എൽ.ഡി.എഫിന്റെയടക്കം എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടുള്ള ചരിത്ര ജനവിധിയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത്. മൂന്നു സംസ്ഥാനങ്ങളിലെ നാലു ലോക്‌സഭാ മണ്ഡലങ്ങളിലും ഒമ്പതു സംസ്ഥാനങ്ങളിൽ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ തകർത്ത് ആഞ്ഞടിച്ച മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റിന്റെ ഭാഗമായിരുന്നു ചെങ്ങന്നൂരിലേതും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കേ ദേശീയ രാഷ്ട്രീയത്തിൽ അതിവേഗം ശക്തിപ്പെടുന്ന മോഡി ഗവണ്മെന്റിനും ഹിന്ദുത്വ വർഗീയതയ്ക്കുമെതിരായ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ മുന്നേറ്റമായി ഇതിനെ തിരിച്ചറിയണം. അതിനു പകരം പുരുഷാരങ്ങൾ വിജയിപ്പിച്ച മഹാപൂരം ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെയും താളംകൊട്ടിയ ചെണ്ടക്കാരന്റെയും വിജയമായി കാണുന്നത് പുതിയ ജനമുന്നേറ്റത്തിന്റെ രാഷ്ട്രീയത്തോട് പുലർത്തുന്ന അന്ധതയായിരിക്കും.
അടുത്ത പൊതു തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്താൻ നരേന്ദ്ര മോഡി പ്രതീക്ഷയർപ്പിച്ചിട്ടുള്ള പാർട്ടി മുഖ്യമന്ത്രിയാണ് ഹിന്ദി ഹൃദയഭൂമിയിലെ വലിയ സംസ്ഥാനം ഭരിക്കുന്ന യോഗി ആദിത്യനാഥ്. ത്രിപുരയും കർണാടകയും ഒക്കെ പിടിക്കാൻ പ്രധാനമന്ത്രി മോഡി കൂടെ കൊണ്ടുനടന്നിരുന്നത് യോഗിയെയാണ്. ആ യോഗിയുടെ ഭരണ ദുരന്തം അനുഭവിക്കുന്ന കൃഷിക്കാരും വ്യത്യസ്ത ജാതി-മത വിഭാഗക്കാരുമായ ബഹുജനങ്ങളും എടുക്കാനാണയമായി തള്ളിക്കളയുന്ന കാഴ്ചയാണ് ഈ ഉപതെരഞ്ഞെടുപ്പുകളിൽ യു.പിയിൽ കണ്ടത്.
അവിടെ കൈരാന ലോക്‌സഭാ മണ്ഡലവും നൂർപുർ നിയമസഭാ സീറ്റും ഭരണ വിരുദ്ധ വികാരം ബി.ജെ.പിക്ക് നഷ്ടപ്പെടുത്തി. നാല് ലോക്‌സഭാ സീറ്റുകളിൽ രണ്ടിലും പതിനൊന്ന് ലോക്‌സഭാ സീറ്റുകളിൽ ഒന്നിലും മാത്രമാണ് ബി.ജെ.പിക്കോ സഖ്യകക്ഷിക്കോ ജയിക്കാനായത്.
പശ്ചിമ യു.പിയിലെ കൈരാന മുൻ മുഖ്യമന്ത്രി അജിത് സിംഗിന്റെ പാർട്ടിയായ രാഷ്ട്രീയ ലോക് ദൾ 44,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയിൽനിന്ന് പിടിച്ചെടുത്തു. അവിടെ ഈയിടെ രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായിരുന്നു കൈരാന. സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ആർ.ജെ.ഡിയെ പിന്തുണച്ചു. നൂർപുർ നിയമസഭാ മണ്ഡലം 5566 ലേറെ വോട്ടുകൾക്കാണ് സമാജ്‌വാദി പാർട്ടി ബി.ജെ.പിയിൽനിന്നു പിടിച്ചെടുത്തത്.
കഴിഞ്ഞ മൂന്നു മാസത്തിനകം യു.പിയിലെ ചരിത്ര മണ്ഡലമായ ഫൂൽപുര#ും ഗോരഖ്പുരും ബി.ജെ.പിക്ക് നഷ്ടപ്പെട്ടതിന്റെ തുടർച്ചയായിരുന്നു ഇത്. അൽവാർ - അജ്മീർ മണ്ഡലങ്ങൾ രാജസ്ഥാനിൽ നഷ്ടപ്പെട്ടതിനോടൊപ്പം.
പാർട്ടിയുടെ അടിത്തറയിൽനിന്നുള്ള ഒലിച്ചുപോക്ക് തടയാൻ യോഗി ആദിത്യനാഥും അനുചരരും മുഹമ്മദലി ജിന്നയുടെ അലീഗഢ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം സംബന്ധിച്ച വിവാദം കുത്തിപ്പൊക്കി. ഹിന്ദുത്വ ധ്രുവീകരണത്തിനല്ല പക്ഷേ അത് വഴിവെച്ചത്. കൈരാന തെരഞ്ഞെടുപ്പ് ജിന്നയും ഗന്നയും തമ്മിലുള്ള തെരഞ്ഞെടുപ്പാണെന്ന് പ്രതിപക്ഷം ജനങ്ങൾക്കു മുമ്പിൽ സമർപ്പിച്ചു. പഞ്ചസാര മില്ല് ഉടമകളിൽനിന്ന് കോടിക്കണക്കിനു രൂപ കുടിശ്ശിക കിട്ടാതെ പ്രതിസന്ധിയിലായ കരിമ്പു കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പകരം പ്രതിപക്ഷം മുന്നോട്ടു വെച്ചു. ജിന്ന തോൽക്കുകയും കരിമ്പു ജയിക്കുകയും ചെയ്തു.
കൈരാന നഷ്ടപ്പെടാതിരിക്കാൻ അതിനോടു ചേർന്ന ബാഗ്പതിൽ വമ്പിച്ച രാഷ്ട്രീയ റോഡ് ഷോ പ്രധാനമന്ത്രി മോഡി നടത്തി. ദുർബലരായ പ്രതിപക്ഷം തന്നെ പേടിച്ച് യോജിച്ചിരിക്കുകയാണെന്ന് പരിഹസിച്ച മോഡിക്കെതിരെ കൂടിയാണ് കൈരാനയിലെ ജനങ്ങൾ വിധിയെഴുതിയത്. സാമൂഹിക പ്രതിയോഗികളായ ജാട്ട്, ദളിതരായ ജാട്ടവ്, മുസ്ലിംകൾ എന്നിവരെ കൃഷിക്കാരുടെ രൂക്ഷമായ പ്രശ്‌നങ്ങൾ ഒന്നിപ്പിച്ച് ബി.ജെ.പിയെ തോൽപിക്കുന്ന പുതിയ രാഷ്ട്രീയക്കാറ്റാണ് യു.പിയിൽ വീശുന്നത്.
കൃഷിക്കാരുടെ പ്രശ്‌നങ്ങൾ രൂക്ഷമാകുകയും അവരുടെ സമരം ഭരണീയരെ വിറകൊള്ളിക്കുകയും ചെയ്ത മഹാരാഷ്ട്രയിൽ രണ്ട് ലോക്‌സഭാ സീറ്റിൽ ഒന്നാണ് ബി.ജെ.പിക്ക് നേടാനായത്. അതു പക്ഷേ സമാശ്വാസമായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ചര ലക്ഷത്തിനു താഴെ വോട്ടുകൾക്ക് ശിവസേനാ പിന്തുണയോടെ ബി.ജെ.പി ജയിച്ചതായിരുന്നു മഹാരാഷ്ട്രയിലെ പാൽഘർ ലോക്‌സഭാ സീറ്റ്. ഇത്തവണ മൂന്നു ലക്ഷം വോട്ടുകൾ കുറഞ്ഞ മങ്ങിയ വിജയമാണ് ബി.ജെ.പിക്കുണ്ടായത്. രാജ്യത്താകെ ബി.ജെ.പിയുടെ രാഷ്ട്രീയാടിത്തറ ഇളകുന്നതിന്റെ തെളിവാണ് ഇതും.
കഴിഞ്ഞ തെരഞ്ഞെടുപ്പു മുതൽ ഔദ്യോഗികമായി ഇപ്പോഴും എൻ.ഡി.എ വിട്ടിട്ടില്ലാത്ത ശിവസേനയാണ് രണ്ടര ലക്ഷത്തോളം വോട്ടിന് അവിടെ രണ്ടാം സ്ഥാനത്തു വന്നത്. മഹാരാഷ്ട്രയിലും ഭാന്ദ്ര - ഗോണ്ടിയ ലോക്‌സഭാ സീറ്റ് അര ലക്ഷത്തോളം വോട്ടിനാണ് എൻ.സി.പി ബി.ജെ.പിയിൽനിന്നു പിടിച്ചെടുത്തതും പുതിയ രാഷ്ട്രീയ ബലാബലത്തിന്റെ പിൻബലത്തിലാണ്. ബി.ജെ.പിക്കു വേരുകളില്ലാത്ത നാഗാലാന്റിൽ സഖ്യകക്ഷിയായ എൻ.ഡി.പി.പി ലോക്‌സഭാ സീറ്റ് നേടിയതാണ് ഏക സമാശ്വാസം.
ഗവർണറെ ഉപയോഗിച്ച് ഭരണം പിടിച്ചെടുത്ത ബി.ജെ.പി നടപടിക്കെതിരായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിനും എൻ.പി.പിക്കും 20 സീറ്റു വീതം കിട്ടിയപ്പോൾ എൻ.പി.പിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച് ബി.ജെ.പി പങ്കാളികളാകുകയായിരുന്നു. 3000 ലേറെ വോട്ടുകൾക്ക് ആംപതി സീറ്റ് എൻ.പി.പിയിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്ത് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ആ നിലയ്ക്ക് ഗവണ്മെന്റ് രൂപീകരിക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിരിക്കയാണ്. ജാർഖണ്ഡിൽ ജെ.എം.എമ്മും (ജനതാ മുക്തി മോർച്ച) പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പാനന്തരം ജെ.ഡി.എസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി ബി.ജെ.പിയെ ഭരണത്തിനു പുറത്തുനിർത്തിയ കർണാടകയിൽ ആർ.ആർ നഗറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലേറെ വോട്ടുകളോടെ ജനങ്ങൾ കോൺഗ്രസിനെ ജയിപ്പിച്ചു. ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ധ്രുവീകരണം ദേശവ്യാപകമാണെന്നതിന്റെ തെളിവാണ്, പഞ്ചാബ് നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലം. ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ സ്ഥാനാർത്ഥിയെ 39,000 ഓളം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്.
ബിഹാറിലാകട്ടെ, വീണ്ടും ബി.ജെ.പിയിലേക്ക് കാലുമാറിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു സ്ഥാനാർത്ഥിയെ ജോക്കിഹാത്ത് നിയമസഭാ മണ്ഡലത്തിൽ 41,000 വോട്ടുകൾക്കാണ് ആർ.ജെ.ഡി സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. ഉത്തരാ ഖണ്ഡിൽ ബി.ജെ.പിയുടെ മുനീദേവി ഷാ 1981 വോട്ടുകൾക്ക് കോൺഗ്രസിനെ പരാജയപ്പെടുത്തിയതാണ് ഒമ്പതു സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്വന്തമായ നേട്ടം.
ഇത് വ്യക്തമാക്കുന്ന ഒരു ദേശീയ- രാഷ്ട്രീയ ചിത്രമുണ്ട്. അതിനോട് ചേർന്നുനിൽക്കുന്നതു മാത്രമാണ് എൽ.ഡി.എഫിനും സ്ഥാനാർത്ഥി സജി ചെറിയാനും ചെങ്ങന്നൂരിൽ കിട്ടിയ വൻ ജനപിന്തുണ. യു.ഡി.എഫ് - ബി.ജെ.പി മേഖലയിലാകെ എൽ.ഡി.എഫിനുണ്ടായ മുന്നേറ്റം മതനിരപേക്ഷ പാർട്ടികളുടെ ബി.ജെ.പിക്കെതിരായ പൊതു മുന്നേറ്റത്തിന്റെ ഭാഗമാണ്. അര നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന യു.ഡി.എഫ് - എൽ.ഡി.എഫ് മുന്നണി രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യം കേരളത്തിൽ പ്രത്യേകമായുണ്ടെന്നതൊഴിച്ചാൽ. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലത്തിൽ ബി.ജെ.പി എന്ന അപകടത്തെ നേരിടാൻ ഭരിക്കുന്ന ഇടതു - ജനാധിപത്യ മുന്നണിക്കു പിന്നിൽ അവർ അണിനിരന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്നാൽ ബി.ജെ.പിയേയും ആർ.എസ്.എസിനേയും എന്നതിലേറെ രാഷ്ട്രീയമായി കോൺഗ്രസിനെ കടന്നാക്രമിച്ച, അവരുടെ സ്ഥാനാർത്ഥിയെ ആർ.എസ്.എസായി ചിത്രീകരിച്ച സി.പി.എമ്മിന്റെ രാഷ്ട്രീയം അതിരു വിട്ടത് മറച്ചുവെച്ചിട്ടു കാര്യമില്ല. അതുകൊണ്ട് മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറയെ കേരളത്തിൽ ഇളക്കാൻ ജയിച്ച എൽ.ഡി.എഫിനു കഴിഞ്ഞിട്ടില്ല. 42,000 ത്തിനു പകരം 35,000 വോട്ടുകൾ ബി.ജെ.പി നിലനിർത്തി. നിലവിൽ പാർട്ടി സ്വീകരിച്ചുപോരുന്ന രാഷ്ട്രീയ പ്രചാരണങ്ങൾ കൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന പാർട്ടി കോൺഗ്രസിന്റെ മുന്നറിയിപ്പ് സി.പി.എം നേതാക്കൾ കേരളത്തിൽ ഉൾക്കൊണ്ടില്ല.
ഈ രാഷ്ട്രീയം കാണാതെ കേരളത്തിലേത് മുഖ്യമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും വികസന പ്രവർത്തനത്തിന്റെയും ഭരണ വിജയത്തിന്റെയും നേട്ടമായാണ് വ്യാഖ്യാനിച്ചുകാണുന്നത്. ഇടതുപക്ഷത്തെ ആത്മഹത്യാ മുനമ്പിലേക്ക് നയിക്കുന്നതിന് തുല്യമായിരിക്കും ഈ നിലപാട്. രണ്ട് ഉദാഹരണങ്ങൾ ഈ ഉപതെരഞ്ഞെടുപ്പുകളിൽനിന്നു തന്നെ ചൂണ്ടിക്കാട്ടാം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം ഉൾക്കൊള്ളാനായി:
പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പു നടന്ന മഹേഷ്തല നിയമസഭാ മണ്ഡലത്തിൽ 2016 ൽ സി.പി.എം 42 ശതമാനം വോട്ടുനേടി രണ്ടാം സ്ഥാനത്തായിരുന്നു. അന്ന് 48 ശതമാനം വോട്ടു നേടി തൃണമൂൽ ജയിച്ചപ്പോൾ 7 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി. ഇത്തവണ തൃണമൂൽ 58 ശതമാനം വോട്ടുനേടി വിജയിച്ചു. 23 ശതമാനത്തിലേറെ വോട്ടോടെ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. അവിടെ മത്സരിച്ച സി.പി.എം യുവനേതാവ് പ്രഭാത് ചൗധരി 16 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തായി.
മാസങ്ങൾക്കു മുമ്പ് ദേശീയ ശ്രദ്ധയാകർഷിച്ച കർഷക സമരത്തിന് നേതൃത്വം നൽകിയ മഹാരാഷ്ട്രയിലെ പാൽഘർ ലോക്‌സഭാ മണ്ഡലത്തിൽ സി.പി.എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 76,890 വോട്ടു ലഭിച്ചിരുന്നു. ഇത്തവണ ബി.ജെ.പിയുമായി സഖ്യകക്ഷിയായ ശിവസേന ഏറ്റുമുട്ടിയപ്പോൾ സി.പി.എമ്മിന്റേയോ ഇടതുപക്ഷത്തിന്റേയോ സാന്നിധ്യം കണ്ടില്ല. ബി.ജെ.പി ജയിച്ചു.
ചെങ്ങന്നൂരിലെ ജനവിധി അനുകൂലമായതുകൊണ്ട് കെവിൻ വധം, ശ്രീജിത്തിന്റെ ലോക്കപ്പ് കൊലപാതകം തുടങ്ങിയ പോലീസ് ഭരണത്തിലെ വീഴ്ചകൾ ജനങ്ങൾ അംഗീകരിച്ചെന്നു കരുതരുത്. തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ടതായ വിവരം പോളിംഗ് നടക്കുമ്പോഴാണ് പുറത്തു വന്നത്. അത് വോട്ടർമാർ അറിയാതിരിക്കാൻ ടെലിവിഷൻ കേബിൾ മുറിക്കുന്ന 'ജനാധിപത്യ' പ്രക്രിയ പോലും നടന്നു.
ഭരിക്കുന്ന ഇടതുപാർട്ടി നേതാക്കളുടെ മുമ്പിൽ ഇന്നും ജീവിക്കുന്ന ഒരു ചരിത്രമുള്ളത് ഓർമ്മിപ്പിക്കുന്നു. രാജൻ സംഭവമടക്കം അടിയന്തരാവസ്ഥയിലെ കെടുതികൾ ഭാഗികമായി പുറത്തു വന്നപ്പോഴാണ് കേരളത്തിൽ 77 ൽ തെഞ്ഞെടുപ്പു നടന്നത്. നിയമസഭയിലേക്ക് 140 ൽ 111 സീറ്റും കോൺഗ്രസ് ഭരണ മുന്നണി നേടി ആഭ്യന്തരമന്ത്രി കരുണാകരൻ മുഖ്യമന്ത്രിയായി. അടിയന്തരാവസ്ഥാ ഭരണം ശരിവെച്ച വിധിയെന്ന് അത് വാഴ്ത്തപ്പെട്ടു. രാജൻ സംഭവവും മറ്റു ഭരണകൂട ഭീകരതകളും പുറത്തു വന്നതോടെ ഒരു മാസത്തിനകം മുഖ്യമന്ത്രി കരുണാകരന് രാജിവെക്കേണ്ടി വന്നു.
തെരഞ്ഞെടുപ്പിലെ മഹാവിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടയ്ക്ക് ചുവന്ന ലഡു വിതരണം ചെയ്ത് സ്ഥാനാർത്ഥിയും കുടുംബാംഗങ്ങളും പാർട്ടിക്കാരും ആഹ്ലാദിക്കുമ്പോൾ മറ്റു ചില ചിത്രങ്ങൾ കേരളീയരുടെ കണ്ണു നനച്ച് ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കെവിന്റെ ശവപ്പെട്ടിയുടെ സുതാര്യ പ്രതലത്തിൽ ചുടുകണ്ണീരൊഴുക്കിനിൽക്കുന്ന, കുഴിമാടത്തിൽ കണ്ണീരർപ്പിച്ച് ദുഃഖമൂകയായി മടങ്ങുന്ന വിധവയായ നവ വധുവിന്റെ ചിത്രം.
കെവിന്റെയും ശ്രീജിത്തിന്റെയും മധുവിന്റെയും മറ്റ് നിരവധി യുവാക്കളുടെയും ജീവനെടുത്ത വരെ സംരക്ഷിക്കുന്ന, പോലീസിനും ഭരണത്തിനും നേരെ ശോകമൂകമായി പ്രതിഷേധിക്കുന്ന നിരവധി കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രം. വിജയത്തിൽ ആഹ്ലാദിക്കുന്നവർ ഇത് മറക്കാതിരിക്കുക.