ഇടുക്കി-അടിമാലി ശാന്തഗിരി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ ആദിവാസി യുവാവിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുളങ്ങര ജസ്റ്റിനെ (40)അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ കോച്ചേരില്‍ സഞ്ജു (36) അടിമാലി സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മര്‍ദനമേറ്റ മുള്ളരിങ്ങാട് പുളിക്കത്തൊട്ടി വിനീത് (24)ന്റെ മൊഴിയെടുത്തു. ശാന്തന്‍പാറയിലെ കുരുമുളക് തോട്ടത്തില്‍ ജോലി ചെയ്തു വരികയായിരുന്ന വിനീതിനെ പോലീസെത്തി അടിമാലിയിലെത്തിച്ച് മൊഴിയെടുക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്ഷേത്രത്തിന് സമീപത്തുള്ള സ്റ്റേജില്‍ ചെണ്ടമേളം ഫ്യൂഷന്‍ പരിപാടി നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്. ക്ഷേത്ര ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പരിപാടി നിര്‍ത്തണമെന്ന് അമ്പലം കമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് വിനീതിന് മര്‍ദനമേല്‍ക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ക്ഷേത്ര ചടങ്ങുകള്‍ അലങ്കോലപ്പെടുകയും ചടങ്ങുകള്‍ മൂന്ന് മണിക്കൂറോളം താമസിക്കുകയും ചെയ്തു.ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡിലായ പ്രതികള്‍ക്ക് വ്യാഴാഴ്ച വൈകീട്ട് ജാമ്യം ലഭിച്ചു.
ഇതിനിടെ ആക്ടിവിസ്റ്റ് ധന്യ രാമന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് പട്ടികജാതി, വര്‍ഗ കമ്മീഷന്‍ പ്രശ്‌നത്തിലിടപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ വൈറലായ മര്‍ദന വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികജാതി, വര്‍ഗ കമ്മീഷന്‍ ഇടുക്കി എസ്പിക്കും അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. അന്വേഷണ ചുമതലയുള്ള ഇടുക്കി ഡി വൈ. എസ് .പി ബിനു ശ്രീധര്‍ ഇന്നലെ അടിമാലിയിലെത്തി ക്ഷേത്ര ഭാരവാഹികളുടെ മൊഴിയെടുത്തു. സി. സി. ടി. വി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.