തിരുവനന്തപുരം : മുസ്ലിംകള്‍ക്കും ആശാരിമാര്‍ക്കും എന്നാണെടോ തറവാടുണ്ടായെതന്ന എ ഡി ജി പി ശ്രീജിത്തിന്റെ പരാമര്‍ശത്തിന് നടന്‍ ഹരീഷ് പേരടിയുടെ മറുപടി. തറവാട് എന്നാല്‍ തള്ള വീട് ആണെന്നും തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് എന്നല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ലെന്നും ഹരീഷ് പേരടി പറയുന്നു. ഫെയ്‌സ് ബുക്കിലാണ് അദ്ദേഹത്തിന്റെ കുറിപ്പ് .സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസിലാണ് എ.ഡി.ജി.പി എസ്. ശ്രീജിത് ജാതീയത വിളമ്പിയത്. കേരളത്തിലെ പരിഷ്‌കൃത സമൂഹമാണ് നായര്‍ വിഭാഗമെന്നും മുസ്ലിംകള്‍ക്കും ആശാരിമാര്‍ക്കും എന്നാണ് തറവാടുണ്ടായത് എന്നുമാണ് ക്ലാസില്‍ ശ്രീജിത് ചോദിച്ചത്. ഈ പരാമര്‍ശം വലിയ വിവാദത്തിന് കാരണമായിരുന്നു.
ഹരീഷ് പേരടിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ :
തറവാട്=തള്ള വീട്..തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് ...അല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ല..അതുകൊണ്ട് തന്നെ നിങ്ങള്‍ പുല്‍ കുടിലില്‍ ജനിച്ചാലും ഓലപുരയില്‍ ജനിച്ചാലും എല്ലാവര്‍ക്കും തറവാടുണ്ട്...അല്ലാതെ തറവാടിന്റെ അട്ടിപേറവകാശം നായര്‍ക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതിയതയാണ്...(തറവാടി മലയാള സിനിമകള്‍ക്ക് ഇതിലൊരു വലിയ പങ്കുണ്ട്)പുതിയ കാലത്ത് എല്ലാവരുടെയും തറവാടുകള്‍ ആശുപത്രികളാണ് എന്നത് മറ്റൊരു സത്യം