റിയാദ്- വിയന്ന ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായ ഡോ. ക്രിസ്‌റ്റോഫ് ഷോണ്‍ബ്രൂണിന് റിയാദിലെ മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്ത് ഊഷ്മള സ്വീകരണം നല്‍കി. മുസ്‌ലിം വേള്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറിയും ഇസ്‌ലാമിക പണ്ഡിത സഭാ അധ്യക്ഷനുമായ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസയുടെ ഔദ്യോഗിക ക്ഷണപ്രകാരം റിയാദിലെത്തിയതായിരുന്നു അദ്ദേഹം. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കും മതനേതൃത്വങ്ങള്‍ക്കും ദേശീയതകള്‍ക്കുമിടയില്‍ പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാത വെട്ടിത്തുറക്കുന്നതില്‍ പങ്കുവഹിക്കുന്ന കര്‍ദ്ദിനാളിന്റെ റിയാദ് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചിരുന്നു.
2019 ലെ മക്ക കോണ്‍ഫറന്‍സിന്റെ പ്രമേയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ മേഖലകള്‍ തേടുക, പരസ്പര വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാതിരിക്കുക, സ്ത്രീകളുടെയും യുവാക്കളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഇസ്‌ലാമോഫോബിയയുടെ വ്യാപനം തടയാനാവശ്യമായ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുക, വ്യത്യസ്ത വിഭാഗങ്ങളുടെ ആരാധനാലയങ്ങളെയും ആരാധ്യവസ്തുക്കളെയും അപകീര്‍ത്തിപ്പെടുത്താതിരിക്കുക തുടങ്ങി 29 ഓളം പ്രമേയങ്ങളാണ് മക്ക കോണ്‍ഫറന്‍സ് പ്രമേയങ്ങളെന്ന പേരില്‍ അറിയപ്പെടുന്നത്. ലോകാടിസ്ഥാനത്തില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച കര്‍ദ്ദിനാള്‍ ഭാവിയില്‍ അന്താരാഷ്ട്ര തലത്തില്‍ മുസ്‌ലിം വേള്‍ഡ് ലീഗുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സഭയുടെ സന്നദ്ധതയും അറിയിച്ചു.