മലപ്പുറം- പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഭാഗമായി വനിതാ ലീഗ് കോട്ടയത്ത് ദുരഭിമാനകൊലക്കിരയായ കെവിന്റെ വീട്ടില്‍ ഓര്‍മ മരം നടും. കോട്ടയം നാട്ടാശേരിയിലുള്ള കെവിന്റെ വീട് നാളെ വനിതാ ലീഗ് കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശിക്കാനും മരം നടുവാനും ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കെവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
വനിതാ ലീഗിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റശേഷം ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കാനാണ് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നിര്‍ദേശ പ്രകാരം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നത്. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, സെക്രട്ടറിമാരായ അഡ്വ.പി.എം.എ.സലാം,സി.എച്ച്.റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു.
ഈ മാസം അവസാനത്തോടെ ഭാവി പദ്ധതികളുടെ കര്‍മ രേഖ തയ്യാറാക്കും. മുഴുവന്‍ ജില്ലകളിലും വനിതാ ലീഗ് പ്രവര്‍ത്തനം സജീവ മാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഇതിനായി സംസ്ഥാന ഭാരവാഹികളില്‍ ഓരോര്‍ത്തര്‍ക്കും ഓരോ ജില്ലയുടെ പ്രവര്‍ത്തന ചുമതല നല്‍കും.
നിപ്പാ വൈറസ് ഭീഷണിയുടെ സാഹചര്യത്തില്‍ മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് പുനഃപരിശോധിക്കണം. കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് 12 ലേക്ക് മാറ്റിയെങ്കിലും ആറിനാണ് മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത്. നിപ്പയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് കൂടുതല്‍ അപകടത്തിന് കാരണമാകുമെന്ന് യോഗം വിലയിരുത്തി. റമദാനില്‍ കോഴിക്കോട് സി.എച്ച്.സെന്റര്‍ നടത്തുന്ന സേവനത്തിന് കൈത്താങ്ങാവാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഇഫ്താറിന് അര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും.
മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഖമറുന്നീസ അന്‍വര്‍, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു, ട്രഷറര്‍ സീമ യഹ്യ, വൈസ് പ്രസിഡന്റുമാരായ ഷാഹിന നിയാസി, ആയിഷത്തുത്വാഹിറ, പി.സഫിയ, ബീഗം സാബിറ, സെക്രട്ടറിമാരായ റോഷ്നി ഖാലിദ്,സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, സാജിദ സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.