തിരുവനന്തപുരം- ട്രാവന്‍കൂര്‍ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടൈറ്റാനിയം ലീഗല്‍ ഡി.ജി.എം ശശികുമാരന്‍ തമ്പി അറസ്റ്റില്‍. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലും ഇയാള്‍ പ്രതിയാണ്. ജോലി തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തതായി ശശികുമാരന്‍ തമ്പി സമ്മതിച്ചു. എന്നാല്‍ ജോലി വാഗ്ദാനം ചെയ്ത് ആരില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.
ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ച ശ്യാംലാല്‍, പ്രധാന ഇടനിലക്കാരായ ദിവ്യ ജ്യോതി, അഭിലാഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമാണ് ദിവ്യ ജ്യോതി. ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ ഒന്നരക്കോടിയോളം രൂപ ഇവര്‍ പലരില്‍നിന്നായി തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷും കേസില്‍ പ്രതിയാണ്. മാസം 75,000 രൂപ ശമ്പളത്തില്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.