Sorry, you need to enable JavaScript to visit this website.

ജഡ്ജിമാർ വാർത്താ തലക്കെട്ടുകൾ ലക്ഷ്യമിടരുത്- ജസ്റ്റിസ് ബി. ബസന്ത് 

ജനാധിപത്യ ഇന്ത്യയും സ്വതന്ത്ര ജുഡീഷ്യറിയും എന്ന വിഷയത്തിൽ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് ഫോറം കോട്ടയത്ത് സംഘടിപ്പിച്ച ദേശീയ സെമിനാർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം - ന്യായാധിപർ കർത്തവ്യനിർവഹണം നടത്തുന്നത് വാർത്താ തലക്കെട്ടുകൾ ലക്ഷ്യമിട്ടാകരുതെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ബി. ബസന്ത്. ഉത്തമ നീതിബോധത്തിലധിഷ്ഠിതമായി വേണം വിധികൾ പുറപ്പെടുവിക്കേണ്ടത്. ജുഡീഷ്യറിയിലും നീതിന്യായ വ്യവസ്ഥയിലും പ്രശ്‌നങ്ങൾ ഉണ്ട്. ജഡ്ജിമാരുടെ നിയമനത്തിലും  സ്ഥാനക്കയറ്റത്തിലും എല്ലാം പരിവർത്തനം വേണമെന്ന ആവശ്യം ശക്തമാണ്.  ജുഡീഷ്യറിക്ക് പകരം ഒന്നില്ല. നിയമനിർമാണ സഭയും നിർവഹണ സംവിധാനവും തമ്മിലുളള തർക്കം ഉടലെടുക്കുമ്പോഴും അന്തിമവിധികർത്താക്കൾ നീതിന്യായ സംവിധാനം ആണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പിനും  സുതാര്യമായ പ്രവർത്തനത്തിനും ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ ഇന്ത്യയും സ്വതന്ത്ര ജുഡീഷ്യറിയും എന്ന വിഷയത്തിൽ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് ഫോറം കോട്ടയത്ത് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ അധ്യക്ഷ പ്രസംഗം നിർവഹിക്കുകയായിരുന്നു ജസ്റ്റിസ് ബസന്ത്.
അടുത്ത കാലത്തായി ജുഡീഷ്യറിയുടെ പ്രവർത്തനം ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്നും പൊതുതാൽപര്യ ഹരജി പോലും നിഷേധിക്കപ്പെടുന്ന സുപ്രിം കോടതി നിലപാട് അത്ഭുതമാണെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു.
പട്ടിക ജാതി- വർഗങ്ങൾക്കെതിരായ നിയമ ഭേദഗതി സുപ്രിം കോടതിയുടെ വരേണ്യ മനോഭാവമാണ് വ്യക്തമാക്കുന്നത്. കേരളാ ഹൈക്കോടതിയുടെ ഹാരിസൺ കേസിലെ വിധിയും ഇതു തന്നെയാണ് വ്യക്തമാക്കുന്നത്. വിരമിച്ച ജഡ്ജിമാർ സർക്കാർ നിയമനം സ്വീകരിക്കരുതെന്ന ജസ്റ്റിസ് കമാൽ പാഷയുടെ നിലപാട് സ്വാഗതാർഹമാണ്. വിരമിക്കലിനോടനുബന്ധിച്ച് സർക്കാർ അനുകൂല വിധികൾ ജഡ്ജിമാരിൽ നിന്നു വരുന്നുണ്ടോ എന്നു പരിശോധിക്കപ്പെടണം. ജഡ്ജിമാരായി നിയമിക്കപ്പെടുന്നവർ കഴിവും സമഗ്രതയും ഉള്ളവരാണെന്ന് ഉറപ്പുവരുത്തണം.  അതിനായി പാർലമെന്റ് കൊണ്ടുവന്ന ബിൽ നിയമമാക്കണം. അഴിമതിക്കാർ പുറത്തുപോവുമെന്ന തോന്നലുണ്ടാവണം. ജഡ്ജിമാരുടെ നിയമനത്തിന് യുകെ മോഡൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ് കമ്മീഷൻ രൂപീകരിക്കണം. ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലമാക്കപ്പെടരുത്. മാധ്യമരംഗം കോർപറേറ്റ് നിയന്ത്രണത്തിലാവുന്നതായും പരിശോധന ആവശ്യമാണെന്നും സുധീരൻ കൂട്ടിച്ചേർത്തു. 
 ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോവുകയാണ്. കഴിഞ്ഞ വർഷം ആഗോള ജനാധിപത്യ സൂചികയിൽ 32 - ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 42 -ാം സ്ഥാനത്താണ്. ജനാധിപത്യസംവിധാനങ്ങളുടെ ഫലപ്രദവും കാര്യക്ഷമവുമായ പ്രവർത്തനം ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി പട്ടിക തയ്യാറാക്കുന്ന ബ്രിട്ടൻ ആസ്ഥാനമായ ഇക്കണോമിക് ഇന്റലക്ച്വൽ യൂണിറ്റിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇന്ത്യയുടെ സൂചിക പിന്നോട്ടുപോവുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നും സുധീരൻ വ്യക്തമാക്കി. 
ഭരണഘടനാ സ്ഥാപനങ്ങളായ നിയമനിർമാണ സഭകളുടെയും ഭരണനിർവഹണ സംവിധാനങ്ങളുടെയും ജുഡീഷ്യറിയുടെയും പ്രവർത്തനം ഭരണഘടനാ തത്വങ്ങൾക്കനുസൃതമായി ജനവിശ്വാസമാർജ്ജിച്ച് മുന്നോട്ടു പോവാനാവണം. അത് പ്രാവർത്തികമാക്കുന്നവരെ ആശ്രയിച്ചിരിക്കും എന്നാണ്. ഭരണഘടനാ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നവർ നിയമാധിഷ്ഠിതമായ വിവേചനാധികാരം അംഗീകൃതമായ നിയമ സംവിധാനത്തിലൂടെ മാത്രമേ ഉപയോഗിക്കാവൂ. 
രാജ്യത്തെ നിയമനിർമാണ സഭകൾ  പലപ്പോഴും ഭരണഘടനാ തത്വങ്ങൾക്കും ജനങ്ങളുടെ പ്രതീക്ഷകൾക്കും അനുസൃതമായല്ല പ്രവർത്തിക്കുന്നത്. നിയമസഭകൾ സമയം പോലും പാഴാക്കുകയാണ്. നിലവിലുള്ള ലോക്‌സഭയിൽ അവിശ്വാസ പ്രമേയം പോലും ചർച്ച ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് പാർലമെന്റിന്റെ വീഴ്ചയും തീരാ കളങ്കവുമാണ്. ജനാധിപത്യത്തിന്റെ വിജയം നിയമസഭകളുടെ പ്രവർത്തനക്ഷമത അനുസരിച്ചാണ്. സർക്കാരുകൾ ചർച്ചയ്ക്കു തയ്യാറാവാത്തതാണ് സഭാ സ്തംഭനത്തിന് പലപ്പോഴും കാരണമാവുന്നത്-അദ്ദേഹം പറഞ്ഞു.
ചെറുകര സണ്ണി ലൂക്കോസ്, ഡോ. എൻ കെ ജയകുമാർ, അഡ്വ. ബി രാധാകൃഷ്ണമേനോൻ, ഡിജോ കാപ്പൻ, അഡ്വ. സണ്ണി പാമ്പാടി എന്നിവർ പ്രസംഗിച്ചു. 


 

Latest News