Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തൊഴില്‍ മന്ത്രിക്ക് മാറ്റം;  സാംസ്‌കാരിക മന്ത്രാലയം പ്രത്യേകമാക്കി 

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്
ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍സൗദ് രാജകുമാരന്‍
എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി

ജിദ്ദ - സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചും മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും ഹിസ്റ്റൊറിക് ജിദ്ദയുടെയും വികസനങ്ങള്‍ക്ക് വേഗം പകരുന്ന സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവുകളിറക്കി. 
സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ രണ്ടായി വിഭജിച്ചു. അറബ് ന്യൂസും മലയാളം ന്യൂസും അടക്കമുള്ള പ്രസിദ്ധീകരണങ്ങളുടെ ഉടമകളായ സൗദി റിസര്‍ച്ച് ആന്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍സൗദ് രാജകുമാരനെ സാംസ്‌കാരിക മന്ത്രിയായി നിയമിച്ചു. 

ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍സൗദ് രാജകുമാരന്‍ 

തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസിനെ പദവിയില്‍നിന്ന് നീക്കം ചെയ്ത് എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹിയെ തല്‍സ്ഥാനത്ത് നിയമിച്ചതാണ് മന്ത്രിസഭയിലെ പ്രധാന മാറ്റം. ഇസ്‌ലാമികകാര്യ മന്ത്രി പദവി വഹിച്ചിരുന്ന ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖിനെ സഹമന്ത്രിയായും സുരക്ഷാ, രാഷ്ട്രീയകാര്യ സമിതി അംഗമായും മുന്‍ മതകാര്യ പോലീസ് മേധാവി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിനെ ഇസ്‌ലാമികകാര്യ മന്ത്രിയായും അബ്ദുല്ല ബിന്‍ സാലിം അല്‍മുഅ്താനിയെ ശൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കറായും ഡോ. ഖാലിദ് അല്‍സുല്‍ത്താനെ കിംഗ് അബ്ദുല്ല ആണവോര്‍ജ, പുനരുപയോഗ ഊര്‍ജ സിറ്റി പ്രസിഡന്റ് ആയും മുഹമ്മദ് അല്‍സല്‍മിയെ അസിസ്റ്റന്റ് സിവില്‍ സര്‍വീസ് മന്ത്രിയായും എന്‍ജിനീയര്‍ അബ്ദുല്ല അല്‍സഅ്ദാനെ ജുബൈല്‍, യാമ്പു റോയല്‍ കമ്മീഷന്‍ പ്രസിഡന്റ് ആയും എന്‍ജിനീയര്‍ ഹൈഥം അല്‍ഊഹലിയെ ഡെപ്യൂട്ടി ടെലികോം, ഐ.ടി മന്ത്രിയായും ഡോ. ബന്ദര്‍ അല്‍റശീദിനെ കിരീടാവകാശിയുടെ ഉപദേഷ്ടാവായും നിയമിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഗതാഗത മന്ത്രി എന്‍ജിനീയര്‍ സഅദ് അല്‍ഖലബിനെയും ഹഫര്‍ അല്‍ബാത്തിന്‍ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍സുവയാനെയും പദവികളില്‍ നിന്ന് നീക്കം ചെയ്തു. 

എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി

ദേശീയ സുരക്ഷാ ഏജന്‍സി ഉപദേഷ്ടാവ് പദവിയില്‍ അഹ്മദ് അല്‍ഥഖഫിയെയും ഖനന കാര്യങ്ങള്‍ക്കുള്ള ഡെപ്യൂട്ടി ഊര്‍ജ, വ്യവസായ മന്ത്രിയായി എന്‍ജിനീയര്‍ ഖാലിദ് അല്‍മുദൈഫിറിനെയും വ്യവസായ കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് ഊര്‍ജ, വ്യവസായ മന്ത്രിയായി എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അല്‍അബ്ദുല്‍ കരീമിനെയും അസിസ്റ്റന്റ് ഊര്‍ജ, വ്യവസായ മന്ത്രിയായി എന്‍ജിനീയര്‍ നാസിര്‍ അല്‍നഫീസിയെയും ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയായി ഡോ. നാസിര്‍ അല്‍ദാവൂദിനെയും ഡെപ്യൂട്ടി ഗതാഗത മന്ത്രിയായി എന്‍ജിനീയര്‍ ബദ്ര്‍ ബിന്‍ അബ്ദുല്ല അല്‍ദലാമിയെയും ഹഫര്‍ അല്‍ബാത്തിന്‍ യൂനിവേഴ്‌സിറ്റി ഡയറക്ടറായി ഡോ. മുഹമ്മദ് അല്‍ഖഹ്താനിയെയും രാജാവ് നിയമിച്ചു. 

Latest News