പാക്കേജുകൾ തെരഞ്ഞെടുക്കാനുള്ള അവസരം ശവ്വാൽ 30 വരെ
ബുക്കിംഗ് ദുൽഖഅദ് ഒന്നു മുതൽ
റിയാദ്- സൗദി അറേബ്യയിൽനിന്ന് ഈ വർഷം ഹജ്ജിന് പോകാനുദ്ദേശിക്കുന്നവർക്ക് അപേക്ഷിക്കാനുള്ള ഇ - ട്രാക്ക് സംവിധാനം പ്രവർത്തനം തുടങ്ങി. റമദാൻ 15 ന് തുറന്ന ഈ ഓൺലൈൻ സംവിധാനത്തിൽ ശവ്വാൽ 30 വരെ അപേക്ഷകർക്ക് അനുയോജ്യമായ നിരക്കുകളിലുള്ള പാക്കേജുകൾ തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമേയുള്ളൂ. മുൻ വർഷങ്ങളിലെതു പോലെ ദുൽഖഅദ് ഒന്നു മുതൽ ദുൽഹിജ്ജ ഏഴു വരെയുള്ള തിയ്യതികളിലാണ് ഹജജ് ബുക്കിംഗ് സ്വീകരിക്കുക. ഹജ്ജ് ആഗ്രഹിക്കുന്നവർക്ക് മുന്നൊരുക്കം നടത്താനുള്ള സൗകര്യാർഥമാണ് ഈ വർഷം പാക്കേജുകൾ പരിചയപ്പെടുത്തുന്ന പദ്ധതി നേരത്തെ നടപ്പാക്കിയത്.
ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപേക്ഷകർക്കായി അറബിയിലും ഇംഗ്ലീഷിലും അപേക്ഷിക്കാൻ സൗകര്യമുണ്ട്.
സെർച്ച് പാക്കേജ് എന്ന ഭാഗത്ത് ഹജ്ജിന് പോകാനുദ്ദേശിക്കുന്ന നഗരത്തിന്റെ പേരാണ് ആദ്യം സെലക്ട് ചെയ്യേണ്ടത്. ശേഷം നോർമൽ ഫെയർ, ലോ ഫെയർ, മുയസ്സർ എന്നീ പാക്കേജുകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക. ഏറ്റവും ചാർജ് കുറഞ്ഞതാണ് മുയസ്സർ. 3465 റിയാലിന്റെ ഈ പാക്കേജിൽ 10000 പേർക്കാണ് അവസരമുള്ളത്. മിനയിലെ ടെന്റുകൾക്ക് പകരം അസീസിയയിലെ കെട്ടിടങ്ങളിലാണ് ഇവർക്ക് താമസമൊരുക്കുക. 5000 റിയാലിന് മുകളിലുള്ള ലോ ഫെയർ പാക്കേജിൽ 65000 പേർക്ക് അവസരമുണ്ട്. 7000 റിയാലിന് മുകളിൽ ചാർജ് തുടങ്ങുന്ന നോർമൽ ഫെയറിൽ കൂടുതൽ സീറ്റുകൾ ലഭ്യമാണ്. നഫ്‌റ എന്ന കോളത്തിൽ മിനയിൽ നിന്ന് 12 നാണോ 13 നാണോ തിരിച്ചുവരുന്നത് എന്ന് തെരഞ്ഞെടുക്കണം. പിന്നീട് ഇമേജ് കോഡ് ടൈപ് ചെയ്ത് സബ്മിറ്റ് കൊടുത്താൽ പാക്കേജിലുൾപ്പെട്ട കമ്പനികളുടെ സേവനവിവരങ്ങൾ ലഭ്യമാകും. മിനയിലും അറഫയിലും മുസ്ദലിഫയിലുമുള്ള താമസം, യാത്ര, ഭക്ഷണം, ക്യാമ്പ് വിവരങ്ങൾ, കമ്പനിയുടെ വിവരങ്ങൾ എന്നിവ നോക്കി അപേക്ഷകർക്ക് കമ്പനികളെ തീരുമാനിക്കാം. സെലക്ട് ചെയ്ത പാക്കേജുകൾ ലഭ്യമല്ലെങ്കിൽ അവിടെ പൂജ്യം എന്നായിരിക്കും കാണിക്കുക. അപ്പോൾ വീണ്ടും പാക്കേജ് മാറ്റി അപേക്ഷിക്കണം. കമ്പനികളെ തെരഞ്ഞെടുത്താൽ ഇഖാമ നമ്പറും ജനനത്തിയതിയും ടൈപ് ചെയ്യണം. ഇമേജ് കോഡ് നൽകി സബ്മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക. ശേഷം മൊബൈൽ ഫോൺ നമ്പർ ഫിൽ ചെയ്യണം. സബ്മിറ്റ് ചെയ്താൽ ആശ്രിതർ ഉണ്ടോയെന്ന് ചോദിക്കും. ആശ്രിതരുണ്ടെങ്കിൽ അവരുടെ വിവരങ്ങളും അപേക്ഷകനുമായുള്ള ബന്ധവും ചേർക്കണം. പാക്കേജ് തെരഞ്ഞെടുക്കൽ ഹജ്ജ് റിസർവേഷനല്ലെന്നും ദുൽഖഅദ ഒന്നു മുതൽ ആ നടപടികൾ പൂർത്തിയാക്കണമെന്നും വെബ്‌സൈറ്റിന്റെ ആദ്യ ഭാഗത്ത് തന്നെ പറയുന്നുണ്ട്.
അഞ്ചുവീതം ഇഷ്ട പാക്കേജുകൾ ഓരോ അപേക്ഷകനും തങ്ങളുടെ ഇഖാമയിൽ രജിസ്റ്റർ ചെയ്തുവെക്കാം. അവയുടെ ചാർജുകളും മറ്റു സൗകര്യങ്ങളും കൃത്യമായി മനസ്സിലാക്കി ഹജ്ജിന് ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്യാവുന്നതാണ്. എന്നാൽ തെരഞ്ഞെടുത്ത പാക്കേജിൽ ദുൽഖഅദ ഒന്നിന് ബുക്കിംഗിന് കൊടുക്കുമ്പോൾ മാത്രമേ അപേക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം ലഭ്യമാകുകയുള്ളൂ. നിലവിൽ തെരഞ്ഞെടുത്ത പാക്കേജുകൾ മാറ്റാനും ഒഴിവാക്കാനും ശവ്വാൽ അവസാനം അവസരം ലഭിക്കും. ദുൽഖഅദ ആദ്യ ദിനം ആരംഭിക്കുന്ന ബുക്കിംഗിന് രണ്ടു രീതികളാണ് ഉണ്ടാവുക. ഇഖാമ നമ്പറും ജനന തിയതിയും ഉപയോഗിച്ച് നേരത്തെ രജിസ്റ്റർ ചെയ്ത ഇഷ്ട പാക്കേജ് ലിസ്റ്റിലേക്ക് പ്രവേശിക്കുകയാണ് ആദ്യം വേണ്ടത്. ഈ പാക്കേജിൽ സീറ്റ് ലഭ്യമാണെങ്കിൽ ബുക്ക് എന്ന ബട്ടൻ ക്ലിക്ക് ചെയ്യണം. അപ്പോൾ മൊബൈൽ ഫോണിലേക്ക് റിസർവേഷൻ കോഡും കൺഫർമേഷൻ സന്ദേശവും ലഭിക്കും. നേരത്തെ ഇഷ്ട പാക്കേജ് തെരഞ്ഞെടുക്കാത്തവർക്ക് ലഭ്യമായ പാക്കേജ് തെരഞ്ഞെടുത്ത് മുൻവർഷങ്ങളെ പോലെ ബുക്കിംഗ് ചെയ്യാനുളളതാണ് രണ്ടാമത്തെ രീതി.
പണമടക്കാനുള്ള സന്ദേശം ലഭിച്ചാൽ സദാദ് വഴി അടച്ച് ദിവസങ്ങൾക്ക് ശേഷം തസ്രീഹ് ലഭിച്ചതായി മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. അബ്ശിർ വഴിയും അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം. ഇല്ലെങ്കിൽ അപേക്ഷിച്ച കമ്പനിയുമായി ബന്ധപ്പെടേണ്ടതാണ്. പിന്നീട് ഹജ്ജ് വാക്‌സിനേഷൻ ചെയ്യണം. മൃഗ ബലിക്കുള്ള കൂപ്പണിനും മന്ത്രാലയ വെബ്‌സൈറ്റ് പണമടക്കാവുന്നതാണ്.