കോഴിക്കോട് : കാലിന് പരിക്കേറ്റ രോഗിയുടെ കാലുമാറി ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതായ പരാതിയില്‍ തെറ്റ് സംഭവിച്ചുവെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന വീഡിയോ പുറത്ത് വിട്ട് രോഗിയുടെ ബന്ധുക്കള്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ നാഷണല്‍ ആശുപത്രിക്കെതിരെയാണ് രോഗിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചത.് കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷാനാണ്. സംഭവത്തിന് ശേഷം ആശുപത്രി അധികൃതരുമായു രോഗിയുടെ ബന്ധുക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് പിഴവ് സംഭവിച്ച കാര്യം ഡോക്ടര്‍ സൂചിപ്പിക്കുന്നത്. സജ്‌നയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു. മെഡിക്കല്‍ കോളേജ് അധികൃതരും ഇത് തന്നെയാണ് പറയുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ഡി എം ഒയ്ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടന്നു വരികയാണ്.
ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിസജ്‌നയുടെ ഇടതുകാലിന്റെ ഞരമ്പിന് പരിക്കേല്‍ക്കുകയായിരുന്നു.ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി അനസ്‌തേഷ്യ നല്‍കുകയും ചെയ്തു. ഓര്‍ത്തോ സര്‍ജന്‍ ഡോ. ബഹിര്‍ഷാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ബോധം തെളിഞ്ഞപ്പോഴാണ് ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയ കാര്യം സജ്‌ന അറിയുന്നത്.
അതേസമയം സജ്നയുടെ വലത് കാലിന് ഭാഗികമായി തകരാറുണ്ടായിരുന്നുവെന്നും ആദ്യം അത് പരിഹരിച്ച ശേഷം ഇടത് കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാമെന്നാണ് തീരുമാനിച്ചതെന്നും ഇക്കാര്യം സജ്നയുടെ കുടുംബത്തെ ബോധ്യപ്പെടുത്തിയതായും ഡോ.ബഹിര്‍ഷാനും ആശുപത്രി അധികൃതരും പറഞ്ഞിരുന്നു. ഈ വാദം തെറ്റാണെന്ന് സമ്മതിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)