റിയാദ് - മറ്റു ടെലികോം കമ്പനികളെ അപേക്ഷിച്ച് സൗദി ടെലികോം കമ്പനിയിൽ ഡാറ്റ നിരക്ക് ഏറെ കൂടുതൽ. വിവിധ ടെലികോം കമ്പനികൾ പാക്കേജുകൾക്ക് (സ്‌കീം) പുറത്ത് ഈടാക്കുന്ന ഡാറ്റ നിരക്കുകൾ തമ്മിൽ ഏറെ അന്തരങ്ങളുണ്ട്. സൗദി ടെലികോം കമ്പനിയിൽ പാക്കേജുകൾക്ക് പുറത്ത് ഒരു എം.ബി ഡാറ്റക്ക് രണ്ടു റിയാലാണ് നിരക്ക്. ഇതുപ്രകാരം ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാൻ എസ്.ടി.സി ഉപയോക്താക്കൾക്ക് 2,048 റിയാൽ ചെലവ് വരും. പാക്കേജിന് പുറത്ത് ഡാറ്റ നിരക്ക് ഏറ്റവും കുറഞ്ഞ സലാം കമ്പനിയെ അപേക്ഷിച്ച് എസ്.ടി.സി ഈടാക്കുന്ന നിരക്ക് 9,900 ശതമാനം കൂടുതലാണ്.
ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന രണ്ടാമത്തെ കമ്പനി സെയ്ൻ ആണ്. സെയ്ൻ കമ്പനി പാക്കേജിന് പുറത്ത് ഒരു എം.ബിക്ക് 45 ഹലലയാണ് ഈടാക്കുന്നത്. ഇതുപ്രകാരം ഒരു ജി.ബി ഡാറ്റക്ക് സെയ്ൻ കമ്പനി ഉപയോക്താക്കൾ 461 റിയാൽ നൽകണം. മൂന്നാം സ്ഥാനത്തുള്ള ലിബാറ കമ്പനി ഒരു എം.ബിക്ക് ഈടാക്കുന്നത് 40 ഹലലയാണ്. ലിബാറ കമ്പനി വരിക്കാൻ ഒരു ജി.ബി ഡാറ്റക്ക് 410 റിയാൽ നൽകണം. വിർജിൻ മൊബൈൽ കമ്പനി ഒരു എം.ബിക്ക് 20 ഹലലയാണ് ഈടാക്കുന്നത്. ഇതുപ്രകാരം പാക്കേജിന് പുറത്ത് ഒരു ജി.ബി ഡാറ്റക്ക് വിർജിൻ വരിക്കാൻ 205 റിയാൽ നൽകേണ്ടിവരും. അഞ്ചാം സ്ഥാനത്തുള്ള മൊബൈലിയിൽ ഒരു എം.ബി ഡാറ്റക്ക് 4.5 ഹലലയാണ് നിക്ക്. ഒരു ജി.ബി ഡാറ്റക്ക് മൊബൈലി വരിക്കാൻ 46 റിയാൽ നൽകിയാൽ മതി. ഏറ്റവും നിരക്ക് കുറഞ്ഞ സലാം കമ്പനിയിൽ പാക്കേജിന് പുറത്തുള്ള ഒരു എം.ബി ഡാറ്റക്ക് രണ്ടു ഹലല മാത്രമാണ് നിരക്ക്. ഒരു ജി.ബിക്ക് 20 റിയാൽ മാത്രമാണ് സലാം കമ്പനി വരിക്കാർ നൽകേണ്ടത്.
പാക്കേജിന് പുറത്ത് എസ്.ടി.സി വരിക്കാർ ഉപയോഗിക്കുന്ന ഡാറ്റക്ക് സെയ്ൻ കമ്പനി വരിക്കാരെക്കാൾ 344 ശതമാനവും ലിബാറ കമ്പനി വരിക്കാരെക്കാൾ 400 ശതമാനവും വിർജിൻ വരിക്കാരെക്കാൾ 900 ശതമാനവും മൊബൈലി വരിക്കാരെക്കാൾ 4,344 ശതമാനവും സലാം കമ്പനി വരിക്കാരെക്കാൾ 9,900 ശതമാനവും (99 ഇരട്ടി) അധികം തുക ചെലവഴിക്കണം. പാക്കേജ് കാലാവധി അവസാനിച്ച ശേഷവും പാക്കേജിൽ വരിചേരാതെയും ഉപയോഗിക്കുന്ന ഡാറ്റക്ക് വിവിധ കമ്പനികൾ ഈടാക്കുന്ന നിരക്കുകൾ അവലംബിച്ചാണ് ഈ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. സൗദിയിൽ ആറു കമ്പനികളാണ് മൊബൈൽ ഫോൺ ഇന്റർനെറ്റ് സേവനം നൽകുന്നത്.