പക്ഷികളുടെ മരണതാഴ് വരയാണ് ജതിംഗ. കുന്നുകളാല്‍ ചുറ്റപ്പെട്ട ശാന്തമായ ഗ്രാമം. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലെ നിലാവില്ലാത്ത രാത്രികളില്‍ അവിടെ പക്ഷികള്‍ കൂട്ടത്തോടെ പറന്നെത്തും. പക്ഷേ, അവ ചേക്കേറുന്നത് മരണത്തിന്റെ ചില്ലകളിലാണെന്ന് മാത്രം. പക്ഷികള്‍ കൂട്ടമായെത്തി ചത്തുവീഴുന്ന ജതിംഗയെ ലോകം അറിയുന്നത് പക്ഷികളുടെ ആത്മഹത്യാ താഴ്‌വരയെന്നാണ്. അസാമിലെ ദിമ ഹസാവോ ജില്ലയിലാണ് ജതിംഗ ഗ്രാമം. മണ്‍സൂണ്‍ കാലം തീരാറാകുമ്പോഴാണ് പക്ഷികളുടെ കൂട്ടമരണം. പ്രത്യേകിച്ച് നല്ല ഇരുട്ടും മഞ്ഞുമുള്ള ദിവസങ്ങളില്‍ വൈകിട്ട് ഏഴിനും രാത്രി പത്തിനും ഇടയില്‍. പറന്നുവരുന്ന പക്ഷികള്‍ കെട്ടിടങ്ങളിലും തറയിലുമെല്ലാം ഇടിച്ചു വീണാണ് ചാവുന്നത്. നാടന്‍ പക്ഷികളും ദേശാടനക്കിളികളുമെല്ലാം ചത്തു വീഴാറുണ്ട്. ജതിംഗ ഗ്രാമത്തില്‍ എല്ലായിടത്തും ഈ പ്രതിഭാസം കാണാനാകില്ല. ഒന്നര കിലോമീറ്ററോളം നീളമുള്ള ഒരു ഇടുങ്ങിയ പ്രദേശത്താണ് ഇതു സംഭവിക്കുന്നത്. വിചിത്രമായ ഈ പ്രതിഭാസം കാണാന്‍ നിരവധിപേര്‍ ജതിംഗയിലെത്തുന്നത്. ഇതിന്റെ പേരില്‍ ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര ലോകത്തിന് ഇന്നും പിടികിട്ടാത്ത പ്രഹേളികയാണ് ഇത്