളുടെ എണ്ണം രണ്ടാക്കി ചുരുക്കിയെങ്കിലും അതിനോടും യോജിപ്പുണ്ടായിരുന്നില്ല.