കോഴിക്കോട്- മുസ്ലിം സമൂഹത്തെ സജ്ജമാക്കാൻ ബാധ്യതപ്പെട്ട പണ്ഡിതന്മാർ അനാവശ്യമായ സംഘടനാ പക്ഷപാതിത്വത്തിന്റെ പേരിൽ സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കരുതെന്ന് കേരള ജംഇയ്യത്തുൽ ഉലമ മർകസുദഅവയിൽ സംഘടിപ്പിച്ച കേരള സ്‌കോളേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. കാലത്തിന്റെ ചോദ്യങ്ങൾക്ക് പ്രമാണബന്ധിതമായി ഉത്തരം കണ്ടെത്താൻ സമുദായത്തെ പ്രാപ്തരാക്കുകയെന്നതായിരിക്കണം ഇക്കാലത്ത് പണ്ഡിത ദൗത്യമായി കാണേണ്ടത്. സാമൂഹ്യ നവോത്ഥാനത്തിന് മുൻകയ്യെടുക്കുന്ന പണ്ഡിതന്മാരെ അനാവശ്യമായി വേട്ടയാടി ഒറ്റപ്പെടുത്തുന്ന പ്രവണത ഒട്ടും ആശാസ്യമല്ല.
അന്ധവിശ്വാസങ്ങളിൽ നിന്നും സാമൂഹ്യതിൻമകളിൽ നിന്നും സമുദായത്തെ കാത്തുരക്ഷിക്കാൻ പണ്ഡിതൻമാർ ജാഗ്രവത്താവണം. നവലിബറൽ ചിന്താധാര ആധുനിക യുവതയിൽ സൃഷ്ടിക്കുന്ന അരാജകത്വത്തെ തന്മയത്വത്തോടെ നേരിടാൻ മഹല്ലുകളെ സജ്ജമാക്കണം. ആത്മീയ മേഖലയെ ധനസമ്പാദത്തിനുള്ള മാർഗമാക്കി മാറ്റുന്നവരെ ആത്മീയ മേഖലകളിൽ നിന്നും അകറ്റി നിർത്താൻ പണ്ഡിതൻമാർ തന്നെ വിശ്വാസികളെ ബോധവത്കരിക്കണം. മത പ്രബോധന മേഖലയെ ധനാഗമ മാർഗമാക്കി മാറ്റുന്ന പരോഹിതന്മാർ വിശ്വാസികളെ മതത്തിൽ നിന്നകറ്റുമെന്ന യാഥാർത്ഥ്യം മത നേതൃത്വങ്ങൾ ഗൗരവമായി കാണണമെന്നും കെ.ജെ.യു. സ്‌കോളേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.
സ്‌കോളേഴ്‌സ് മീറ്റ് പ്രസിഡണ്ട് പ്രൊഫ. എ. അബ്ദുൽ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ജന. സിക്രട്ടറി ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം (മർകസുദ്ദഅ്‌വ) ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. പി. അബ്ദുൽഅലി മദനി, പി.കെ. മൊയ്തീൻ സുല്ലമി, പ്രൊഫ. അലി മദനി മൊറയൂർ, പ്രൊഫ. എ.പി. സകരിയ്യ, ഡോ. അബ്ദുൽ മജീദ് മദനി, എ. അബ്ദുൽ അസീസ് മദനി, എം. അഹ്മദ്കുട്ടി മദനി, പ്രൊഫ. ശംസുദ്ദീൻ പാലക്കോട്, കെ.അബൂബക്കർ മൗലവി, കെ.പി. അബ്ദുറഹ്മാൻ സുല്ലമി, കെ.സി.സി. മുഹമ്മദ് അൻസാരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, അബ്ദുസ്സലാം പുത്തൂർ,കെ.എം. കുഞ്ഞമ്മദ് മദനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.