മലപ്പുറം- ആര്‍.എസ്.എസുമായി മുസ്ലിം സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനം വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി ആദ്യം ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടത്തിയ സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി.മുജീബ് റഹ്്മാന്‍. മലപ്പുറത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രതിപക്ഷ കക്ഷികളടക്കം ആവശ്യപ്പെട്ടിട്ടും ഈ നിമിഷം വരെ വ്യക്തമാക്കിയിട്ടില്ല. ഇത് അറിയാന്‍ കേരളത്തിന് താല്‍പര്യമുണ്ട്. പരസ്പരമുള്ള കൊലപാതകങ്ങളുടെ കാര്യത്തില്‍ വരെ അതില്‍ തീരുമാനമായിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. കേരളത്തില്‍ വലിയ സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പാണ് അതില്‍ നടന്നതെന്ന് പറയേണ്ടി വരും. അതിനാല്‍ ആ ചര്‍ച്ചയിലെ ഉള്ളടക്കം വ്യക്തമാക്കാന്‍ സി.പി.എം സന്നദ്ധമാകണം.
രാജ്യത്ത് ആരുമായും ഡയലോഗ് ആകാമെന്ന് തീരുമാനിച്ച ജമാഅത്തെ ഇസ്‌ലാമിക്ക് ആര്‍.എസ്.എസുമായുള്ള ഡയലോഗിന് സി.പി.എമ്മില്‍നിന്ന് ടോക്കണ്‍ എടുക്കേണ്ട ഗതികേടില്ല. ആള്‍ക്കൂട്ടക്കൊലപാതകം നടത്തുന്നവരുമായി എന്തിനാണ് ചര്‍ച്ച നടത്തുന്നതെന്നാണ് സി.പി.എം സെക്രട്ടറി ചോദിക്കുന്നത്. രാഷ്ട്രീയ കൊലപാതകം നടത്തുന്നവരുമായി എന്തിനാണ് സി.പി.എം ചര്‍ച്ച നടത്തിയത്?
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തണമെങ്കില്‍ ഒരു കൊലപാതക പാരമ്പര്യം ഉണ്ടാവണമെന്ന് അതിനര്‍ഥമുണ്ടോ? മറ്റു സംഘടനകള്‍ക്ക് ആര്‍.എസ്.എസുമായി ചര്‍ച്ച നടത്താമെന്നും ജമാഅത്തെ ഇസ്‌ലാമിക്ക് നടത്താന്‍ പാടില്ലെന്നുമാണ് സി.പി.എം പറയുന്നത്. ഇതിനെ രാഷ്ട്രീയ ജന്മിത്തം എന്നാണ് പറയുക. രാജ്യത്ത് ആരുമായും ഡയലോഗ് ആകാമെന്ന് തീരുമാനിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. വളരെ രാഷ്ട്രീയ പരിജ്ഞാനമുള്ള, അനുഭവ സമ്പത്തുള്ള എം.വി ഗോവിന്ദനില്‍നിന്ന് ഇത്തരം അപഹാസ്യമായ രാഷ്ട്രീയ നിലപാട് വരുന്നതിന് പിന്നില്‍ ഏത് ഉപദേശകവൃന്ദമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം പഠിക്കുന്നത് നല്ലതാണ്.
ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ല. മുസ്‌ലിം സംഘടനകളും ആര്‍.എസ്.എസും തമ്മിലാണ് ചര്‍ച്ച നടന്നത്. അതിന്റെ വിശദാംശങ്ങള്‍ ഇതിനകം വ്യക്തമാക്കിയതാണ്. അതില്‍ പങ്കെടുത്ത ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ നേതാവ് മലിക് മുഅ്തസിം ഖാനു പുറമെ, അഖിലേന്ത്യാ സെക്രട്ടറി ടി. ആരിഫലിയും പിന്നീട് സംസ്ഥാന നേതാക്കളും അത് വ്യക്തമാക്കിയതാണ്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരള സെക്രട്ടറി അലിയാര്‍ ഖാസിമിയും അത് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ നടത്തുന്നത് പ്രതിരോധ യാത്രയല്ല ധ്രുവീകരണ യാത്രയാണെന്നും പി. മുജീബ് റഹ്മാന്‍ പറഞ്ഞു.