റിയാദ്- സൗദിയിൽ പതിനെട്ടു വയസ്സിൽ കുറവ് പ്രായമുള്ളവരുടെ വിവാഹത്തിന് കോടതിയുടെ അനുമതി വേണം. വിവാഹത്തിന് പതിനെട്ടു വയസ്സ് നിർബന്ധമാണെന്നും അല്ലാത്തവരുടെ വിവാഹത്തിന് കോടതിയുടെ അനുമതി വേണമെന്നു പേഴ്‌സണൽ അഫയേഴ്‌സ് നിയമം വ്യവസ്ഥ ചെയ്യുന്നതായും കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ലോ കോളേജ് ലെക്ചറർ മുനീറ അൽ സുബൈഇ പറഞ്ഞു. കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും കുട്ടി നിയമപരമായി പ്രായപൂർത്തിയും പക്വതയും പ്രാപിച്ചുവെന്നും വിവാഹം കുട്ടിയുടെ താൽപര്യങ്ങൾ നിറവേറ്റുന്നുവെന്നും ഉള്ളതിനുള്ള ഉറപ്പാണ് കോടതിയുടെ അംഗീകാരം.
പ്രായപൂർത്തിയാകാത്തവരുടെ വിവാഹം സൗദിയിൽ ഒരു പ്രവണതയല്ല. ഇത്തരം വിവാഹങ്ങൾ നടക്കുന്ന പക്ഷം അത്തരം വിവാഹങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരം വിവാഹങ്ങൾ കുട്ടികളുടെ അവകാശ ലംഘനമാണ്. പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങൾ നടത്തുന്ന നിയമ ലംഘകർക്കെതിരെ ബാല സംരക്ഷണ നിയമം അനുസരിച്ച ശിക്ഷകൾ സ്വീകരിക്കുമെന്നും മുനീറ അൽ സുബൈഇ പറഞ്ഞു.