കണ്ണൂര്‍ : വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്ല താന്‍ പോയതെന്നും മറിച്ച് വെണ്ണല തൈക്കാട്ട്മഹാദേവ ക്ഷേത്രത്തിലെ പരിപാടിക്കാണെന്നും ഇ പി ജയരാജന്‍. ഒരു മാസം മുമ്പ് നടന്ന സംഭവമാണിത് . താന്‍ എറണാകുളത്ത് ഒരു പാര്‍ട്ടിപ്രവര്‍ത്തകനെ കാണാന്‍ പോയതാണ്. അപ്പോഴാണ് തന്റെ സുഹൃത്തും പഴയ കോണ്‍ഗ്രസ് നേതാവുമായ എം ബി മുരളീധരന്‍ വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ എറണാകുളത്തുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു.താന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്നും അവിടെ വരാന്‍ പറ്റുമോ എന്നും ചോദിച്ചു. എത്താമെന്ന് താന്‍ മറുപടിയും നല്‍കി. അങ്ങിനെയാണ് ക്ഷേത്രത്തില്‍ എത്തിയത്. ചെന്നപ്പോള്‍ കെ വി തോമസ് മാഷും അവിടെയുണ്ട്. കുറച്ച് നേരം അവിടെ ചിലവഴിച്ചപ്പോള്‍ പ്രായമായ അമ്മമാരെ ആദരിക്കുന്ന ചടങ്ങുണ്ടെന്ന് തന്നോട് പറഞ്ഞു. അവിടെയുള്ള പ്രായമായ ഒരു അമ്മയെ താന്‍ ആദരിക്കുകയും ചെയ്തു. പിന്നീടാണ് അത് നന്ദകുമാറിന്റെ അമ്മയാണ് എന്നറിഞ്ഞതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.