പീഡന കേസ് പ്രതിയെ തേടി പോയ  പോലീസ് സംഘം വനത്തില്‍ കുടങ്ങി 

തൊടുപുഴ-വണ്ടിപ്പെരിയാര്‍ സത്രം വനമേഖലയില്‍ പോക്‌സോ കേസ് പ്രതിയെ തെരഞ്ഞ് ഇറങ്ങിയ പോലീസ് സംഘത്തിലെ നാലുപേര്‍ വനത്തില്‍ കുടുങ്ങി. ഫയര്‍ഫോഴ്സ്, വനംവകുപ്പ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കൊടും കാട്ടിലകപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ പോക്സോ കേസിലെ പ്രതിയായ ജോയി എന്ന ആദിവാസി യുവാവിനെ അന്വേഷിച്ച് റാന്നി ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പമ്പ സി.ഐ മഹേഷ്, എസ്.ഐ എന്നിവരുള്‍പ്പെട്ട എട്ടംഗ പോലീസ് സംഘമാണ് എരുമേലി റേഞ്ചില്‍ ഉള്‍പ്പെട്ട വനത്തിലൂടെ വണ്ടിപ്പെരിയാര്‍ സത്രം വനമേഖലയില്‍ എത്തിയത്. തെരച്ചിലിനിടെ ഇവരോടൊപ്പമുണ്ടായിരുന്ന ഒരു പോലീസുകാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമം വേണ്ടിവന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനൊപ്പം മൂന്ന് പോലീസുകാരെ നിറുത്തി ഡിവൈ.എസ്.പിയും സി.ഐയും രണ്ട് പോലീസുകാരും വനത്തിന് പുറത്തെത്തി. ഏറെ നേരം കഴിഞ്ഞിട്ടും വനത്തിലുള്ള പോലീസുകാര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ഡിവൈ.എസ്.പിയും സംഘവും ഫയര്‍ഫോഴ്‌സിനെയും വണ്ടിപ്പെരിയാര്‍ പോലീസിനെയും വിവരമറിയിച്ചത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസ്, പീരുമേട് ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം വനത്തില്‍ കുടുങ്ങിയ പോലീസുകാര്‍ക്കായി തെരിച്ചില്‍ നടത്തി. രാത്രി എട്ട് മണിയോടെയാണ് ഇവരെ കണ്ടെത്താനായത്. ആന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുള്ള പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ വനത്തില്‍ ഇവര്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഖമില്ലാത്ത പോലീസുദ്യോഗസ്ഥനെ ഫയര്‍ഫോഴ്സ് എടുത്തുകൊണ്ടാണ് കൊടുംവനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. മൊബൈല്‍ നെറ്റ്വര്‍ക്ക് തീരെയില്ലാത്തതിനാലാണ് ഇവരെ ഫോണില്‍ ബന്ധപ്പെടാനാകാതിരുന്നത്. 

Latest News