റിയാദ് - സൗദിയിലെ ബാങ്കുകളിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും കഴിഞ്ഞ വർഷം ശരാശരി ഒമ്പതര ലക്ഷത്തോളം റിയാൽ ലാഭമുണ്ടാക്കിയതായി കണക്ക്. 2022 ൽ ഓരോ ബാങ്ക് ജീവനക്കാരനും 9,47,751 റിയാൽ തോതിലാണ് ലാഭമുണ്ടാക്കിയത്. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ബാങ്ക് ജീവനക്കാരുണ്ടാക്കിയ ശരാശരി ലാഭം 18.76 ശതമാനം തോതിൽ വർധിച്ചു.
കഴിഞ്ഞ കൊല്ലം ബാങ്കുകളിൽ 4,175 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. ഇതോടെ ബാങ്കുകളിലെ ആകെ ജീവനക്കാർ 61,187 ആയി. ജീവനക്കാരുടെ എണ്ണം 7.32 ശതമാനം തോതിലാണ് കഴിഞ്ഞ വർഷം ഉയർന്നത്. അൽറാജ്ഹി, അൽഇൻമാ, അൽജസീറ, അൽബിലാദ്, സൗദി ഫ്രാൻസി, അൽറിയാദ് ബാങ്കുകളിൽ കഴിഞ്ഞ വർഷം ജീവനക്കാരുടെ എണ്ണം വർധിച്ചു. അൽഅഹ്‌ലി, സാബ് ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. അൽഅവ്വൽ ബാങ്കും സാബും, അൽഅഹ്‌ലിയും സാംബയും നേരത്തെ പരസ്പരം ലയിച്ചിരുന്നു. സാബിൽ 203 പേർക്കും അൽഅഹ്‌ലിയിൽ 1,209 പേർക്കുമാണ് കഴിഞ്ഞ വർഷം തൊഴിൽ നഷ്ടപ്പെട്ടത്. സാബ് ജീവനക്കാരുടെ എണ്ണം 4.04 ശതമാനം തോതിലും അൽഅഹ്‌ലി ജീവനക്കാരുടെ എണ്ണം 7.06 ശതമാനം തോതിലും കഴിഞ്ഞ കൊല്ലം കുറഞ്ഞു.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർക്ക് പുതുതായി തൊഴിൽ നൽകിയത് അൽറാജ്ഹി ബാങ്ക് ആണ്. അൽറാജ്ഹി ബാങ്കിൽ 4,886 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. അൽറാജ്ഹി ബാങ്ക് ജീവനക്കാരുടെ എണ്ണം 32.4 ശതമാനം തോതിൽ ഉയർന്ന് 19,964 ആയി. 2021 അവസാനത്തിൽ അൽറാജ്ഹി ബാങ്കിൽ ആകെ 15,079 ജീവനക്കാരാണുണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുള്ള അൽഇൻമാ ബാങ്കിൽ 396 പേർക്ക് കഴിഞ്ഞ വർഷം പുതുതായി തൊഴിൽ ലഭിച്ചു. അൽഇൻമാ ബാങ്ക് ജീവനക്കാരുടെ എണ്ണം 12.07 ശതമാനം തോതിൽ വർധിച്ചു. ബാങ്കിലെ ആകെ ജീവനക്കാർ 3,676 ആയി ഉയർന്നു.
സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത പത്തു ബാങ്കുകളിൽ എട്ടെണ്ണവും വിശദമായ വാർഷിക സാമ്പത്തിക ഫലങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. രണ്ടു ബാങ്കുകൾ ഫലങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. എട്ടു ബാങ്കുകൾ ആകെ 5,799 കോടി റിയാലാണ് കഴിഞ്ഞ വർഷം ലാഭം നേടിയത്. 2021 നെ അപേക്ഷിച്ച് ഈ ബാങ്കുകളുടെ കഴിഞ്ഞ വർഷത്തെ ലാഭത്തിൽ 1,249 കോടി റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. ലാഭത്തിൽ 27.46 ശതമാനം വളർച്ചയാണുണ്ടായത്. പത്തു ബാങ്കുകളും കൂടി ആകെ 6,257 കോടി റിയാലാണ് കഴിഞ്ഞ വർഷം ലാഭം നേടിയത്. ബാങ്കുകളുടെ ലാഭത്തിൽ 1,383 കോടി റിയാലിന്റെ (28.39 ശതമാനം) വളർച്ച രേഖപ്പെടുത്തി. വിശദമായ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ട എട്ടു ബാങ്കുകളിലെ ജീവനക്കാർ കഴിഞ്ഞ വർഷം ശരാശരി 9,47,751 റിയാൽ ലാഭമുണ്ടാക്കി. 2021 ൽ ഇത് 7,98,009 റിയാലായിരുന്നു.
ഫെബ്രുവരിയിൽ അൽബിലാദ് ബാങ്കിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം 0.09 ഉം അറബ് നാഷണൽ ബാങ്കിലെയും അൽറിയാദ് ബാങ്കിലെയും വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം 0.03 ശതമാനം തോതിലും വർധിച്ചു. അൽഇൻമാ ബാങ്കിൽ 1.29 ഉം അൽജസീറയിൽ 0.16 ഉം അൽഅഹ്‌ലിയിൽ 0.11 ഉം അൽറാജ്ഹിയിൽ 0.07 ഉം സാബിൽ 0.03 ഉം സൗദി ഫ്രാൻസിയിൽ 0.03 ഉം ശതമാനം തോതിൽ ഫെബ്രുവരിയിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശം കുറഞ്ഞു.