കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രമ വിദ്യാര്‍ത്ഥികളെ ആക്ഷേപിച്ചെന്നാരോപിച്ച് നിയമ നടപടിക്കൊരുങ്ങി വിദ്യാര്‍ത്ഥികള്‍. കോളേജില്‍ മലിനജലമാണ് നല്‍കുന്നതെന്നാരോപിച്ച് പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥികളെ ഡോ.രമ അധിക്ഷേപിക്കുകയും പൂട്ടിയിടുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഇടപെട്ട് ഇവരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കോളജില്‍ മയക്കുമരുന്ന് വില്‍പന സജീവമാണെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അസാന്‍മാര്‍ഗികമായ പലതും നടക്കുന്നുവെന്നും ഡോ : രമ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്. ഡോ.രമയെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്നും നീക്കിയതിലുള്ള വിദ്വേഷമാണ് കോളേജിനെയും വിദ്യാര്‍ത്ഥികളെയും താറടിച്ചുകൊണ്ടുള്ള ഇവരുടെ അഭിപ്രായങ്ങള്‍ക്ക് പിന്നില്ലെന്ന് എസ് എഫ് ഐ ആരോപിച്ചു. രമ നല്‍കിയ പരാതിയില്‍ 60 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു. കോളേജിലെ ഫില്‍ട്ടറില്‍ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു.. ഇതിന് പിന്നാലെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഡോ.രമയെ സര്‍ക്കാര്‍ നീക്കുകയായിരുന്നു