റിയാദ് - വ്യത്യസ്ത വിഭാഗം വിദേശികള്‍ക്ക് സൗദിയില്‍ സ്വന്തം ഉടമസ്ഥതയില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങാന്‍ അവകാശമുള്ളതായി റിയല്‍ എസ്റ്റേറ്റ് മേഖലാ വിദഗ്ധന്‍ ഹസന്‍ ബിന്‍ ഇശ്ഖ് അല്‍അത്‌രീസ് വെളിപ്പെടുത്തി. സാദാ ഇഖാമ, ഇന്‍വെസ്റ്റര്‍ ഇഖാമ, ഡിപ്ലോമാറ്റിക് ഇഖാമ എന്നീ മൂന്നിനം ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സ്വന്തം പേരില്‍ റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങാവുന്നതാണ്. പ്രീമിയം ഇഖാമ ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്വന്തം പേരില്‍ റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങാന്‍ അവകാശമുണ്ട്.
പ്രീമിയം ഇന്‍വെസ്റ്റ്‌മെന്റ് ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് വ്യക്തി എന്ന നിലയിലല്ലാതെ നിക്ഷേപ കമ്പനിയുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങാവുന്നതാണ്. ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വഴിയാണ് സ്വന്തം പേരില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങാനുള്ള നടപടികള്‍ ഇത്തരക്കാര്‍ പൂര്‍ത്തിയാക്കേണ്ടത്.
സാദാ ഇഖാമയുള്ളവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴിയാണ് സ്വന്തം പേരില്‍ വില്ലയോ ഫഌറ്റോ പാര്‍പ്പിട ആവശ്യത്തിനുള്ള സ്ഥലമോ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് യൂനിറ്റുകള്‍ സ്വന്തം പേരില്‍ വാങ്ങാന്‍ സാദാ ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് അനുമതിയില്ല. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ വഴി മാത്രമാണ് ഇവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് യൂനിറ്റുകള്‍ സ്വന്തം പേരില്‍ വാങ്ങാന്‍ സാധിക്കുക.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബാങ്കുകളും കേന്ദ്ര ബാങ്ക് അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളും വഴി തവണ വ്യവസ്ഥയില്‍ റിയല്‍ എസ്റ്റേറ്റുകള്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതിയുണ്ട്. സ്വന്തം പേരില്‍ റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങുന്ന വിദേശികള്‍ക്ക് പ്രത്യേക നികുതിയൊന്നുമില്ല. പാര്‍പ്പിട ആവശ്യത്തിനുള്ള റിയല്‍ എസ്റ്റേറ്റ് യൂനിറ്റുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഡിസ്‌പോസല്‍ ടാക്‌സ് മാത്രമാണ് ഇവര്‍ അടക്കേണ്ടത്. സ്വന്തം പേരില്‍ വാങ്ങുന്ന പാര്‍പ്പിട യൂനിറ്റുകള്‍ വിദേശികള്‍ക്ക് ഈജാര്‍ നെറ്റ്‌വര്‍ക്ക് വഴി വാടകക്ക് നല്‍കാവുന്നതാണ്. ഒരു വിദേശിക്ക് ഒരു പാര്‍പ്പിട യൂനിറ്റു മാത്രമേ ഇങ്ങിനെ സ്വന്തം പേരില്‍ വാങ്ങാനും നിയമാനുസൃതം വാടകക്ക് നല്‍കാനും സാധിക്കുകയുള്ളൂ. മക്കയിലും മദീനയിലും വിദേശികള്‍ക്ക് സ്വന്തം ഉടമസ്ഥതയില്‍ റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങാന്‍ അനുമതിയില്ലെന്നും ഹസന്‍ ബിന്‍ ഇശ്ഖ് അല്‍അത്‌രീസ് പറഞ്ഞു.