റിയാദ് - തുർക്കിയിലും സിറിയയിലും ഭൂകമ്പ കെടുതികൾക്കിരയായവർക്ക് ധനസഹായം സമാഹരിക്കാൻ ആരംഭിച്ച ജനകീയ കാമ്പയിനിലൂടെ ഇതുവരെ 44 കോടിയിലേറെ റിയാൽ ലഭിച്ചു. ഈ മാസം എട്ടിന് ബുധനാഴ്ച ഉച്ചക്കാണ് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലെ സാഹിം പ്ലാറ്റ്‌ഫോം വഴി ജനകീയ സംഭാവന ശേഖരണ കാമ്പയിൻ ആരംഭിച്ചത്. ഇന്നലെ രാവിലെ വരെ 44 കോടിയിലേറെ റിയാൽ സംഭാവനകളായി ലഭിച്ചു.
അതിനിടെ, സിറിയയിൽ ഭൂകമ്പ ബാധിത ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാനുള്ള റിലീഫ് വസ്തുക്കൾ വഹിച്ച ഇരുപതു ട്രെയിലറുകൾ ഇന്നലെ തുർക്കി, സിറിയ അതിർത്തി വഴി സിറിയയിൽ പ്രവേശിച്ചു. ഭക്ഷ്യവസ്തുക്കളും കമ്പിളിയും തമ്പുകളും മെഡിക്കൽ വസ്തുക്കളും അടക്കം ടൺ കണക്കിന് റിലീഫ് വസ്തുക്കൾ ഓരോ ലോറിയിലുമുണ്ട്. ഉത്തര സിറിയയിലെ ഏതാനും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ റിലീഫ് വസ്തുക്കൾ വിതരണം ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലും സൗദി അറേബ്യ ട്രക്കുകൾ വഴി ഉത്തര സിറിയയിൽ ടൺ കണക്കിന് റിലീഫ് വസ്തുക്കൾ എത്തിച്ചിരുന്നു. സിറിയയിലെ അലപ്പോ എയർപോർട്ട് വഴി വിമാന മാർഗവും സൗദി അറേബ്യ റിലീഫ് വസ്തുക്കൾ എത്തിച്ചിട്ടുണ്ട്.