കൊല്ലം-ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാനുള്ള നീക്കം അന്തിമഘട്ടത്തില്‍. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ് പേരിട്ടിരിക്കുന്നത്. ബി.ജെ.പി. കേന്ദ്രനേതൃത്വമാണ് പേര് നിര്‍ദേശിച്ചതെന്നാണ് വിവരം. ചില കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ്. പോലെ ഒരു പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിച്ച് എന്‍.ഡി.എ.യുടെ ഭാഗമാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം.
പ്രമുഖ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ എറണാകുളം, ഇടുക്കി ജില്ലകളില്‍നിന്നുള്ള രണ്ട് മുന്‍ എം.എല്‍.എ.മാര്‍, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍നിന്ന് എം.പി.യും എം.എല്‍.എ.യുമായ മുതിര്‍ന്ന നേതാവ് എന്നിവരാണ് പുതിയ പാര്‍ട്ടിയുടെ മുന്‍നിരയിലുള്ളത്. മധ്യതിരുവിതാംകൂറിലെ ഒരു മുന്‍ മെത്രാനും ബി.ജെ.പി. നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ക്രൈസ്തവ ഗ്രൂപ്പുകളെക്കൂടി എന്‍.പി.പി.യുടെ ഭാഗമാക്കാനാണ് ശ്രമം. നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അല്‍മായ സംഘടനയും പുതിയ പാര്‍ട്ടിയില്‍ ചേരും. ദല്‍ഹി, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പലതവണ കഴിഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും പങ്കെടുത്തു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പുതിയ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് നല്‍കുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. ഇക്കാര്യം തത്ത്വത്തില്‍ തീരുമാനിച്ചെന്നാണ് വിവരം.