മക്ക - വിശുദ്ധ ഹറമിൽ വിശ്വാസികൾക്കും തീർഥാടകർക്കുമിടയിൽ വിതരണം ചെയ്യാൻ കൂടുതൽ ആകർഷകമായ രൂപത്തിലുള്ള പുതിയ സംസം ബോട്ടിലുകൾ ഹറംകാര്യ വകുപ്പ് പുറത്തിറക്കി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പുതിയ ബോട്ടിലുകൾ ഉദ്ഘാടനം ചെയ്തു. ഹറംകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
വിശുദ്ധ ഹറമിലെത്തുന്ന തീർഥാകരുടെയും വിശ്വാസികളുടെയും സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടികളെല്ലാം പാലിച്ച് സംസം ബോട്ടിൽ വിതരണം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. ഇതുവരെ സാധാരണ മിനറൽ വാട്ടർ കുപ്പികൾക്ക് സമാനമായ ബോട്ടിലുകളിലാണ് ഹറംകാര്യ വകുപ്പ് ഹറമിൽ സംസം വിതരണം ചെയ്തിരുന്നത്. ആയിരക്കണക്കിന് വലിയ ജാറുകളും ടാപ്പുകളും വഴിയും ഹറമിൽ സംസം വിതരണം ചെയ്യുന്നുണ്ട്.
ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടിവന്ന ഉറവയാണ് സംസം. സംസം എന്ന അറബി വാക്കിന്റെ അർഥം അടങ്ങുക എന്നാണ്. ഇബ്രാഹിം നബി ഭാര്യ ഹാജറയെയും, മകൻ ഇസ്മായിലിനേയും മക്കയിലെ മരുഭൂമിയിൽ അല്ലാഹുവിനെ ഏൽപ്പിച്ച് മതപ്രബോധനത്തിനായി അന്യനാട്ടിലേക്ക് പോയി. ഹാജറയും മകൻ ഇസ്മാഈലും മക്കയിലെ മരുഭൂമിയിലൂടെ വെള്ളം കിട്ടാതെ ദാഹിച്ചു തളർന്ന് നടക്കുകയായിരുന്നു. വിജനമായ മരുഭൂമിയിൽ ഒരിറ്റുവെള്ളം പോലുമില്ലാതെ കുഞ്ഞിനെയും കൊണ്ട് തനിച്ചായി ഹാജറ. ദാഹം കൊണ്ട് അവശനായ ഇസ്മാഈൽ വെള്ളത്തിനായി കരച്ചിലായി. ഈ വിഷാദാവസ്ഥയിൽ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ കഅബ സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട് തൊട്ടടുത്തുള്ള സഫ കുന്നിലേക്ക് അവർ പുറപ്പെട്ടു. മലഞ്ചെരുവിൽ ആരെങ്കിലുമുണ്ടോ എന്ന് നോക്കി. നിരാശയായിരുന്നു ഫലം. ഉടൻ തന്നെ സഫ കുന്നിൽ നിന്നും നിന്ന് താഴ്‌വരയിലേക്കിറങ്ങി മർവാ കുന്നിലേക്ക് നടന്നു. മർവയിലെത്തി നാലുപാടും നോക്കിയിട്ടും ആരെയും കണ്ടില്ല. നിരാശയായ ഹാജറ ദാഹജലത്തിന് വേണ്ടി വീണ്ടും സഫ-മർവ കുന്നുകളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ ഓടി. നിരാശയായി തിരിച്ചെത്തിയ ഹാജറ ബീവി കണ്ടത് മകൻ കാലിട്ടടിച്ച് കരയുന്ന സ്ഥലത്ത് വലിയൊരു ശുദ്ധ ജല ഉറവ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതാണ്. നീരുറവയുടെ ശക്തി നിലക്കാതെ വന്നപ്പോൾ ഹാജറ സംസം (അടങ്ങുക) എന്ന് വിളിച്ചു പറഞ്ഞു. അതോടെ വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഈ നീരുറവയാണു സംസം കിണറായി മാറിയത് എന്നാണ് ഇസ്ലാമിക വിശ്വാസം.
ലോകത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന ഹാജിമാരും കുടിക്കുന്നതും കാനുകളിൽ നിറച്ച് കൊണ്ടുപോകുന്നതും മക്ക, മദീന പള്ളികളിൽ ഉപയോഗിക്കുന്നതും സംസം ജലമാണ്. എന്നിട്ടും ഈ കിണർ ഒരിക്കൽ പോലും വറ്റിയിട്ടില്ല. ക്രിസ്തുവിന്ന് രണ്ടായിരം വർഷം മുമ്പാണിതിന്റെ തുടക്കമെന്നാണ് ചരിത്ര രേഖകൾ വിശദമാക്കുന്നത്. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ഹജ്ജ് കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ കിണറിനെയാണ്.
ഹജറുൽ അസ്‌വദിൽ നിന്ന് പതിനെട്ട് മീറ്റർ അകലെ കഅബ മന്ദിരത്തിന്റെ ഇരുപത് മീറ്റർ കിഴക്കായിട്ടാണ് സംസം കിണർ നിലകൊള്ളുന്നത്. ഭൂനിരപ്പിൽനിന്നു 3.23 മീറ്റർ താഴ്ചയിലാണ് സംസം ജലത്തിന്റെ ജലവിതാനം. സംസം കിണറിന്റെ ആഴം മുപ്പത് മീറ്ററും വ്യാസം 1.08 മീറ്റർ മുതൽ 2.66 മീറ്റർ വരെയുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
സൗദി ജിയോളജിക്കൽ സർവേയുടെ കീഴിലുള്ള സംസം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ കണ്ടെത്തലനുസരിച്ച്, ഈ കിണറ്റിൽ നിന്നു ഒരു സെക്കന്റിൽ 80 ലിറ്റർ അഥവാ 280 ക്യുബിക് ഫീറ്റ് വെള്ളമാണ് പുറത്തേക്കെത്തുന്നത്. ജലം കൂടുതൽ പമ്പ് ചെയ്യുന്നതിന്ന് അനുസൃതമായി ജലനിരപ്പ് 12.72 മീറ്റർവരെ താഴുന്നു. പക്ഷെ പതിനൊന്ന് മിനുറ്റുകൾ അഥവാ 660 സെക്കന്റുകൾക്കകം ജലനിരപ്പ് പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും. മക്കയിലെ മറ്റിടങ്ങളിലുള്ള കിണറുകളിൽ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്റെ ജലനിരപ്പിൽ മാറ്റം വരാറില്ല.